ഉത്തർപ്രദേശ്: ഹത്രസ് പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ നടക്കുന്ന പ്രതിഷേധ സമ്മർദ്ദത്തിന്റെ ഫലമായി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് യോഗി സർക്കാർ ശുപാർശ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. ഇതിനാവശ്യമായ വിജ്‌ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. ഫൊറൻസിക് വിദഗ്‌ധർ ഉൾപ്പെടുന്ന സംഘവുമായി സിബിഐ ഉടൻ ഹത്രസിലെത്തും.
19 വയസുകാരി പെണ്‍കുട്ടി ഹത്റസില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസാണ് സിബിഐ ഏറ്റെടുക്കുന്നത്. രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ ഈ കേസിൽ ഐഖ്യരാഷ്‌ട്രസഭയുടെ റസിഡന്റ് കോർഡിനേറ്റർ വരെ പ്രസ്‌താവന നടത്തിയിരുന്നു. ലിംഗാടിസ്ഥാനത്തില്‍ നടക്കുന്ന അതിക്രമങ്ങൾ സ്‌ത്രീകളെയും പിന്നാക്കം നിൽക്കുന്ന സാമൂഹിക ഗ്രൂപ്പുകളിലെ പെൺകുട്ടികളെയും കൂടുതൽ അപകടത്തിലാക്കും എന്നതിന്റെ ഓർമപ്പെടുത്തലാണ് ഹത്രസിലെ പീഡനമെന്നാണ് യുഎൻ പ്രതിനിധി പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 14നാണ് അമ്മക്കൊപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. നട്ടെല്ലിലെ തകർച്ച ഉൾപ്പടെ ഗുരുതര പരുക്കിനെ തുടര്‍ന്ന് ചികിൽസയിൽ തുടരവേ കഴിഞ്ഞ മാസം 29ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു.
സംഭവത്തില്‍ സന്ദിപ്, രാമു, ലവകുശ, രവി എന്നീ നാല് സമ്പന്ന മേൽജാതി യുവാക്കളെ പ്രതിചേർത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കേസ് ഒതുക്കാന്‍ പോലീസ് തുടക്കം മുതല്‍ ശ്രമിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കേസ് സിബിഐ ഏറ്റെടുക്കാനുള്ള വിജ്‌ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചെങ്കിലും സിബിഐ അന്വേഷണത്തിലും വിശ്വാസമില്ലെന്ന നിലപാടില്‍ പെണ്‍കുട്ടിയുടെ കുടുംബം ഉറച്ച് നില്‍ക്കുകയാണ്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് കുടുംബം. അതേസമയം, കേസിൽ കോടതി മേൽനോട്ടം വഹിക്കണമെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Related News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്