പൊന്നാനി 12ആം വാർഡിൽ എൽഡിഎഫ്‌ ക്രൂരത; 12കാരന്റെ കാലെല്ലിന് പരിക്ക്, 15കാരിക്ക് മാനസികാഘാതം

By Desk Reporter, Malabar News
Ponnani LDF Attack
സാലിതയും ഭർത്താവും കുട്ടികളും ആശുപത്രിയിൽ

മലപ്പുറം: വിജയാഹ്ളാദ പ്രകടനമറവിൽ രാഷ്‌ട്രീയ എതിരാളിയുടെ വീട്ടിൽ അതിക്രമിച്ചു കയറി രണ്ടു കുട്ടികളെയും മാതാപിതാക്കളെയും ആക്രമിച്ച കേസിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ കാലിലെ എല്ലിന് പരിക്കുള്ളതായി സ്‌ഥിരീകരിച്ചു. ഈ കുട്ടിയുടെ സഹോദരിയുടെ കഴുത്തിൽ ‘മാലപടക്കം ചുറ്റുകയും’ അത് കത്തിക്കുമെന്നു പറഞ്ഞു ഭയപ്പെടുത്തിയും കളിയാക്കിയും പരിഹസിച്ചും കുട്ടികളെ ടോർച്ചർ ചെയ്‌തതായും ബന്ധുക്കൾ വെളിപ്പെടുത്തുന്നു.

ആശുപത്രിയിൽ നടന്ന പരിശോധനയിൽ 12കാരന്റെ കാലിൽ പൊട്ടൽ ഉണ്ടെന്നും 15കാരിക്ക് മനസിന് മുറിവേറ്റതായും ആശുപത്രി അധികൃതരും കുട്ടികളുടെ ബന്ധുക്കളും പറയുന്നു. പൊന്നാനി നഗരസഭയിലെ 12ആം വാർഡിലെ എൽഡിഎഫ് ആഹ്ളാദ പ്രകടനത്തിലാണ് ഈ ക്രൂരതകൾ നടന്നത്. കാലിൽ നാളെ പ്ളാസ്‌റ്റർ ചെയ്യേണ്ടി വന്നേക്കുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. കുട്ടിയും കുടുംബവും പൊന്നാനി സർക്കാർ ആശുപത്രിയിൽ തുടരുകയാണ്.

15കാരിയായ പെൺകുട്ടിയെ ശാരീരികമായും മാനസികമായും അക്രമിച്ചതായും പരിസരവാസികളും മാതാപിതാക്കളും പറയുന്നു. ഷോക്കിൽ നിന്ന് മോചനം നേടാത്ത പെൺകുട്ടി കൂടുതലായി ഒന്നും പറയുന്നില്ല. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ കണ്ണുകളിൽ ഭയം വ്യക്‌തമായി കാണാൻ കഴിയുന്നുണ്ട്. പെൺകുട്ടിയെ, ആഹ്‌ളാദ പ്രകടനത്തിൽ ഉണ്ടായിരുന്നവർ പിടിച്ചുനിറുത്തി ശരീരമാസകലം ‘മലപടക്കം’ ചുറ്റുകയും അത് പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും കുട്ടിയെ ശരീരത്തിൽ പിടിച്ചു ഉപദ്രവിച്ചെന്നും നിലത്തിട്ട് വലിക്കുകയും മറ്റും ചെയ്‌തെന്നും അതിന്റെ ഷോക്കിലാണ് പെൺകുട്ടിയെന്നും മാതാവും പറയുന്നു.

എൽഡിഎഫ്‌ ജയിച്ചാൽ കോൺഗ്രസ് കുടുംബമായ തങ്ങളെ അക്രമിക്കുമെന്ന് മുൻപ് തന്നെ സൂചന കിട്ടിയിരുന്നു. പക്ഷെ ഭയന്ന് ഓടാൻ തയ്യാറല്ലാത്തത് കൊണ്ടാണ് വീട്ടിൽതന്നെ തുടർന്നത്. ഇത്രയും ക്രൂരമായി പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നുമില്ല. മോളെ അവരുടെ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന കുട്ടികളുടെ പരിപാടികളിലേക്ക് പലതവണ വിളിച്ചിരുന്നു. മോള് പോയിരുന്നില്ല. എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ അനുവദിച്ചുമില്ല. ആ പ്രതികാരമാണ് അവർ ജയിച്ചപ്പോൾ തീർത്തത് മാതാവ് വ്യക്‌തമാക്കി.

കോൺഗ്രസ് പ്രവർത്തക എന്ന രീതിയിൽ അവരെന്നെ കളിയാക്കിയതും മറ്റും രാഷ്‌ട്രീയ സ്‌പിരിറ്റിൽ എടുക്കാം. പക്ഷെ എന്റെ മോളെയും മോനെയും ഞങ്ങളെയും ശാരീരികമായി അക്രമിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. അവർ ചെറിയ കുട്ടികളല്ലേ. അവരോട് ഈ ക്രൂരത കാണിക്കുമെന്ന് പ്രതീക്ഷിച്ചില്ല. 12 വയസുള്ള മോനെയും അവർ കുറെയേറെ ഉപദ്രവിച്ചു. പിടിച്ചുമാറ്റാൻ നോക്കിയ ഞങ്ങൾക്കും പരിക്കേറ്റു. ഇത്രയും ക്രൂരത ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല; അവർ കൂട്ടിച്ചേർത്തു.

നാളെ ബാലാവകാശ കമ്മീഷനെ അറിയിച്ചതിനു ശേഷം രണ്ടു കുട്ടികളെയും മനശാസ്‌ത്ര വിദഗ്‌ദരുടെ സഹായത്തോടെ കൗൺസിലിംഗിന് വിധേയമാക്കാനാണ് ബന്ധുക്കളുടെ തീരുമാനം. പോലീസിനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അവർ നാളെ മൊഴിയെടുക്കും എന്നാണ് പ്രതീക്ഷ. അതിനു ശേഷം മറ്റു നിയമനടപടികളിലേക്ക് കടക്കും; ബന്ധുക്കൾ പറഞ്ഞു.

Most Read: പൊന്നാനി ചുവന്ന് തന്നെ; ഭരണത്തുടർച്ച കൂടുതൽ കരുത്തോടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE