തിരുവനന്തപുരം: സംസ്‌ഥാനത്ത് തീയേറ്റർ തുറക്കലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം തിയേറ്റർ ഉടമകൾ. നിലവിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് തിയേറ്ററുകളിൽ പ്രവേശന അനുമതി ഉള്ളത്. അതിനാൽ തന്നെ ഇത് തിരിച്ചടിയാകുമെന്നാണ് ഇവർ വിലയിരുത്തുന്നത്.
കൂടാതെ വിനോദ നികുതി ഒഴിവാക്കണമെന്നും, സെക്കൻഡ് ഷോയുടെ കാര്യത്തിൽ വ്യക്‌തത വേണമെന്നും ഒരു വിഭാഗം തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. ഇതിന് ശേഷം മാത്രം മതി തിയേറ്റർ തുറക്കൽ എന്നാണ് ഇവർ വ്യക്‌തമാക്കുന്നത്. സംസ്‌ഥാനത്ത് നിലവിൽ കോവിഡ് കണക്കുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് 25ആം തീയതി മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗം അനുമതി നൽകിയത്.
തിയേറ്ററുകളിൽ 50 ശതമാനം സീറ്റുകളിൽ ആളുകൾക്ക് പ്രവേശനം നൽകിക്കൊണ്ടായിരിക്കും തുറന്നു പ്രവർത്തിക്കുക. ഇക്കാര്യം നേരത്തെ തന്നെ തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകൾ തുറക്കുകയുള്ളൂ എന്ന് മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ വിനോദ നികുതിയിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
Read also: സിപിഐ ദേശീയ കൗൺസിൽ യോഗം; കനയ്യ കുമാർ പാർട്ടി വിട്ടത് ചർച്ചയാകും