കണ്ണൂർ: ജില്ലാ ആശുപത്രിയിൽ അതിക്രമവുമായി രോഗി. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നീർച്ചാൽ സ്വദേശി ജംഷീറിനെതിരെയാണ് പരാതി. ഇയാളുടെ അക്രമത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കും ഒരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
കണ്ണൂർ സിറ്റി എസ്‌ഐ ബാബുജോൺ, സീനിയർ സിപിഒ സ്നേഹേഷ്, ആശുപത്രി ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആദിഷ് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ മരക്കാർ കണ്ടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് അബോധാവസ്‌ഥയിൽ ജംഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിൽസക്ക് ശേഷം ബോധം തിരികെ കിട്ടിയ ഇയാൾ ജീവനക്കാരുടെ നിർദ്ദേശം വകവെക്കാതെ ഇറങ്ങി പോയി.
തുടർന്ന്, സുഹൃത്തുക്കളുമായി തിരിച്ചെത്തിയ ഇയാൾ പോലീസുകാരെയും ആദിഷിനെയും കയ്യേറ്റം ചെയ്യുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ നിന്ന് പോകാൻ അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് സൂചന. അത്യാഹിത വിഭാഗത്തിലെ കൗണ്ടർ, കസേരകൾ എന്നിവയും ഉപകരണങ്ങളും ഇയാൾ അടിച്ചുതകർത്തു. സംഭവശേഷം ഇയാളെ സുഹൃത്തുക്കൾ കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്‌തു.
പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തെ കെജിഎംഒഎ അപലപിച്ചു
Also Read: യുവാക്കളെ സിപിഎം സ്വർണക്കടത്തിന് ഉപയോഗിക്കുന്നു; കെകെ രമ