ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യത്തെ കർഷകർ ആരംഭിച്ച പ്രക്ഷോഭത്തിന് ഇന്നേക്ക് ഒരു വയസ്. 2020 നവംബർ 26നാണ് കർഷകരുടെ ‘ഡെൽഹി ചലോ മാർച്ച്‘ പുറപ്പെട്ടത്. 27ന് ഡെൽഹി അതിർത്തിയിലെ സിംഗുവിൽ എത്തിയ കർഷകരെ പോലീസ് തടഞ്ഞു. ഇതോടെ സിംഗു സമര കേന്ദ്രമായി. ഇതിന് പിന്നാലെ തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലേക്കും കര്‍ഷകര്‍ എത്തിയതോടെ സമരം കൂടുതൽ ശക്‌തമായി. സംഭവബഹുലമായിരുന്നു ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ പോരാട്ടം.
ഇതിനിടെ പല തവണ കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തുകയും ഭേദഗതി കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും നിയമം പിൻവലിക്കുക എന്ന ഒറ്റ ആവശ്യത്തിൽ കർഷകർ ഉറച്ചു നിന്നു. നിയമം പിൻവലിക്കാൻ അഞ്ച് വർഷമെടുത്താൽ അതുവരെയും സമരം ചെയ്യാൻ തങ്ങൾ തയ്യാറാണ് എന്നും കർഷകർ പറഞ്ഞു. യുപിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് വരാനിരിക്കെ തിരിച്ചടി മുന്നിൽ കണ്ട കേന്ദ്ര സർക്കാർ കഴിഞ്ഞ 19ന് കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.
എന്നാൽ പ്രധാനമന്ത്രി നടത്തിയ ഈ പ്രഖ്യാപനത്തിന്റെ സാങ്കേതിക വശങ്ങൾ പൂർത്തിയാക്കണമെന്നും മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം വേണമെന്നുമുള്ള ആവശ്യത്തിൽ സമരം തുടരാനാണ് കർഷകരുടെ തീരുമാനം. കാർഷികനിയമങ്ങൾ പാർലമെന്റിൽ റദ്ദാക്കിയ ശേഷവും വിളകൾക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചെങ്കിലേ അതിർത്തികളിൽനിന്നു മടങ്ങിപ്പോവൂവെന്നാണ് കിസാൻ മോർച്ചയുടെ പ്രഖ്യാപനം.
അതേസമയം, നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സമരവാർഷികം ആഘോഷമാക്കാൻ ആയിരക്കണക്കിനു കർഷകർ ഡെൽഹി അതിർത്തികളിലെത്തി. രാജ്യമെമ്പാടും റാലികളും പ്രകടനങ്ങളും അരങ്ങേറുമെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു.
ഡെൽഹി അതിർത്തികളായ സിംഗു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ വാർഷികപരിപാടികൾ നടക്കും. മറ്റു സംസ്‌ഥാനങ്ങളിൽ യൂണിയന്റെ നേതൃത്വത്തിൽ പ്രധാന ദേശീയപാതകൾ ഉപരോധിക്കും. തമിഴ്‌നാട്, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ തലസ്‌ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധങ്ങളും സംഘടിപ്പിക്കും. റായ്‌പുരിലും റാഞ്ചിയിലും ട്രാക്‌ടർ റാലികളുണ്ടാവും. കൊൽക്കത്തയിൽ റാലി നടക്കുമെന്നും കിസാൻ മോർച്ച അറിയിച്ചു.
Most Read: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; ജാഗ്രതാ നിർദ്ദേശം