കൊഴിഞ്ഞാമ്പാറ: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ആറ് ലക്ഷം രൂപ കവർന്ന സംഭവത്തിലെ പ്രധാന പ്രതി അറസ്‌റ്റിൽ. ആലത്തൂർ വാനൂർ ലക്ഷംവീട് അബ്‌ദുൽ ഹക്കീം (38) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ഹക്കീമിനെ ഇന്നലെ വൈകിട്ട് കോയമ്പത്തൂർ ഒത്തക്കൽ മണ്ഡപത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. 2018ൽ ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പൊള്ളാച്ചി സ്വദേശിയും പച്ചക്കറി വ്യാപാരിയുമായ പ്രഭുവിനെ തട്ടികൊണ്ടുപ്പോയി ആറ് ലക്ഷം രൂപ കവരുകയായിരുന്നു.
കേസിലെ രണ്ട് പ്രതികൾ 2018ലും ഒരാൾ 2021 ജൂലൈയിലും മറ്റൊരാൾ 2021 ഓഗസ്‌റ്റിലും അറസ്‌റ്റിലായിരുന്നു. വ്യാപാരിയെ കുതിരാനിൽ വെച്ചാണ് സംഘം തട്ടികൊണ്ടുപ്പോയത്. രാത്രി 1.30ന് ലിഫ്റ്റ് ചോദിച്ച സംഘം വ്യാപാരിയുടെ കാറിൽ കയറുകയായിരുന്നു. പിന്നീട് ഇയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന നാലര ലക്ഷം രൂപ കവരുകയായിരുന്നു. പിന്നീട് കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻ തോപ്പിലെത്തിച്ച് ഇയാളെ കെട്ടിയിട്ടു. തുടർന്ന് സംഘം വ്യാപാരിയുടെ വീട്ടിലേക്ക് വിളിച്ച് മോചിപ്പിക്കുന്നതിനായി പത്ത് ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് ഒന്നര ലക്ഷം രൂപ കൂടി നൽകിയാണ് വീട്ടുകാർ പ്രഭുവിനെ മോചിപ്പിച്ചത്. കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിൽ അന്നുതന്നെ പൊള്ളാച്ചി സ്വദേശികളായ നവാസ്, മാതേഷ് കുമാർ എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. തുടരന്വേഷണത്തിലാണ് മറ്റ് രണ്ട് പ്രതികളായ അമാനുള്ള, കെ അജിത് കുമാർ എന്നിവർ പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
Most Read: യമനിൽ എയർപോർട്ടിന് സമീപം ഭീകരാക്രമണം; 10 പേർ കൊല്ലപ്പെട്ടു