ന്യൂഡെല്‍ഹി: കോണ്‍ഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് കനയ്യ കുമാര്‍. നിലവിൽ ബിജെപിയെ നേരിടാൻ സാധിക്കുന്ന പാർട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ആരുടെ നേതൃത്വത്തിലാണ് മോദിയെ നേരിടേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മുൻ സിപിഐ യുവ നേതാവ് പറഞ്ഞു.
“രാഹുല്‍ ഗാന്ധിയാണോ മമതാ ബാനര്‍ജിയാണോ പ്രധാനമന്ത്രി സ്‌ഥാനാർഥി ആകേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്”- കനയ്യ കുമാര്‍ പറഞ്ഞു. ചെറുബോട്ടുകള്‍ക്ക് സംരക്ഷണം വേണമെങ്കിൽ കോണ്‍ഗ്രസെന്ന വലിയ കപ്പൽ നിലനില്‍ക്കണമെന്നും കനയ്യ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സിപിഐ നേതാവായ കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഏറെക്കാലമായി ഉയർന്നുകേട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇരുവരും എഐസിസി ആസ്‌ഥാനത്ത് നടന്ന പരിപാടിയിൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. അതേസമയം, കനയ്യ പാർട്ടിയെ ചതിച്ചുവെന്നായിരുന്നു സിപിഐ ദേശീയ സെക്രട്ടറി ഡി രാജയുടെ പ്രതികരണം.
Read also: സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത വ്യോമസേന ഉദ്യോഗസ്‌ഥന് കോർട്ട് മാർഷൽ