തളരാത്ത മനസുമായി രാജപ്പൻ; വേമ്പനാടിന്റെ കാവലാളിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

By News Desk, Malabar News
രാജപ്പൻ
Ajwa Travels

ന്യൂഡെൽഹി: വേമ്പനാട് കായൽ ശുചീകരിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ മൻ കി ബാത്തിലൂടെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശരീരം പാതി തളർന്നിട്ടും രാജപ്പൻ ചെയ്യുന്ന സേവനം മാതൃകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കുമരകം മഞ്ചാടിക്കരയിലെ വീട്ടുമുറ്റത്ത് നിന്ന് തൊട്ടടുത്തുള്ള കൈത്തോട് വരെ നിരങ്ങിയെത്തി കടവിൽ അടുക്കിവെച്ച മണൽ ചാക്കുകളിൽ കൈ കുത്തി കൊച്ചുവള്ളത്തിലേക്ക് കയറി വേമ്പനാട് കായലിലേക്ക് തുഴഞ്ഞ് പോകുന്ന രാജപ്പൻ എന്ന 72കാരൻ ഇതിനോടകം തന്നെ ജനമനസുകളിൽ ഇടം നേടിയിരുന്നു.

പോളിയോ ബാധിച്ച് തളർന്ന കാലുകളുമായി കായൽ ലക്ഷ്യമാക്കിയുള്ള രാജപ്പന്റെ യാത്രക്ക് കഴിഞ്ഞ 6 വർഷമായി ഒരു ലക്ഷ്യം മാത്രമേയുള്ളൂ. കായലും ഇടത്തോടുകളും മലിനമാകരുത് എന്നതാണത്. കായലിലും ഇടത്തോടുകളിലുമുള്ള പ്‌ളാസ്‌റ്റിക് മാലിന്യം ശേഖരിച്ച് ഇവ ആക്രിവിലക്ക് വിൽക്കുമ്പോൾ കിട്ടുന്ന തുഛമായ തുകയാണ് ഇദ്ദേഹത്തിന്റെ ഉപജീവന മാർഗം.

വള്ളം നിറയെ കുപ്പികൾ ശേഖരിക്കുമെങ്കിലും ഒരു കിലോ പ്‌ളാസ്‌റ്റിക് കുപ്പിക്ക് 12 രൂപയാണ് വില ലഭിക്കുക. എങ്കിലും ശരീരം അനുവദിക്കുന്ന കാലം വരെ കായലിൽ പോവുകയും പ്‌ളാസ്‌റ്റിക് പെറുക്കുകയും ചെയ്യുമെന്നാണ് രാജപ്പൻ പറയുന്നത്.

പ്രധാനമന്ത്രിയുടെ അംഗീകാരം തേടിയെത്തിയത് അറിഞ്ഞ് ഏറെ സന്തോഷത്തിലാണ് രാജപ്പൻ. മൻ കി ബാത്തിൽ തന്റെ പേര് പരാമർശിച്ചതിൽ പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി പറഞ്ഞു. പ്രശംസ വാക്കുകളിലൂടെ ഒതുങ്ങുമ്പോൾ തലചായ്‌ക്കാൻ സ്വന്തമായി ഒരു കൂര പോലും രാജപ്പന് ഇല്ല എന്നതാണ് യാഥാർഥ്യം. 2019ലെ പ്രളയത്തിൽ ആകെയുണ്ടായിരുന്ന വീട് തകർന്നതിന് ശേഷം സഹോദരി വിലാസിനിയുടെ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്.

Also Read: ആരോഗ്യനില മോശം; മാതാവിനെ കാണാൻ ജാമ്യം തേടി സിദ്ദീഖ് കാപ്പൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE