ലാവ്‍ലിൻ കേസ് വീണ്ടും മാറ്റി; ജസ്‌റ്റിസ്‌ സിടി രവികുമാർ പിൻമാറി

കേസ് പരിഗണിക്കുന്നതിന് ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകൻ എംഎൽ ജിഷ്‌ണു സുപ്രീം കോടതി രജിസ്ട്രാറോട് കത്തിലൂടെ മൂന്നാഴ്‌ച സമയം തേടിയ സാഹചര്യത്തിലാണ് കേസ് മാറ്റിവെച്ചത്.

By Trainee Reporter, Malabar News
Lavalin Case
Representational Image
Ajwa Travels

ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഇത് 33ആം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുന്നത്. അസുഖബാധിതൻ ആയതിനാൽ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകൻ എംഎൽ ജിഷ്‌ണു സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. കത്തിലൂടെ മൂന്നാഴ്‌ച സമയം തേടിയ സാഹചര്യത്തിലാണ് കേസ് മാറ്റിയത്.

ഇരുപത്തൊന്നാമത്തെ കേസായി ലിസ്‌റ്റ് ചെയ്‌തിട്ടുള്ള ഹരജികൾ ജസ്‌റ്റിസുമാരായ എംആർ ഷാ, മലയാളിയായ സിടി രവികുമാർ എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്. അതിനിടെ, കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്‌റ്റിസ്‌ സിടി രവികുമാർ പിൻമാറി. കേസ് പരിഗണനക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്‌റ്റിസ്‌ സിടി രവി കുമാർ പറഞ്ഞു. താൻ പിൻമാറേണ്ടത് ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹം പിന്നീട് പിൻമാറുകയായിരുന്നു. സ്വയം കാരണം വിശദീകരിച്ചാണ് ഇദ്ദേഹം പിൻമാറിയത്.

ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയതിന് എതിരായ സിബിഐ ഹരജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്ക് എതിരെയുള്ള ഹരജിയുമാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. അതേസമയം, കേസ് തുടർച്ചയായി മാറ്റിവെക്കുന്നതിന് എതിരെ വാദിഭാഗത്തിന്റെ അഭിഭാഷകൻ കോടതിയിൽ പ്രതിഷേധം അറിയിച്ചു. ഇനി കേസിന്റെ തുടർനടപടികൾ പരിശോധിക്കുക ചീഫ് ജസ്‌റ്റിസ്‌ ആയിരിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ 32 തവണയാണ് ഹരജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിന് എതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ്‌ കെജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ എന്നിവരുടേതാണ് മറ്റു ഹരജികൾ. 374 കോടി കോടി രൂപയുടെ അഴിമതി ആരോപണമാണ് ലാവ്‍ലിനിൽ നിലനിൽക്കുന്നത്.

Most Read: പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE