ന്യൂഡെൽഹി: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. സംസ്‌ഥാനത്തിന്റെ പലയിടങ്ങളിലും സംഘർഷം തുടരുകയാണ്. അതിനിടെ, വീടുകൾക്ക് തീയിട്ട 22 പേർ അടക്കമുള്ള അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരിൽ നിന്നായി ചെനീസ് ഗ്രെനേഡും വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. ഇന്നലെ രാത്രി ഇംഫാലിലെ സെരോയ് സുഗുണു മേഖലയിൽ ഉണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്‌ഥർ അഞ്ചുപേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഇതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. ഓട്ടോമാറ്റിക് ആയുധങ്ങൾ അടക്കം ഉപയോഗിച്ച് അക്രമം നടത്തിയവരാണ് ഇവരെന്ന് സൈന്യം പറയുന്നു. സൈന്യവും പോലീസും നടത്തിയ തിരച്ചിലിലാണ് ന്യൂ ചെക്കോൺ മേഖലയിൽ നിന്നും മൂന്ന് പേരെ ചൈനയിൽ നിർമിച്ച ഗ്രെനേഡും മറ്റു ആയുധങ്ങളുമായി പിടികൂടിയത്. സംസ്‌ഥാനങ്ങളിൽ സൈന്യത്തിന്റെ തിരച്ചിൽ തുടരുകയാണ്.
അതേസമയം, തങ്ങളെ ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുകയാണെന്നാണ് കുക്കി വിഭാഗക്കാർ ആരോപിക്കുന്നത്. ഗ്രാമങ്ങൾക്ക് കാവൽ നിന്നവരെ കമാൻഡോകൾ അർധരാത്രി പിടികൂടി വെടിവെച്ചു കൊന്നതായും കുക്കി വിഭാഗക്കാർ പറഞ്ഞു. അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ എത്തിയിട്ടുണ്ട്. ആക്രമണം ഉണ്ടായ മേഖലകൾ അമിത് ഷാ സന്ദർശിക്കും. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ചു സമാധാന ശ്രമങ്ങൾ നടത്തുകയാണ് ലക്ഷ്യം.
അതേസമയം, മണിപ്പൂർ കലാപത്തിൽ രാഷ്‌ട്രപതിയുടെ ഇടപെടൽ തേടാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘം നാളെ രാഷ്‌ട്രപതിയെ കാണും. കേന്ദ്ര സർക്കാർ കാഴ്‌ചക്കാരായി മാറിയെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കലാപം തുടരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
Most Read: കർണാടക തിരഞ്ഞെടുപ്പ് വിജയം മധ്യപ്രദേശിലും ആവർത്തിക്കും; രാഹുൽ ഗാന്ധി