തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമനത്തട്ടിപ്പ് കേസിൽ ഇന്ന് നിർണായക ചോദ്യം ചെയ്യൽ. പരാതിക്കാരനായ ഹരിദാസനും മുൻ എഐഎസ്എഫ് നേതാവ് കെപി ബാസിത്തും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച് ഒരുലക്ഷം രൂപ കോഴ നൽകിയെന്ന ഹരിദാസന്റെ ആരോപണത്തിലടക്കം ഒട്ടേറെ പൊരുത്തക്കേടുകൾ പോലീസ് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണവുമായി സഹകരിക്കാതെയും ചോദ്യം ചെയ്യലിന് ഹാജരാകാതെയും ഹരിദാസൻ ഒളിവിൽപ്പോയത്. ഹരിദാസന്റെ സുഹൃത്താണെങ്കിലും ബാസിത്തിനും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ബാസിത്തും ഹാജരായില്ല. ഇരുവരെയും ചോദ്യം ചെയ്‌താൽ തട്ടിപ്പിന്റെ പൂർണവിവരം ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, കേസിലെ മുഖ്യ പ്രതിയായ ലെനിൻ രാജിനെ ഇനിയും കണ്ടെത്താനായിട്ടില്ല. പത്തനംതിട്ട പോലീസ് അറസ്‌റ്റ് ചെയ്‌ത പ്രതി അഖിൽ സജീവിന്റെ ഈ ആഴ്‌ച അവസാനത്തോടുകൂടി മാത്രമേ കന്റോൺമെന്റ് പോലീസിന് കസ്‌റ്റഡിയിൽ ലഭിക്കൂ. ചോദ്യം ചെയ്യലിൽ നിയമന കോഴയുടെ മുഖ്യ ആസൂത്രകൻ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമാണെന്നാണ് അഖിൽ സജീവ് മൊഴി നൽകിയത്.
ആരോഗ്യമന്ത്രിയുടെ സ്‌റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ സജീവ് മൊഴിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും പ്രതി പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
Most Read| സംഘർഷത്തിന് അയവില്ല; ഇസ്രയേലിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കം