ദോഹയിലെ മലയാളം താരനിശ റദ്ദാക്കി; കാരണം പണമിടപാട് തർക്കം

ദോഹയിലെ താരനിശ റദ്ദാക്കിയതിന് കാരണം ഇവന്റ് കമ്പനിയും ആർട്ടിസ്‌റ്റുകളും വേദിയുടെ അധികാരികളും തമ്മിലുള്ള പണമിടപാട് തർക്കമാണെന്നും വാർത്ത

By Central Desk, Malabar News
Mollywood Magic Show Cancelled
Rep. Image
Ajwa Travels

ദോഹ: മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ഖത്തറിലെ ദോഹയിൽ നടക്കേണ്ടിയിരുന്ന താരനിശ അവസാന നിമിഷം റദ്ദാക്കി.

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നൂറോളം നടീനടന്മാർ വ്യാഴാഴ്‌ച എത്തി റിഹേഴ്‌സൽ പൂർത്തിയാക്കി സ്‌റ്റേഡിയത്തിലേക്കു തിരിക്കുന്നതിനു തൊട്ടുമുൻപാണ് അറിയിപ്പ് എത്തിയത്. സ്‌റ്റേജ്‌, ശബ്‌ദ സംവിധാനം എന്നിവ ഒരുക്കിയെങ്കിലും സ്‌റ്റേഡിയത്തിന്റെ വാടക പൂർണമായി കൊടുക്കാത്തതിനാൽ ഗേറ്റ് തുറന്നു കൊടുത്തില്ല.

പൊലീസ് എത്തിയാണ് കാണികളെ പിരിച്ചുവിട്ടത്. പണമിടപാട് തർക്കങ്ങളാണ് ചടങ്ങ് മുടങ്ങാൻ കാരണമായത്. സാങ്കേതിക കാരണങ്ങളാൽ ചടങ്ങ് റദ്ദാക്കിയെന്നും ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകുമെന്നും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘91’ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. നാദിർഷ, ഇടവേള ബാബു, രഞ്ജിത് എന്നിവരായിരുന്നു ഷോ ഡയറക്‌ടർമാർ. അപ്രതീക്ഷിത സാഹചര്യത്തിലാണ് ഷോ ഉപേക്ഷിച്ചതെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോ. പ്രസിഡണ്ട് ആന്റോ ജോസഫ് പറഞ്ഞു.

മോളിവുഡ് മാജിക് എന്ന പേരിലുള്ള പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുൻപാണ് ‌റദ്ദാക്കിയത്. തുടക്കം മുതലേ സ്‌റ്റേജ്‌ ഷോയ്‌ക്ക്‌ പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെന്നാണ് ഷോയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഖത്തറിലെ ഫിഫ ലോക കപ്പ് ഫുട്‌ബോളിന്‍റെ വേദികളില്‍ ഒന്നായിരുന്ന, സ്‌റ്റേഡിയം 974ൽ ആയിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. നേരത്തെ, 2023 നവംബര്‍ 17ന് ദോഹയില്‍ ഷോ നടത്തുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇസ്രയേല്‍-പലസ്‌തീൻ യുദ്ധത്തിന്‍റെ പശ്‌ചാത്തലത്തില്‍ അന്നും ഷോ മാറ്റിവെച്ചിരുന്നു.

മമ്മൂട്ടിയേയും മോഹൻലാലിനെയും കൂടാതെ, പൃഥ്വിരാജ്, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അർജുൻ അശോകൻ, ഇന്ദ്രജിത്, നിഖില വിമൽ, ഹണി റോസ്, മല്ലിക സുകുമാരൻ, ശ്വേതാ മേനോൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, ധര്‍മജൻ ബോൾഗാട്ടി, സ്വാസിക തുടങ്ങിയ വൻ താര നിര പരിപാടിയുടെ റിഹേഴ്‌സലിനായി ദിവസങ്ങൾ ചെലവഴിച്ചിരുന്നു. അതേസമയം, ഷോ മുടങ്ങിയത് കാര്യകാരണ സഹിതം വ്യക്‌തതയോടെ വിശദീകരിക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കുന്നില്ല.

MOST READ | സിദ്ധാർഥന്റെ മരണം സിബിഐയ്‌ക്ക് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE