ന്യൂഡെൽഹി: റിയൽ എസ്‌റ്റേറ്റ് വ്യവസായിയും ഐആര്‍ഇഒ ഗ്രൂപ്പ് ചെയർമാനുമായ ലളിത് ഗോയലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്‌റ്റ്. ഡെൽഹി വിമാനത്താവളത്തിൽ ഗോയലിനെ തടഞ്ഞുവെച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇഡി അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഗോയലിന് എതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്‌ഥാനത്തിൽ കഴിഞ്ഞയാഴ്‌ച ഡെൽഹി വിമാനത്താവള അധികൃതർ ഇയാളെ തടഞ്ഞുവച്ചിരുന്നു. പിന്നീട് ഇഡി ലളിത് ഗോയലിനെ നാല് ദിവസത്തോളം ചോദ്യം ചെയ്‌തു. ചണ്ഡീഗഢിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലും അറസ്‌റ്റും ഉണ്ടായത്. ചണ്ഡീഗഢിലേക്ക് കൊണ്ട് പോകുന്ന ഗോയലിനെ അതിന് ശേഷം കോടതിയില്‍ ഹാജരാക്കും.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘന കേസിൽ ലളിത് ഗോയലിന്റെ ഐആര്‍ഇഒ ഗ്രൂപ്പിന് എതിരെയും ഇഡി അന്വേഷണം നടക്കുന്നുണ്ട്. അമേരിക്ക ആസ്‌ഥാനമായുള്ള നിക്ഷേപക കമ്പനികളും ലളിത് ഗോയലിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഐആര്‍ഇഒ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 2018-19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം കമ്പനി 500 കോടി രൂപയുടെ നഷ്‌ടത്തിലാണ്. കമ്പനിക്കെതിരെ നിയമ നടപടിക്കായി നിക്ഷേപകര്‍ അധികാര കേന്ദ്രങ്ങളെ സമീപിച്ചിരുന്നെങ്കിലും അതിനു മുന്‍പ് തന്നെ കമ്പനിയുടെ ആസ്‌തി മറ്റ് ട്രസ്‌റ്റുകളിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
Most Read: ഇന്ധനവിലയിൽ മാറ്റമില്ലേ? സംസ്‌ഥാന സർക്കാരുകളോട് ചോദിക്കൂ; നിർമല സീതാരാമൻ