തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കേരള സംസ്‌ഥാന സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന വിവാദപരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ടു അലൻസിയറിനെ ഇന്റർവ്യൂ ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകയോടാണ് അദ്ദേഹം മോശം പെരുമാറ്റം നടത്തിയത്. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്‌പി ഡി ശിൽപ്പയോട് റിപ്പോർട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. സംസ്‌ഥാന ചലച്ചിത്ര അവാർഡ് വിതരണ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്‌ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലൻസിയർ പരാമർശം നടത്തിയത്.
‘അവാർഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നായിരുന്നു നിറഞ്ഞ സദസിന് മുന്നിൽ അദ്ദേഹം പ്രതികരിച്ചത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പ് ഉണ്ടെങ്കിൽ അവാർഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാർഡ് സ്വീകരിച്ചതിന് ശേഷം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് ഉചിതമായില്ല’- പി സതീദേവി വ്യക്‌തമാക്കി.
ഈ സംഭവത്തിന് ശേഷം പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലെ മുഴുവൻ ആളുകളും പ്രതീക്ഷിച്ചത്. എന്നാൽ, അത് ഉണ്ടായില്ലെന്ന് മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാദ്ധ്യമ പ്രവർത്തകയോട് തികച്ചും മ്ളേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലൻസിയർ സംസാരിച്ചത്. ചാനൽ പ്രവർത്തകയായ പെൺകുട്ടിയോട് ഇത്തരത്തിൽ അവഹേളിച്ചു കൊണ്ട് സംസാരിച്ചതിനെതിരെ നൽകിയ പരാതിയിൽ അലൻസിയറിനെതിരെ തിരുവനന്തപുരം റൂറൽ എസ്‌പി കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും വനിതാ കമ്മീഷൻ ഇത് സംബന്ധിച്ച് റിപ്പോർട് ആവശ്യപ്പെട്ടതായും പി സതീദേവി പറഞ്ഞു.
Most Read| ‘കനേഡിയൻ പ്രതിനിധി 5 ദിവസത്തിനകം ഇന്ത്യ വിടണം’; തിരിച്ചടിച്ചു ഇന്ത്യ