തിരുവനന്തപുരം: റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിന് സമീപം ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ ചിത്രത്തിന് മികച്ച അടിക്കുറിപ്പ് കിട്ടി. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. മിനി ആർ ആണ് ഒന്നാം സമ്മാനം കരസ്‌ഥമാക്കിയത്. ‘മാസ്‌ക് വെക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കുവാനുള്ള അനുവാദം തരുമോ സർ‘- എന്നാണ് മിനി നൽകിയ അടിക്കുറിപ്പ്.
‘നാട് കാക്കുന്ന സാറൻമാറെ, ഈ നാടനെ കൂടി കാത്തോളണേ‘- എന്ന അടിക്കുറിപ്പ് നൽകിയ ഷാജു ശ്രീധർ ആണ് രണ്ടാം സമ്മാനത്തിന് അർഹനായത്. മൂന്നാം സമ്മാനം ലിജോ ഈറയിൽ നേടി; ‘കാവലാണ് കർമം, കാക്കി ഇല്ലന്നേ ഉള്ളൂ‘- എന്നാണ് ഇദ്ദേഹം നൽകിയ അടിക്കുറിപ്പ്.
ഷെഫ് സുരേഷ് പിള്ളയുടെ അടികുറിപ്പിന് പ്രത്യേക സമ്മാനവും ഉണ്ട്. ‘സാറേ… നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും, ആ ജര്‍മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ… കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പോലീസിലെടുക്കൂ പ്‌ളീസ്..’ എന്നായിരുന്നു ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്.
പ്രമുഖ ചെറുകഥാകൃത്തും മാദ്ധ്യമ പ്രവർത്തകനുമായ ബി മുരളി, ന്യൂസ് ഫോട്ടോഗ്രാഫർ വിൻസെന്റ് പുളിക്കൽ (ന്യൂ ഇന്ത്യൻ എക്സ്പ്രസ്), സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്‌ടർ വിപി പ്രമോദ് കുമാർ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികൾ അവരുടെ മേൽവിലാസം, ഫോൺ നമ്പർ എന്നിവ thekeralapolice@gmail.com എന്ന ഇ-മെയിലിൽ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.
Most Read: 10ആം ക്‌ളാസ് തോറ്റവരാണോ? എങ്കിൽ നിങ്ങൾക്ക് കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം!