തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ശശി തരൂരിനെ തോൽപ്പിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും താൻ ഉദ്ദേശിച്ച രീതിയിലല്ല പ്രസംഗം വ്യാഖ്യാനിക്കപ്പെട്ടതെന്നും വിശദീകരിച്ച് ഒ രാജഗോപാൽ രംഗത്ത്.
ശശിതരൂർ എംപി തിരുവനന്തപുരത്തിന്റെ മനസിനെ സ്വാധീനിച്ചെന്നും അവിടെ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നുവെന്നും പ്രസംഗിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് മലക്കം മറിച്ചിൽ. ആദ്യ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജഗോപാൽ മാദ്ധ്യമങ്ങളെ പഴിക്കുകയും ചെയ്‌തു.
തരൂരിനെക്കുറിച്ചു പറഞ്ഞത് ആലങ്കാരിക അഭിപ്രായപ്രകടനം മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ ഉദ്ദേശിച്ച രീതിയിലല്ല പ്രസംഗം വ്യാഖ്യാനിക്കപ്പെട്ടതെന്നും തിരുവനന്തപുരത്ത് ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയാണ് രാജഗോപാലിന്റെ വിശദീകരണം.
ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരുവനന്തപുരം എംപി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർഥത്തിലല്ല മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർഥത്തിലാണ് ഞാൻ സംസാരിച്ചത്. എന്നാൽ മാറിയ രാഷ്‌ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്‌താൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. – ഫേസ്ബുക് കുറിപ്പിലൂടെ രാജഗോപാൽ പറഞ്ഞു.
മാത്രമല്ല, നിലവിൽ തരൂരിന്റെ മണ്ഡലത്തിലെ സാന്നിധ്യവും നാമമാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഒരു പാലക്കാട്ടുകാരനെന്ന നിലയ്‌ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്‌തുത പ്രസംഗത്തിലുള്ളത്. ബിജെപി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് എന്റെ വ്യക്‌തിപരവും, രാഷ്‌ട്രീയയവുമായ നിലപാട്. -രാജഗോപാൽ കുറിപ്പിൽ വിശദീകരിച്ചു.
TECH NEWS | ജി-മെയിൽ അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!