ഗാബ ടെസ്‌റ്റിൽ ഇന്ത്യക്ക് ഐതിഹാസിക വിജയം

By Staff Reporter, Malabar News
india-win-gabba-test
ഇന്ത്യൻ ടീമിന്റെ ആഹ്ളാദ പ്രകടനം
Ajwa Travels

ബ്രിസ്‌ബേൻ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്‌റ്റിൽ മൂന്ന് വിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് പരമ്പര. ഓസ്‌ട്രേലിയക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ അഞ്ചാം ദിനം ഇന്ത്യ ഇറങ്ങുമ്പോൾ ലോകം മുഴുവൻ കരുതിയത് ഒരു സമനില ആയിരുന്നു.

പേരുകേട്ട ഓസീസ് ബൗളർമാർക്ക് എതിരെ താരതമ്യേന പുതുമുഖങ്ങളായ ഇന്ത്യൻ താരങ്ങൾ എങ്ങനെ പിടിച്ചു നിൽക്കുമെന്നായിരുന്നു ക്രിക്കറ്റ് ലോകത്തെ ചോദ്യം. എന്നാൽ ആക്രമണവും, പ്രതിരോധവും സമന്വയിപ്പിച്ച പ്രകടനവുമായി ഇന്ത്യ ജയത്തിലേക്ക് നടന്നു കയറിയപ്പോൾ ചരിത്രം വഴി മാറുകയാണ്.

ഗാബ ടെസ്‌റ്റിൽ മൂന്ന് വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ ഓസീസിന് ഇത് മറക്കാനാഗ്രഹിക്കുന്ന പാരമ്പരയായും മാറി. ഗില്ലും, പൂജാരയും, പന്തും ബാറ്റുകൊണ്ട് വിസ്‌മയമായപ്പോൾ മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ എന്നിവർ ബൗളിംഗ് പ്രകടനങ്ങൾ കൊണ്ട് അമ്പരപ്പിച്ചു.

ഓസ്‌ട്രേലിയൻ മണ്ണിൽ ടീം ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ടെസ്‌റ്റ് പരമ്പര വിജയമാണ് ഇന്നത്തേത്. 138 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമായി പുറത്താവാതെ 89 റണ്‍സെടുത്ത റിഷഭ് പന്തിനാണ് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം. പാരമ്പരയിലാകെ 21 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് പരമ്പരയുടെ താരം.

വിരാട് കോലിയടക്കമുള്ള വമ്പന്‍ താരങ്ങളില്ലാതിരുന്നിട്ടും പരിക്കും വംശീയാധിക്രമണങ്ങളും അരങ്ങേറിയിട്ടും തളരാതെ പൊരുതിയ ഇന്ത്യൻ യുവനിര പിടിച്ചെടുത്തതാണ് ഈ വിജയം.

വിക്കറ്റ് നഷ്‌ടമില്ലാതെ നാല് എന്ന സ്‌കോറില്‍ അവസാന ദിനം തുടങ്ങിയ ഇന്ത്യ പ്രതീക്ഷിച്ച തുടക്കമല്ല ആദ്യ സെഷനില്‍ ലഭിച്ചത്. വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് നഷ്‌ടമായത്. എന്നാൽ മറുഭാഗത്ത് ഗിൽ തന്റെ പ്രതിഭ വെളിവാക്കുന്ന ഇന്നിംഗ്‌സാണ് പുറത്തെടുത്തത്.

pujara
ചേതേശ്വർ പൂജാര

146 പന്തിൽ 91 റൺസ് നേടിയ ഗിൽ ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചിരുന്നു. ടെസ്‌റ്റ് ക്രിക്കറ്റിന്റെ എല്ലാ മനോഹാരിതയും നിറഞ്ഞ ചേതേശ്വർ പൂജാരയുടെ ഇന്നിംഗ്‌സാണ് അക്ഷരാർഥത്തിൽ ഓസീസിനെ ജയത്തിൽ നിന്നും അകറ്റിയത്. ശരീരത്തിൽ മുഴുവൻ പന്ത് കൊണ്ടിട്ടും അക്ഷമനായി പോരാടിയ പൂജാര തോൽക്കില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കളം വിട്ടത്. 211 പന്തുകൾ നേരിട്ട പൂജാര 56 റൺസാണ് നേടിയത്.

നിയന്ത്രണം ഏറ്റെടുത്ത ഋഷഭ് പന്ത് 138 റൺസിൽ 89 റൺസ് നേടി ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. ഒമ്പത് ഫോറുകളും ഒരു സിക്‌സും അടങ്ങിയതാണ് പന്തിന്റെ ഇന്നിംഗ്‌സ്. ഏറെക്കാലം ഇന്ത്യൻ ക്രിക്കറ്റിന് ആഘോഷിക്കാനുള്ള വക നൽകിയ ഈ പരമ്പര ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുമെന്ന് ഉറപ്പാണ്.

Read Also: മുഷ്‌താഖ്‌ അലി ട്രോഫി; നിർണായക മൽസരത്തിൽ കേരളം ഇന്ന് ഹരിയാനയെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE