അമൃത്‌സർ: പഞ്ചാബിലെ മുതിര്‍ന്ന കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന യോഗീന്ദര്‍ സിങ് മാന്‍ ആം ആദ്‌മിയിൽ ചേർന്നു. 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പാർട്ടിയിലേക്ക് എത്തിയ യോഗീന്ദറിനെ പഞ്ചാബിന്റെ ചുമതല വഹിക്കുന്ന രാഘവ് ചദ്ദ സ്വാഗതം ചെയ്‌തു.
മൂന്നു തവണ നിയമസഭാംഗവും ബിയാന്ത് സിങ്, രജീന്ദര്‍ കൗര്‍ ഭട്ടല്‍, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്നീ സര്‍ക്കാറുകളില്‍ മന്ത്രിയുമായിരുന്ന യോഗീന്ദര്‍ മാന്‍ നിലവില്‍ പഞ്ചാബ് ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനാണ്.
എസ്‍സി-പോസ്‌റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകളിൽ കോടിക്കണക്കിന് രൂപയുടെ കുംഭകോണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് യോഗീന്ദര്‍ രംഗത്ത് വന്നിരുന്നു. അതേസമയം പരിചയ സമ്പന്നനായ നേതാവിന്റെ വരവ് പഞ്ചാബിലെ പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് രാഘവ് ചദ്ദയുടെ പ്രതികരണം.
പഞ്ചാബ് നിയമസഭയില്‍ ഫെബ്രുവരി 14നാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.
Read also: പശ്‌ചിമ ബംഗാളിലെ ട്രെയിനപകടം; യന്ത്രത്തകരാർ മൂലമെന്ന് അധികൃതർ