തിരുവനന്തപുരം : എൻസിപി നേതാവ് മാണി സി കാപ്പൻ ഇടത് മുന്നണി വിട്ടതായി വ്യക്‌തമാക്കി രംഗത്ത്. കൂടാതെ ഇനിമുതൽ യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. മുന്നണിമാറ്റം സംബന്ധിച്ച അന്തിമതീരുമാനം ഇതുവരെ കേന്ദ്ര നേതൃത്വം അറിയിച്ചിട്ടില്ല. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറും, പ്രഭുൽ പട്ടേലും തമ്മിൽ ചർച്ചകൾ നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ താൻ പങ്കെടുക്കുമെന്നും മാണി സി കാപ്പൻ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. കൂടാതെ തന്നോടൊപ്പമുള്ള എൻസിപി നേതാക്കളും യുഡിഎഫിൽ ചേരും. ഒൻപത് സംസ്‌ഥാന ഭാരവാഹികൾ, അഖിലേന്ത്യാ സെക്രട്ടറി, ഏഴ് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ തന്റെ കൂടെ ഉണ്ടാകുമെന്ന് കാപ്പൻ അറിയിച്ചു. ഒപ്പം തന്നെ പാലായിലെ എൽഡിഎഫ് പ്രവർത്തകരും തനിക്കൊപ്പമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ദേശീയ നേതൃത്വം തനിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും, അല്ലാത്ത സാഹചര്യത്തിലും ഇപ്പോൾ എംഎൽഎ സ്‌ഥാനം രാജി വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും, അതിൽ തനിക്ക് 101 ശതമാനം വിശ്വാസം ഉണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also : വയനാട് പാക്കേജ്; പ്രതീക്ഷയോടെ കർഷകർ; കാപ്പി കൃഷിയിലൂടെയുള്ള മുന്നേറ്റം ലക്ഷ്യം