തിരുവനന്തപുരം: കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോർജിനെതിരെ നടന്ന ആക്രമണം അപലപനീയമെന്ന് വ്യക്‌തമാക്കി മന്ത്രി സജി ചെറിയാൻ. കൂടാതെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താരത്തോട് മാപ്പ് പറയാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
സമരങ്ങളെ പൂർണമായും നിരാകരിച്ചുകൊണ്ടുള്ള രാഷ്‌ട്രീയ പ്രവർത്തനം സാധ്യമല്ലെന്നും, എന്നാൽ അവ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചാൽ അവർക്കും തിരികെ പ്രതിഷേധം ഉയർത്താൻ അവകാശം ഉണ്ടെന്ന കാര്യം രാഷ്‌ട്രീയ കക്ഷികൾ മറക്കരുതെന്നും സജി ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി. കൂടാതെ സമരത്തിൽ പ്രതിഷേധം അറിയിച്ച ജോജുവിനെ വെല്ലുവിളിക്കുകയും, വാഹനം തകർക്കുകയും ചെയ്‌ത നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയോടെയാണ് ഇടപ്പള്ളി വൈറ്റിലയിലെ ദേശീയപാതയിൽ ഇന്ധനവില വർധനക്കെതിരെ യൂത്ത് കോൺഗ്രസ് വഴി തടയൽ സമരം നടത്തിയത്. തുടർന്ന് ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഗതാഗതക്കുരുക്കിൽ പെട്ട ജോജു പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേതുടർന്ന് കോൺഗ്രസ് നേതാക്കൾ ജോജുവുമായി വാക്കേറ്റം ഉണ്ടാകുകയും, താരത്തിന്റെ വാഹനം തകർക്കുകയും ചെയ്യുകയായിരുന്നു.
Read also: കോൺഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി; ജോജുവിന്റെ വീടിന് പോലീസ് സുരക്ഷ