കോട്ടയം: പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്. സമൂഹത്തിൽ വിഭാഗീയത സൃഷ്‌ടിക്കുന്ന ഒരു നിലപാടിനേയും യൂത്ത് കോൺഗ്രസ് പിന്തുണക്കില്ല. ഇത്തരം നീക്കങ്ങളെ ശക്‌തമായി എതിർക്കും. ഏത് വിഷയത്തിലാണെങ്കിലും സംഘടനാ നിലപാട് വ്യക്‌തമാക്കേണ്ടത് സംസ്‌ഥാന നേതൃത്വമാണെന്നും യൂത്ത് കോൺഗ്രസ് സംസ്‌ഥാന നേതൃത്വം പ്രതികരിച്ചു.
ബിഷപ്പിന്റെ പരാമർശത്തെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ഇന്നലെ രംഗത്തെത്തിയിരുന്നു. ബിഷപ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും അദ്ദേഹത്തെ വേട്ടയാടാൻ അനുവദിക്കില്ലെന്നും മണ്ഡലം പ്രസിഡണ്ട് തോമസ് ആർവി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഖ്യാപിച്ചു.
വിഷയത്തിൽ നീതിയുക്‌തമായ അന്വേഷണം നടത്തി യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്ന് മണ്ഡലം പ്രസിഡണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സംസ്‌ഥാന നേതൃത്വം രംഗത്തെത്തിയത്.
കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നാർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നു എന്നായിരുന്നു ബിഷപ്പിന്റെ പരാമർശം. കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്നും, ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും, ആയുധം ഉപയോഗിക്കാനാകാത്ത സ്‌ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ബിഷപ്പ് മാർ ജോസഫ് തന്റെ പ്രസംഗത്തിലൂടെ ആരോപിച്ചു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ബിഷപ്പ് നൽകിയിരുന്നു. ഇതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം വൻ പ്രതിഷേധമാണ് ഉയരുന്നത്.
Also Read: ‘രേഖകളെല്ലാം ഇഡിയ്‌ക്ക് കൈമാറി’; ചന്ദ്രിക കള്ളപ്പണ ഇടപാടില്‍ മൊഴി നൽകി ജലീൽ