രാജ്യത്തെ ഏറ്റവും വലിയ റമദാന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് ഒരുങ്ങി മലപ്പുറം മഅ്ദിന്‍

By Malabar Desk, Malabar News
Malappuram Ma'din prepares for the biggest Ramadan prayer meeting in the country
Swalath Nagar Prayer (File Image)
Ajwa Travels

മലപ്പുറം: മക്ക, മദീന എന്നിവക്ക് ശേഷം ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ഥനാ വേദിയായ മലപ്പുറം സ്വലാത്ത് നഗർ ഇത്തവണ രാജ്യംകണ്ട ഏറ്റവും വലിയ റമദാന്‍ പ്രാര്‍ഥനാ സംഗമത്തിനാണ് ഒരുങ്ങുന്നതെന്ന് മഅ്ദിന്‍ അധികൃതർ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

Ma'din prepares for the biggest Ramadan prayer meeting in the country
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ

ലൈലത്തുല്‍ ഖദ്റിന്റെ പുണ്യം പ്രതീക്ഷിക്കുന്ന റമദാന്‍ 27ആം രാവില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രാര്‍ഥനാ സമ്മേളനം ഇത്തവണ മഅ്ദിന്‍ സ്വലാത്ത് നഗറില്‍ അതിവിപുലമായാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് ഭീതിയിലായിരുന്ന വിശ്വാസി സമൂഹത്തെ ഒരേ മനസും പ്രാർഥനയുമായി സ്വലാത്ത് നഗര്‍ ഒന്നിപ്പിക്കും.

വ്രതവിശുദ്ധിയുടെ നാളുകളിൽ ധന്യമായ നേതൃത്വത്തിന് കീഴിൽ ഒന്നായിനിന്ന് നടത്തുന്ന പ്രാർഥനകൾ സകല പ്രതിസന്ധികളെയും മറികടക്കാനുള്ള കരുത്തും ഊർജവും വിശ്വാസികൾക്ക് പ്രദാനം ചെയ്യും; മഅ്ദിന്‍ അധികൃതർ വ്യക്‌തമാക്കി. കോവിഡ് കാരണം മുടങ്ങിപ്പോയ ആത്‌മീയവും കാരുണ്യപരവുമായ ചൈതന്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ആത്‌മീയ വേദികളാണ് മഅ്ദിന്‍ ഒരുക്കുന്നത്.

Ma'din prepares for the biggest Ramadan prayer meeting in the country വൈജ്‌ഞാനിക സദസുകൾ, റിലീഫ്, പഠനക്യാമ്പുകള്‍, ഇഫ്‌താർ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകള്‍, നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കാനുള്ള ബോധവല്‍ക്കരണം, അനുസ്‌മരണ വേദികള്‍, സിയാറത്ത് യാത്രകള്‍ തുടങ്ങിയ പരിപാടികളാണ് മഅ്ദിന്‍ ഒരുക്കുന്നത്. സംഗമങ്ങളില്‍ മന്ത്രിമാര്‍, മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഭീകരതക്കും ലഹരി വിപത്തിനുമെതിരെ ജനലക്ഷങ്ങള്‍ ഒന്നിച്ച് സമ്മേളനത്തില്‍ പ്രതിജ്‌ഞയെടുക്കും. സമുദായ സൗഹാര്‍ദം ഉറപ്പുവരാത്താനും ദേശീയ മുഖ്യധാരക്കൊപ്പം സമുദായത്തെ ചേര്‍ത്ത് നിര്‍ത്താനും നിരന്തര പരിശ്രമവും ജാഗ്രതയും സയ്യിദ് ബുഖാരിയുടെ നേതൃത്വത്തില്‍ ദശാബ്‌ദങ്ങളായി നടത്തുവരുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിഘടന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവൽകരണവും ചടങ്ങില്‍ നടക്കും.

Ma'din prepares for the biggest Ramadan prayer meeting in the country

മഅ്ദിന്‍ ചെയര്‍മാനും കേരളാ മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ പരിപാടി ഉൽഘാടനം ചെയ്യും. സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.

പ്രാര്‍ഥനാ സമ്മേളനത്തിന് എത്തുന്ന എല്ലാവർക്കും സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്‌താർ ഒരുക്കും. രാജ്യത്ത് തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കുമിത്. ഇസ്‌ലാമിന്റെ സമഭാവനയുടെ സന്ദേശം നല്‍കുന്ന ഇഫ്‌താർ പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചാണ് സജ്‌ജീകരിക്കുന്നത്. റമളാന്‍ 27ആം രാവില്‍ ഇഫ്‌താര്‍ സംഗമത്തോടെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും.

Ma'din prepares for the biggest Ramadan prayer meeting in the country

തറാവീഹ് നിസ്‌കാരം, തസ്ബീഹ് നിസ്‌കാരം, പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ഥന, മഹാത്‌മാക്കളെ അനുസ്‌മരിച്ചുള്ള പ്രാർഥന, ഹൃദയവും മനസും സമർപ്പിച്ചുള്ള സമാപന പ്രാര്‍ഥന എന്നിവയാണ് ഈ വിശുദ്ധ സംഗമത്തിലെ പ്രധാന ആത്‌മീയ പരിപാടികൾ. മഅ്ദിന്‍ കാമ്പസില്‍ എല്ലാ മാസവും സംഘടിപ്പിക്കുന്ന സ്വലാത്ത് പ്രാര്‍ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണിത്.

റമദാന്‍ ഒന്ന് മുതല്‍ യാത്രക്കാര്‍, ആശുപത്രികളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങി ആയിരങ്ങള്‍ക്ക് സ്വലാത്ത് നഗറില്‍ വിപുലമായ നോമ്പ് തുറയൊരുക്കും. ഈ മാസം 28ന് റമദാന്‍ ക്യാമ്പയിന് തുടക്കം കുറിക്കും. 30ന് ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പണ്ഡിത സമ്മേളനവും നടക്കും. സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാർ ഉൽഘാടനം ചെയ്യും. സമസ്‌ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല അബ്‌ദുൽ ജലീല്‍ സഖാഫി വിഷയാവതരണം നടത്തും. 31ന് വൈകുന്നേരം ആറിന് ‘മര്‍ഹബന്‍ റമദാന്‍’ പരിപാടി സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉൽഘാടനം നിർവഹിക്കും.

Sayyid Ibraheem Khaleel Al Bukhari
സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

പ്രാര്‍ഥനാ സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും വിജയത്തിനായി സയ്യിദ് അലി ബാഫഖി തങ്ങള്‍ ചെയര്‍മാനും ചാലിയം എപി അബ്‌ദുൽ കരീം ഹാജി ജനറല്‍ കണ്‍വീനറായും ഈത്തപ്പഴം ബാവ ഹാജി ഫിനാന്‍സ് സെക്രട്ടറിയായും 5555 അംഗ സ്വാഗതസംഘം രൂപവൽകരിച്ചിട്ടുണ്ട്.

പരിപാടിയുടെ സംഘാടകരായ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്‌പാനിഷ്‌, ജര്‍മന്‍, ഫ്രഞ്ച് അടക്കമുള്ള ഫോറീന്‍ ലാംഗ്വേജ് സെന്റര്‍, സിവില്‍ സര്‍വീസ് അക്കാദമി, പിഎസ്‌സി കോച്ചിംഗ് സെന്റര്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങി 46 വിവിധ സ്‌ഥാപനങ്ങളിലായി കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.

Madin-ramadan-Prayer-Conference_2022ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ ന്യൂനപക്ഷ പദവിയും ആസ്ട്രേലിയ, യുകെ, മലേഷ്യ, സ്‌പെയിന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്‌ത യൂണിവേഴ്‌സിറ്റികളുടെയും അക്കാദമിക് സ്‌ഥാപനങ്ങളുടെയും സഹകരണവുമുണ്ട്. പത്രസമ്മേളനത്തിൽ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, എ സൈഫുദ്ധീന്‍ ഹാജി തിരുവനന്തപുരം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

പ്രാര്‍ഥനാ സമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 96331 588 22, 9645 338 343, www.madin.edu.in.

Most Read: ഹിജാബ് അനുകൂല പ്രകടനവുമായി ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE