തിരുവനന്തപുരം: ദീർഘദൂര ബസുകൾ പുറപ്പെട്ടതിന് ശേഷവും ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യവുമായി കെഎസ്ആർടിസി. ബസ് ഓരോ സ്‌റ്റേഷനിലും എത്തുന്നതിന് പത്ത് മിനിറ്റ് മുൻപ് വരെ ഈ സേവനം ലഭ്യമാണ്. നിലവിൽ ബസ് യാത്ര ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെ മാത്രമേ ഓൺലൈൻ റിസർവേഷൻ സംവിധാനം ലഭ്യമാകൂ.
പുതിയ സംവിധാനത്തിന്റെ ഭാഗമായി ബസുകളിൽ ജിപിഎസ് ട്രാക്കിങ് ഒരുക്കും. ആൻഡ്രോയിഡ് സംവിധാനത്തിലെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ (ഇവിഎം) വഴിയാകും ഈ സേവനം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയുക. മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം.
അതിനൊപ്പം തന്നെ ദീർഘദൂരയാത്രകൾക്ക് ഒറ്റ ബസിൽ റിസർവേഷൻ ലഭ്യമായില്ലെങ്കിൽ രണ്ട് കണക്ഷൻ ബസുകളിലായി യാത്രചെയ്യാൻ സാധിക്കുന്ന ലിങ്ക് ടിക്കറ്റ് സംവിധാനവും കെഎസ്ആർടിസിയുടെ പരിഗണനയിലാണ്. തൃശൂർ, എറണാകുളം ബസ് സ്‌റ്റേഷനുകളാകും പ്രധാന കണക്‌ടിങ് പോയിന്റുകൾ.
ലിങ്ക് ടിക്കറ്റ് ഉപയോഗിക്കുന്ന യാത്രക്കാരന് അയാളുടെ ആദ്യയാത്ര കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം മാത്രമേ രണ്ടാമത്തെ യാത്ര ഷെഡ്യൂൾ ചെയ്യാൻ സാധിക്കുകയുള്ളൂ. ലിങ്ക് ടിക്കറ്റിലെ രണ്ട് സീറ്റുകൾക്കും കൂടി ഒരു സീറ്റിന്റെ റിസർവേഷൻ ചാർജ് നൽകിയാൽ മതി. ഒരു മാസത്തിനകം ഈ സംവിധാനം നടപ്പാക്കും.
Read Also: ധീരജ് വധക്കേസ്; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും