കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 84,600 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. അനുബന്ധ കുറ്റപത്രം കൂടി ഉടൻ നൽകുമെന്നാണ് റിപ്പോർട്. അതേസമയം, കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അഗസ്‌റ്റിൻ സഹോദരങ്ങളടക്കം 12 പ്രതികളാണുള്ളത്.
420 സാക്ഷികൾ, 900 രേഖകളും കുറ്റപത്രത്തിലുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. റോജി അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസൂട്ടി അഗസ്‌റ്റിൻ, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, വില്ലേജ് ഓഫീസർ കെകെ അജി, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരാണ് കേസിലെ പ്രതികൾ.
കേസിൽ താനൂർ ഡിവൈഎസ്‌പി വിവി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ മീനങ്ങാടി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് റവന്യൂ വകുപ്പ് നടപടി തുടങ്ങിയത്. 104 മരങ്ങളാണ് മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി റോജി അഗസ്‌റ്റിനും സഹോദരങ്ങളും ചേർന്ന് മുറിച്ചു മുറിച്ചു കടത്തിയത്. 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചത്. ഇതിൽ വനംവകുപ്പ് പിടിച്ചെടുത്തവ കുപ്പാടിയിലെ വനംവകുപ്പിന്റെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read| കണ്ണൂർ വിസി പുനർനിയമനം; മന്ത്രി ആർ ബിന്ദുവിനെ പുറത്താക്കണം- മുഖ്യമന്ത്രിക്ക് കത്ത്