കോഴിക്കോട്: ബീച്ചിലെ അടപ്പിച്ച പെട്ടിക്കടകൾ വീണ്ടും തുറക്കാൻ അനുമതി നൽകിയതായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കടകൾ അടപ്പിച്ചതിനെ തുടർന്ന് വ്യാപാരികളും, സിഐടിയു യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ ചർച്ചയിലാണ് കടകൾ തുറക്കാൻ കോർപറേഷൻ അനുമതി നൽകിയത്. കഴിഞ്ഞ 15ന് ബീച്ചിലെ പെട്ടിക്കടയിൽ നിന്ന് അബദ്ധത്തിൽ ആസിഡ് കുടിച്ചു കുട്ടികൾക്ക് പൊള്ളലേറ്റതിനെ തുടർന്ന് കോർപറേഷൻ പരിധിയിലെ 53 കടകളിലാണ് അധികൃതർ പരിശോധന നടത്തിയത്.
തുടർന്ന് 12 കടകൾ താൽക്കാലികമായി അടപ്പിക്കുകയും, 8 കടകൾക്ക് നോട്ടിസ് നൽകുകയും ചെയ്‌തു. 17 കടകളിൽ നിന്നു മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ച 35 ലീറ്റർ ഗ്ളേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിനെതിരെ വ്യാപാരികളുടെ ഭാഗത്തു നിന്ന് പ്രതിഷേധം കനത്തതോടെയാണ് കോർപറേഷൻ ഇവരുമായി ഇന്ന് ചർച്ച നടത്തിയത്. അതേസമയം, കർശന നിയന്ത്രണത്തോടെയാണ് കടകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ വിവരങ്ങളും അതിന്റെ അളവും മറ്റ് വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയ ബോർഡ് കടയിൽ തൂക്കിയിടുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ കോർപറേഷൻ കച്ചവടക്കാർക്ക് നൽകിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. കടകൾ തുറക്കുന്നതിന് മുന്നോടിയായി പെട്ടിക്കടകളിലെ തൊഴിലാളികൾക്ക് കോർപറേഷൻ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ പ്രത്യേക ക്‌ളാസുകൾ നൽകി. കടകളിൽ പരിശോധനയും ശക്‌തമാക്കും.
ഭക്ഷണം ഉപ്പ് പിടിക്കാൻ ഉപയോഗിക്കുന്ന ലായനി കച്ചവടക്കാർ മൊത്തവിലക്കാണ് വാങ്ങുന്നത്. ഇത് ഇനിമുതൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ പ്രത്യേകം പരിശോധിക്കും. കച്ചവടക്കാരൊക്കെ സാധാരണക്കാരാണ്, അവരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശ്യമില്ല, പറ്റുമെങ്കിൽ ഇന്ന് തന്നെ കടകൾ തുറക്കാൻ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്നും മേയർ പറഞ്ഞു. കോഴിക്കോട് നിന്ന് നല്ല ഭക്ഷണം കഴിക്കാനും ബീച്ച് ആസ്വദിക്കാനുമാണ് ആളുകൾ എത്തുന്നത്. അപ്പോൾ നല്ല ഭക്ഷണം ഉറപ്പാക്കാൻ നമുക്ക് കഴിയണമെന്നും മേയർ നിർദ്ദേശം നൽകി.
Most Read: സംസ്‌ഥാനത്ത് നിലവിൽ ഷിഗല്ല സ്‌ഥിരീകരിച്ചിട്ടില്ല; ആരോഗ്യവകുപ്പ് മന്ത്രി