ലഖിംപൂര്‍ ഖേരി; അജയ് മിശ്രയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു

By Syndicated , Malabar News
lakhimpur-kheri
Ajwa Travels

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്ത സാഹചര്യത്തിൽ മിശ്രയുടെ രാജിക്ക് സമ്മര്‍ദ്ദമേറി. വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു. കർഷക കൊലപാതകം ആസൂത്രിതമായിരുന്നു എന്ന അന്വേഷണ റിപ്പോർട് പുറത്ത് വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടതും വിവാദമായി.

മന്ത്രി രാജിവെക്കില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യുപിയില്‍ അടക്കം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, ബിജെപി പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. ആശിഷ് മിശ്രയെ മന്ത്രിയും, മന്ത്രിയെ പ്രധാനമന്ത്രിയും സംരക്ഷിക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. മന്ത്രി പുത്രൻ നടത്തിയത് ആസൂത്രിത ഗൂഢാലോചനയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടും മന്ത്രിയെ പുറത്താക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്.

മറ്റു വിഷയങ്ങള്‍ മാറ്റിവെച്ച് ലോക്‌സഭയില്‍ ലഖിംപൂര്‍ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടിയന്തര നോട്ടീസ് നല്‍കി. എന്നാല്‍ സ്‌പീക്കര്‍ ഓം ബിര്‍ല വിഷയം ഉന്നയിക്കാന്‍ അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങി. ഡിഎംകെ, ഇടതു പാര്‍ട്ടികള്‍ തുടങ്ങിയവ നടുത്തളത്തിലിറങ്ങിയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് അതിനു തയ്യാറായില്ല.

അജയ് മിശ്ര അധികാരത്തില്‍ തുടരുമ്പോള്‍ ഇരകള്‍ക്ക് നീതി കിട്ടില്ലെന്നും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റ് നടപടികള്‍ തന്നെ നിര്‍ത്തിവെക്കുന്ന സാഹചര്യമാണെന്നും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാൽ സുപ്രീം കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടക്കുന്നുവെന്നിരിക്കേ, കോടതി മുമ്പാകെയുള്ള വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിക്കാന്‍ പറ്റില്ലെന്നാണ് സര്‍ക്കാർ നിലപാട്. മന്ത്രി അജയ് മിശ്ര രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ബിജെപി വാദിക്കുന്നു.

അതേസമയം മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന യുപി, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ മന്ത്രിയെയും മന്ത്രിപുത്രനെയും, ഒപ്പം ബിജെപിയെയും പ്രതിപക്ഷം വെറുതെ വിടില്ലെന്നാണ് നിരീക്ഷകർ സൂചിപ്പിക്കുന്നത്. ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂർവം ആയിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്. സ്‌ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്‌ഥിരീകരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേർത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു.

അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്ഐആര്‍ പുതുക്കിയത്. മറ്റ് 12 പ്രതികള്‍ക്കെതിരെയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Read also: ലഖിംപൂർ ഖേരി; മകനെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് കയർത്ത് കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE