കണ്ണൂർ: കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തുടർന്ന് പിഴയൊടുക്കാൻ ലഭിച്ച നോട്ടീസിലെ ചിത്രങ്ങൾ കണ്ടു അമ്പരന്നു വീട്ടുകാർ. ലഭിച്ച നോട്ടീസിലെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാതിരുന്ന ഒരു സ്‌ത്രീയുടെ രൂപം കയറിക്കൂടിയതാണ് ഒരേസമയം അമ്പരപ്പും കൗതുകവും ഉയർത്തിയത്. അതുമാത്രമല്ല, ഇതേ കാറിൽ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടികളെ ചിത്രത്തിൽ കാണാനും ഉണ്ടായിരുന്നില്ല.
പയ്യന്നൂരിൽ മോട്ടോർവാഹന വകുപ്പ് സ്‌ഥാപിച്ച എഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവർക്ക് പിൻസീറ്റിലായി മറ്റൊരു സ്‌ത്രീയുടെ രൂപംകൂടി തെളിഞ്ഞത്. എന്നാൽ, ഇങ്ങനെയൊരു സ്‌ത്രീ കാറിൽ ഉണ്ടായിരുന്നില്ലെന്നാണ് ചെറുവത്തൂർ കൈതക്കാട് സ്വദേശിയായ ആദിത്യനും കുടുംബവും പറയുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്ന ആശയകുഴപ്പത്തിലാണ് കുടുംബവും മോട്ടോർ വാഹനവകുപ്പും.
ചെറുവത്തൂരിൽ നിന്ന് പയ്യന്നൂരിലേക്കുള്ള വഴിമധ്യേ കേളോത്തുവെച്ചാണ് ആദിത്യൻ ഓടിച്ച കാറിന് ക്യാമറയുടെ പിടിവീഴുന്നത്. വാഹനത്തിൽ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചിയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇരുവരും മുൻസീറ്റിലായിരുന്നു. കാറിന്റെ പിൻസീറ്റിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. പിഴ ചുമത്തിയ എഐ ക്യാമറയുടെ ചിത്രം ശ്രദ്ധിച്ചപ്പോഴാണ് ഡ്രൈവർ സീറ്റിന് പിറകിലായി മറ്റൊരു സ്‌ത്രീ ഇരിക്കുന്നതായി കണ്ടത്.
എന്നാൽ, അങ്ങനെയൊരാൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്‌ത്രീയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞുവെന്നാണ് ഉയരുന്ന ചോദ്യം. പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടികളെ ചിത്രത്തിൽ കാണാനുമില്ല. സംഭവത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മുൻസീറ്റിൽ ഇരുന്ന സ്‌ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് സംശയിക്കുന്നത്. അല്ലെങ്കിൽ ക്യാമറ പകർത്തിയ, മറ്റൊരു വാഹനത്തിലെ സ്‌ത്രീയുടെ ചിത്രം സാങ്കേതിക പിഴവുകൊണ്ട് പതിഞ്ഞതുമാകാമെന്നും സംശയിക്കുന്നു.
എന്നാൽ, ഇത് സംബന്ധിച്ച് വ്യക്‌തത വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെ, മോട്ടോർ വാഹനവകുപ്പ് സംഭവത്തിൽ കെൽട്രോണിനോട് വിവരങ്ങൾ തേടിയിട്ടുണ്ട്. അതേസമയം, എഐ ക്യാമറയിൽ പ്രേതത്തിന്റെ ചിത്രം പതിഞ്ഞുവെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. അടുത്തിടെ പ്രദേശത്ത് മരിച്ച ഒരു സ്‌ത്രീയുടെ ചിത്രമാണിതെന്ന രീതിയിൽ വ്യാജ ഓഡിയോയും പ്രചരിക്കുന്നുണ്ട്.
Most Read| യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു