മാനന്തവാടി: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസുകാരൻ മരിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തംഗം പേര്യ കൈപാണി റഫീഖിന്റെയും നസീമയുടെയും മകൻ പേര്യ ഹൈസ്കൂൾ ഒൻപതാം തരം വിദ്യാർത്ഥി മുഹമ്മദ് സിയാദ് (13) ആണ് മരണമടഞ്ഞത്. ഞായറാഴ്ച വൈകുന്നേരമാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടമാക്കിയതിനെ തുടർന്ന് മാനന്തവാടി ജില്ലാശുപത്രി സാറ്റലൈറ്റ് കേന്ദ്രമായ വിൻസന്റ് ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു.
കോവിഡ് രോഗമുക്തി നേടി ദിവസങ്ങൾക്ക് ശേഷം ഇന്നലെ മരണമടഞ്ഞ നാട്ടുകാരനായ റെജിയുടെ (46) വേർപാട് സിയാദിനെ മാനസികമായ് തളർത്തിയിരുന്നതായ് ബന്ധുക്കൾ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റെജിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാൻ സാധിച്ചിരുന്നില്ല. കോർപ്പറേഷന് കീഴിലുള്ള വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കാനാണ് തീരുമാനിച്ചത്. ഈ വിവരങ്ങളെല്ലാം സിയാദിനെ അലട്ടിയിരുന്നതായി ബന്ധുക്കൾ കൂട്ടിച്ചേർത്തു. വൈകുന്നേരമായതോടു കൂടി അവശനായി കണ്ട സിയാദിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കോവിഡ് രോഗിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗമുക്തി നേടിയശേഷമാണ് ഓട്ടോഡ്രൈവറും സിയാദിന്റെ നാട്ടുകാരനുമായ തുണ്ടത്തിൽ വീട്ടിൽ റെജി മരിച്ചത്. എന്നാൽ, റിപ്പോർട്ട് വന്നതിനുശേഷമേ കോവിഡ് മരണമാണോ എന്നതിൽ സ്ഥിരീകരണം നൽകാനാകു എന്നതാണ് അധികൃതരുടെ നിലപാട്. റെജിയുടെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും റെജിയോടൊപ്പം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തരായതിനുശേഷമാണ് റെജിയുടെ വിയോഗം. ജൂലൈ 30ന് രോഗമുക്തി നേടിയ റെജിയുടെ മരണം വയറിനുള്ളിലുണ്ടായ രക്തസ്രാവമാണെന്നാണ് പ്രാഥമിക നിഗമനം.
സിയാദിന്റെ സഹോദരങ്ങൾ : റാസിഖ്, ആസിഫ്.