നവവധുവിന്റെ ആത്‍മഹത്യ: മധ്യസ്‌ഥ ചർച്ച നടത്തലല്ല പോലീസ് ചെയ്യേണ്ടത്; ബന്ധു

By Desk Reporter, Malabar News
man killed in lorry accident; The driver committed suicide
Representational Image
Ajwa Travels

കൊച്ചി: പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി ആലുവയിൽ ആത്‍മഹത്യ ചെയ്‌ത നവവധുവിന്റെ ബന്ധു. പരാതി നൽകുമ്പോൾ പ്രതികളെ വിളിച്ചുവരുത്തി മധ്യസ്‌ഥ ചർച്ച നടത്തുകയല്ല പോലീസ് ചെയ്യേണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു. മധ്യസ്‌ഥ ചർച്ച കഴിഞ്ഞെത്തിയ യുവതി വളരെ അസ്വസ്‌ഥയായിരുന്നു എന്നും അതാവാം ആത്‍മഹത്യയിലേക്ക് നയിച്ചതെന്നും ഇദ്ദേഹം പറയുന്നു.

കുട്ടി വരുന്ന വഴിയെല്ലാം കരയുകയായിരുന്നു എന്നാണ് പിതാവ് പറഞ്ഞത്. കുട്ടി സ്‌ത്രീധന നിരോധന നിയമപ്രകാരമാണ് പരാതി നൽകിയത്. ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് സീനിയർ കൗൺസിൽ വിധിയെഴുതിയ, പിരിഞ്ഞിരിക്കുന്ന രണ്ട് പേരെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച ചെയ്യുന്ന ഈ പ്രവണത ചോദ്യം ചെയ്യണം. കോടതിയോ, കുടുംബകോടതിയോ, കൗൺസിലറോ എങ്കിലും തീരുമാനിക്കേണ്ട കാര്യം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനെ എതിർക്കണം. സിഐ ഇവരെ വിളിച്ചുവരുത്തി മധ്യസ്‌ഥ ശ്രമം നടത്തുന്നത് തന്നെ തെറ്റാണ്; അദ്ദേഹം പറയുന്നു.

പെൺകുട്ടിയെ പ്രകോപിതയാക്കുന്ന സംഭാഷണങ്ങൾ നടന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അവൾ നിയമ വിദ്യാർഥിനിയാണ്. അവൾക്ക് നിയമം അറിയാം. കേസെടുത്ത് പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയായിരുന്നു വേണ്ടത്. തന്റെ സാന്നിധ്യത്തിൽ ഇത് തീരുമെന്ന് കരുതുകയല്ല പോലീസ് ചെയ്യേണ്ടത്. ഭർതൃപീഡന പരാതിയിൽ പോലീസ് ഒരു നടപടിയും എടുത്തില്ല; അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ വീഴ്‌ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ സിഐയെ സ്‌റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

സംഭവത്തിൽ ഭർത്താവിനെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവീൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്‌തു. തുടർന്ന് ആലുവ ഡിവൈഎസ്‌പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി.

ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിന്റെയും വീട്ടുകാരെ മധ്യസ്‌ഥ ചർച്ചയ്‌ക്ക്‌ വിളിച്ചിരുന്നു. ചർച്ചക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്ന് യുവതി ആത്‍മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ ചർച്ചക്കിടെ യുവതി ഭർത്താവിനോട് കയർത്തപ്പോൾ വഴക്കു പറയുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം.

Most Read:  മോഡലുകളുടെ മരണം; ഡിജെ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE