പാലക്കാട്: ഒറ്റപ്പാലത്ത് സുഹൃത്ത് കൊന്നു കുഴിച്ചു മൂടിയ ആഷിക്കിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് അഞ്ച് മുറിവുകളെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. നെഞ്ചിൽ നാല് കുത്തുകള്‍ ആഴത്തിലേറ്റിരുന്നു. ഇതാണ് മരണകാരണം. കഴുത്തിലും കുത്തേറ്റിരുന്നു.
ആഷിക്കിന്റെ ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പ്രതി മുഹമ്മദ് ഫിറോസിനെ കോടതി റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ഡിസംബർ 17നാണ് അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ആഷിക്കിനെ മുഹമ്മദ് ഫിറോസ് കൊന്ന് കുഴിച്ച് മൂടിയത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നതും മൃതദേഹം പുറത്തെടുത്തതും.
ഏഴ് വർഷം മുൻപ് നടന്ന മോഷണക്കേസിൽ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പോലീസ് പിടികൂടിയതോടെ ആണ് ആഷിക്കിന്റെ കൊലപാതക വിവരം പുറത്തറിഞ്ഞത്. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഫിറോസും ആഷിക്കും. മൊബൈൽ കട കുത്തിത്തുറന്ന കേസിലെ പ്രതികളായിരുന്നു ഇരുവരും.
ഈ കേസിൽ തിങ്കളാഴ്‌ച ഫിറോസിനെ ഓങ്ങല്ലൂരിൽ വെച്ച് പിടികൂടി. കൂട്ടു പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. കൂട്ടുപ്രതി ആഷിക്കിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് നല്‍കിയ മൊഴി. ഉച്ചയോടെ ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി മുളഞ്ഞൂർ തോടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തി.
ഒരു മണിക്കൂറിനുള്ളിൽ മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കുഴിച്ചെടുത്തു. തുടർന്ന് ആഷിക്കിന്റെ പിതാവ് ലക്കിടി കേലത്ത് വീട്ടിൽ ഇബ്രാഹിമിനെയും സഹോദരനെയും സ്‌ഥലത്തെത്തിച്ചു. മൃതദേഹത്തിൽ നിന്ന് ലഭിച്ച മോതിരവും കൈച്ചരടും ആഷിക്കിന്റേത് ആണെന്ന് പിതാവ് തിരിച്ചറിഞ്ഞു.
മിലിട്ടറി പറമ്പിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആഷിക്ക് ആക്രമിച്ചതോടെ കത്തി പിടിച്ചുവാങ്ങി കഴുത്തില്‍ കുത്തിയെന്നാണ് ഫിറോസിന്റെ മൊഴി. ആഷിക്ക് കൊല്ലപ്പെട്ടതോടെ മൃതദേഹം സ്വന്തം പെട്ടിഓട്ടോയിൽ കയറ്റി രാത്രി ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. ഒറ്റക്കായിരുന്നു ഇതെല്ലാം ചെയ്‌തതെന്ന ഫിറോസിന്റെ മൊഴി പോലീസ് മുഖവിലക്ക് എടുത്തിട്ടില്ല.
പട്ടാമ്പി കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ലഹരിക്കടത്ത് സംഘങ്ങൾക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Most Read: വർക്ക് ഫ്രം ഹോം ഇളവ് റദ്ദാക്കി സർക്കാർ; ഉത്തരവ് പുറത്തിറങ്ങി