ഓൺലൈൻ മാദ്ധ്യമങ്ങളുടെ പിആർഡി അംഗീകാരം; അപേക്ഷ തിരുത്താനുള്ള അവസാന അവസരം

By Syndicated , Malabar News
PRD approval of online media
Ajwa Travels

തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് നൽകുന്ന അംഗീകാരത്തിന് അപേക്ഷിച്ചവർ, അവരവർ നൽകിയ രേഖകളിലെ പോരായ്‌മകൾ പരിഹരിച്ച് സമർപ്പിക്കാനുള്ള തീയതി ജൂലായ് 30ന് അവസാനിക്കും.

പരിഹരിക്കേണ്ട പോരായ്‌മകൾ ചൂണ്ടികാണിച്ചും, ആവശ്യപ്പെട്ട രേഖകളിൽ കുറവുള്ളത് എന്തൊക്കെയെന്ന് വ്യക്‌തമാക്കിയും പിആർഡി, അതാത് ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തിയ ഇമെയിലിലേക്ക് അറിയിപ്പ് അയച്ചിട്ടുണ്ട്. ഇതനുസരിച്ച് അപാകതകൾ പരിഹരിച്ച രേഖകളും കുറവുണ്ടായിരുന്ന രേഖകളും ഈ മാസം മുപ്പതിന് മുൻപ് ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പിൽ ലഭിക്കണം.

പിആർഡി എംപാനൽ ചെയ്യാത്ത ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ ലഭിക്കില്ലെന്ന് മാത്രമല്ല ദേശീയ അന്തർദേശീയ മാദ്ധ്യമ ഓർഗനൈസേഷനുകളിൽ അംഗത്വം ലഭിക്കാനും ബുദ്ധിമുട്ടാകും. കൂടാതെ പിആർഡി എംപാനൽമെന്റാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള സർക്കാർ ഏജൻസികൾ പരസ്യങ്ങൾ നൽകുന്നതിന് പരിഗണിക്കാനുള്ള മാനദണ്ഡമായി കണക്കാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കാൻ ഒരുങ്ങുന്ന ഓൺലൈൻ മാദ്ധ്യമ സ്‌ഥാപന രജിസ്‌ട്രേഷനും അതാത് സംസ്‌ഥാനങ്ങളിലെ പിആർഡി അംഗീകാരം അടിസ്‌ഥാന പ്രവേശന മാനദണ്ഡമായിരിക്കും.

കൂടാതെ, ‘പ്രസ് സ്‌റ്റിക്കർ’ പതിച്ച വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തങ്ങൾക്കും മാദ്ധ്യമ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികൾക്കും ഉപയോഗിക്കുന്നത് തടയാനായി പോലീസ് സേനക്ക് വേണ്ടി ഒരുങ്ങുന്ന ഏറ്റവും പുതിയ ‘പോലീസ് ആപ്പിൽ’ എല്ലാ പിആർഡി അംഗീകൃത മാദ്ധ്യമങ്ങളുടെയും വിവരങ്ങളും റിപ്പോർട്ടേഴ്‌സ്‌ വിവരങ്ങളും അവർ ഉപയോഗിക്കുന്ന ‘പ്രസ് സ്‌റ്റിക്കർ’ പതിച്ച വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പടെയുള്ള വിവരങ്ങളും ഉൾപ്പെടുത്താനുള്ള സംവിധാനം വരുന്നുണ്ട്. ഭാവിയിൽ, പിആർഡി അംഗീകാരമില്ലാത്ത ഓൺലൈൻ പ്രസിദ്ധീകരങ്ങൾക്ക് മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന ‘പ്രസ് സ്‌റ്റിക്കർ’ വാഹനങ്ങളിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടാകും.

വർത്തമാന പത്രങ്ങൾ നടത്തുന്ന വെബ്‌പോർട്ടലുകൾ, ന്യൂസ് ചാനലുകൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യക്‌തികൾ / സ്വകാര്യ സ്‌ഥാപനങ്ങൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യവസായ/അക്കാദമിക/ സാങ്കേതിക വിഭാഗങ്ങൾ നടത്തുന്ന വെബ് പോർട്ടലുകൾ എന്നീ വിഭാഗത്തിൽ ഉള്ളവർക്കാണ് ഓൺലൈൻ എംപാനൽമെന്റിനു അപേക്ഷിക്കാനുള്ള അർഹത. ഇന്ത്യയിൽ രജിസ്‌റ്റർ ചെയ്‌ത്,‌ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തന പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹത.
Online news

കേരള സര്‍ക്കാരിന്റെ ജനക്ഷേമ-വികസന പ്രവര്‍ത്തനങ്ങളും നിലപാടുകളും ഉത്തരവുകളും മാദ്ധ്യമങ്ങൾ വഴി സമൂഹത്തിൽ എത്തിക്കുകയും പ്രധാനപ്പെട്ട വിഷയങ്ങളില്‍ മാദ്ധ്യമങ്ങളുടെ പ്രതികരണം കേരള സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യുന്ന സർക്കാർ സ്‌ഥാപനമാണ് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് (ഐ & പിആര്‍ഡി). സാംസ്‌കാരിക മേഖലയിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനച്ചുമതലയും ഈ വകുപ്പാണ് നിർവഹിക്കുന്നത്. നിലവിൽ, മുഖ്യമന്ത്രിക്ക് കീഴിലാണ് പിആര്‍ഡി വകുപ്പ് പ്രവർത്തിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ & പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്‌ടര്‍ക്ക് കീഴില്‍ രണ്ട് അഡീഷണല്‍ ഡയറക്‌ടര്‍മാരും അവര്‍ക്കു കീഴില്‍ അഞ്ച് ഡെപ്യൂട്ടി ഡയറക്‌ടര്‍മാരും കൊല്ലം, എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ – കണ്ണൂര്‍, ന്യൂഡെല്‍ഹി എന്നിവിടങ്ങളിലായി ആറ് മേഖലാ ഡെപ്യൂട്ടി ഡയറക്‌ടര്‍മാരും ഈ വകുപ്പിൽ പ്രവര്‍ത്തിക്കുന്നു. സംസ്‌ഥാനത്തെ 14 ജില്ലകളിലും ഇന്‍ഫര്‍മേഷന്‍ ഓഫിസുകളും ന്യൂഡെല്‍ഹിയില്‍ കേരള ഇന്‍ഫര്‍മേഷന്‍ സെന്ററും പിആർഡിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.

വിവിധ വകുപ്പുകളുടെ കമ്മിറ്റി ചേർന്നാണ് ഒരു മാദ്ധ്യമത്തിന് എംപാനൽമെൻറ് നൽകിയതായുള്ള ഉത്തരവ് പുറത്തിറക്കുന്നത്. അതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ അപേക്ഷ സ്വീകരിച്ച്, നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് എംപാനൽമെൻറ് നൽകാൻ ഏകദേശം ഒരുവർഷത്തോളം കാലാവധി വേണ്ടിവരുമെന്നും അനുവദിച്ച സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാത്തവർ പിന്നീട് അപേക്ഷയോടൊപ്പം വ്യക്‌തമായ കാരണങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടി വരുമെന്നും പിആർഡി ഉദ്യോഗസ്‌ഥർ മലബാർ ന്യൂസിനോട് പറഞ്ഞു.

Read also: പെഗാസസ്‌; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE