പൂരനും ഗെയ്‌ലും കൊടുങ്കാറ്റായി; കരീബിയൻ കരുത്തിൽ പഞ്ചാബ്

By Sports Desk , Malabar News
Ajwa Travels

ദുബായ്: നിക്കോളാസ് പൂരന്റെയും ക്രിസ് ഗെയ്‌ലിന്റെയും തകർപ്പൻ അടികൾക്കു മുൻപിൽ ശിഖർ ധവാന്റെ സെഞ്ചുറി പാഴായ ദിവസം ഡൽഹി ക്യാപിറ്റൽസിന് എതിരേ കിങ്സ് ഇലവൻ പഞ്ചാബിന് അഞ്ച് വിക്കറ്റിന്‍റെ അട്ടിമറി ജയം. വിജയ ലക്ഷ്യമായ 165 റണ്‍സ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ പഞ്ചാബ് നേടി. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ പഞ്ചാബ് ഐ പി എല്‍ പ്രതീക്ഷകള്‍ സജീവമാക്കി. തുടക്കത്തിലേ മൂന്ന് വിക്കറ്റ് നഷ്‌ടമായി പ്രതിരോധത്തിലായ പഞ്ചാബിനെ മധ്യനിരയില്‍ ഗെയ്‌ലും പൂരനും നടത്തിയ കടന്നാക്രമണമാണ് രക്ഷിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ‍ഡല്‍ഹിക്ക് തുടക്കത്തിലേ ഓപ്പണര്‍ പ്രിഥ്വി ഷായുടെ വിക്കറ്റ് നഷ്‌ടമായെങ്കിലും ശിഖര്‍ ധവാന്‍ കഴിഞ്ഞ കളിയില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു. 164 റണ്‍സില്‍ 106ഉം സ്വന്തം പേരിലാക്കിയ ധവാന്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി. 61 പന്തുകളില്‍ നിന്ന് 3 സിക്‌സറിന്റെയും 12 ബൗണ്ടറിയുടേയും പിന്തുണയോടെയാണ് ധവാന്‍ രണ്ടാം ഐ പി എല്‍ സെഞ്ചുറിയിലെത്തിയത്.

ധവാന്‍ ഒഴികെ ഡല്‍ഹി നിരയില്‍ ആരും കാര്യമായ സംഭാവന നല്‍കാതിരുന്ന ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും 14 റണ്‍സ് വീതമെടുത്ത് പുറത്തായി. സ്‌റ്റോയിനിസ് 9 റണ്‍സെടുത്തപ്പോള്‍ ഹെറ്റ്മയർ പുറത്താകാതെ 10 റണ്‍സെടുത്തു. പഞ്ചാബിനായി മുഹമ്മദ് ഷമി 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ തന്നെ ക്യാപ്റ്റനും ഓപ്പണറുമായ കെ എല്‍ രാഹുലിനെ നഷ്‌ടമായി. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ഡാനിയല്‍ സാംസ് പിടിച്ച് പുറത്താകുമ്പോള്‍ 11 പന്തില്‍ നിന്ന് ഓരോ ഫോറും സിക്‌സുമടക്കം 15 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഫസ്‌റ്റ് ഡൗണായി ക്രിസ് ഗെയ്ല്‍ എത്തിയതോടെ കളി വേറെ ലെവലായി.

എറിയുന്ന ബൗളര്‍മാരെല്ലാം ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞതോടെ പന്ത് ബൗണ്ടറിയിലേക്കും ഗാലറിയിലേക്കും പറന്നു. എന്നാല്‍ അമിതാവേശം ഗെയ്‌ലിന് വിനയായി. ആര്‍ അശ്വിനെ തൂക്കിയടിക്കാനുള്ള ശ്രമത്തിനിടെ സ്‌റ്റംപ് തെറിച്ച് ഗെയിൽ മടങ്ങുമ്പോള്‍ വെറും 13 പന്തില്‍ നിന്ന് 2 സിക്‌സും 3 ഫോറുമുള്‍പ്പെടെ 29 റണ്‍സ് നേടിയിരുന്നു. ഇതിനിടെ നിക്കോളസ് പൂരനുമായുള്ള ആശയ കുഴപ്പത്തിനിടെ മറ്റൊരു ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (5) റണ്ണൗട്ടായി.

നാലാം വിക്കറ്റിൽ പൂരനും ഗ്ളെൻ മാക്‌സ്‌വെലും ഒത്തു ചേർന്നതോടെ പഞ്ചാബ് പതിയെ കരകയറി. ടൂർണ്ണമെൻറിൽ ഉടനീളം മികച്ച സ്ട്രോക്ക് പ്ളേ കളിച്ചു വന്ന പൂരന്റെ ബാറ്റിൽ നിന്ന് സിക്‌സറുകളും ഫോറുകളും പ്രവഹിച്ചപ്പോൾ ഫോം നഷ്‌ടമായി ഉഴലുന്ന മാക്‌സ്‌വെൽ സിംഗിളുകളും ഡബിളുകളും എടുത്ത് ഇന്നിംഗ്സ് കെട്ടിപ്പടുക്കുക ആയിരുന്നു.

മയങ്ക് അഗർവാൾ റൺ ഔട്ട് ആയതിന് പരോക്ഷമായെങ്കിലും കാരണക്കാരനായി എന്നതിന്റെ പാശ്‌ചാത്താപം പോലെ വിജയിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തത് പോലെയായിരുന്നു പൂരന്റെ പ്രകടനം. 27 പന്തിൽ നിന്ന് അർദ്ധശതകം തികച്ച ഉടൻ പൂരൻ (53) വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി പുറത്തായി.

മത്സരം ഡല്‍ഹി കൈവിട്ടെന്ന് തോന്നിയ ഘട്ടത്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് മാക്‌സ്‌വെൽ (32) പുറത്തായി. എന്നാല്‍ കൂടുതല്‍ നഷ്‌ടമില്ലാതെ ഹൂഡ (15)യും നീഷാമും (10) ചേര്‍ന്ന് പഞ്ചാബിനെ വിജയത്തിലെത്തിച്ചു. മൽസരത്തോടെ കെ എല്‍ രാഹുൽ ഐ പി എല്ലില്‍ 100 സിക്‌സർ എന്ന നേട്ടത്തിലേക്ക് എത്തി. തോറ്റെങ്കിലും ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി എന്ന റെക്കോര്‍ഡ് ധവാൻ സ്വന്തം പേരിലാക്കി.

Read Also: ഐഎസ്എല്‍; ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് ബ്‌ളാസ്‌റ്റേഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE