ന്യൂഡെൽഹി: പെഗാസസിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഉടൻ തുടങ്ങരുതെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്‌ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്‌റ്റിസ് എൻവി രമണ സൂചന നൽകി. പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹരജികൾക്കൊപ്പം ബംഗാൾ കേസും പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
തൃണമൂൽ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ പെഗാസസ് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ ജുഡീഷ്യൽ സമിതി രൂപീകരിച്ചത്. റിട്ട ജസ്‌റ്റിസ് മദൻ ബി ലോക്കൂറിന്റെ നേതൃത്വത്തിലുള്ള ഈ സമിതിയുടെ അന്വേഷണം തൽക്കാലം തുടങ്ങേണ്ടെന്നാണ് ബംഗാൾ സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ വാക്കാൽ നിര്‍ദ്ദേശം. വിഷയവുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾ കൂടി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും കോടതി വ്യക്‌തമാക്കി.
അടുത്ത ആഴ്‌ച പെഗാസസ് ഹരജികളിൽ സമഗ്രമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന സൂചനയും ചീഫ് ജസ്‌റ്റിസ് നൽകി. അതിന് മുൻപ് ബംഗാൾ സര്‍ക്കാരിന്റെ ജുഡീഷ്യൽ സമിതി അന്വേഷണം തുടങ്ങിയാൽ അതിനെതിരെ ഉത്തരവിറക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. പെഗാസസിൽ സമാന്തര അന്വേഷണമല്ലെന്ന് വിശദീകരിച്ച ബംഗാൾ സര്‍ക്കാര്‍, ഇപ്പോൾ അന്വേഷണം തുടങ്ങില്ലെന്ന് കോടതിക്ക് ഉറപ്പു നൽകി.
ഒരുപക്ഷേ, രാജ്യവ്യാപകമായി വലിയ പ്രത്യാഘാതം ഉണ്ടാക്കാവുന്ന കേസായിരിക്കും ഇതെന്ന പരാമര്‍ശവും വാദത്തിനിടെ കോടതി നടത്തി. പെഗാസസിൽ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും അടക്കം നൽകിയ ഹരജികളിൽ കഴിഞ്ഞ ആഴ്‌ച കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പെഗാസസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താനാകില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Read Also: പോസ്‌റ്റർ പ്രചാരണത്തിന് പിന്നിൽ പാർടിയുടെ ശത്രുക്കൾ; വിഡി സതീശൻ