രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ; റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും

രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും കൽപ്പറ്റയിൽ എത്തും. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിലെത്തുന്നത്.

By Trainee Reporter, Malabar News
Rahul Gandhi
Ajwa Travels

വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാൻ നാളെ എത്തും. രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും കൽപ്പറ്റയിൽ എത്തും. ഇരുവരും റോഡ് ഷോയിലും സമ്മേളനത്തിലും ഉൾപ്പടെ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിലെത്തുന്നത്. രാഹുലെത്തുമ്പോൾ വലിയ സ്വീകരണം ഒരുക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

പതിനായിരക്കണക്കിന് പ്രവർത്തകരെ ഉൾപ്പെടുത്തി അണിനിരക്കുന്ന റോഡ് ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കൽപ്പറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും. ‘സത്യമേവ ജയതേ’ എന്ന പേരിൽ നടക്കുന്ന ഈ റോഡ് ഷോയിലേക്കാണ് രാഹുലും പ്രിയങ്കയും എത്തിച്ചേരുക. ശേഷം കൽപ്പറ്റയിലെ ഓഫീസിന് മുൻവശത്തായി പ്രത്യേകം സജ്‌ജമാക്കിയ വേദിയിൽ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ‘സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം’ എന്ന പേരിലുള്ള പരിപാടിയിലും ഇരുവരും പങ്കെടുക്കും.

ഇതിൽ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ പങ്കാളികൾ ആവുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, മോൻസ് ജോസഫ് എംഎൽഎ, എൻകെ പ്രേമചന്ദ്രൻ എംപി, സിപി ജോൺ തുടങ്ങിയവർ പങ്കെടുക്കും.

ഫെബ്രുവരിയിലാണ് രാഹുൽ അവസാനമായി വയനാട്ടിലെത്തിയത്. സന്ദർശത്തിന് മുമ്പായി മണ്ഡലങ്ങളിലെ എല്ലാ വീടുകളിലും കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ കത്ത് നൽകിയിട്ടുണ്ട്. വയനാട്ടിലെ ജനങ്ങളോടുള്ള ഹൃദയബന്ധം പ്രതിപാദിക്കുന്ന കത്തിൽ, പ്രതിപക്ഷത്തെ നിശബ്‌ദമാക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളെ ശക്‌തമായി അപലപിക്കുന്നുണ്ട്. എംപി ആണെങ്കിലും അല്ലെങ്കിലും എന്നും എപ്പോഴും വയനാട്ടിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് രാഹുൽ കത്തിൽ പറയുന്നത്.

Most Read: ജംഷദ്‌പൂരിൽ വീണ്ടും സംഘർഷം; നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE