മോസ്‌കോ: ഭരണകൂടത്തിന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാകുമ്പോൾ മാത്രമേ റഷ്യ ആണവായുധങ്ങൾ ഉപയോഗിക്കൂ എന്ന് ക്രെംലിൻ വക്‌താവ് ദിമിത്രി പെസ്‌കോവ്. “ഞങ്ങൾക്ക് ഒരു സുരക്ഷാ നിലപാടുണ്ട്. രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാകുമ്പോൾ മാത്രമേ, ആ ഭീഷണി ഇല്ലാതാക്കാൻ ആണവായുധം പ്രയോഗിക്കാൻ കഴിയൂ, അങ്ങനെയേ പാടുള്ളൂ എന്ന് അതിൽ വ്യക്‌തമായി പറയുന്നുണ്ട്,”- പിബിഎസ് ന്യൂഷോറിന് നൽകിയ അഭിമുഖത്തിൽ ക്രെംലിൻ വക്‌താവ് പറഞ്ഞു.
യുക്രൈനിലെ റഷ്യയുടെ ‘ഓപ്പറേഷന്റെ’ ഒരു ഫലവും ആണവായുധം ഉപയോഗിക്കുന്നതിന് കാരണമാകില്ലെന്ന് ദിമിത്രി പെസ്‌കോവ് അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ, പ്രകോപനപരമായ പ്രസ്‌താവനയാണ് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ ഇന്ന് നടത്തിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് റഷ്യൻ കോടീശ്വരനായ റോമന്‍ അബ്രമോവിച്ച് പുട്ടിന് കൈമാറിയിരുന്നു. ഇതിന് മറുപടിയായി പുടിൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു; “അവരോട് പറയൂ അവരെ ഞാൻ അടിക്കുമെന്ന്.”
Most Read: ‘കശ്‌മീർ ഫയൽസ്’ ടിക്കറ്റ് നൽകിയത് പോലെ ഇന്ധനത്തിനുള്ള കൂപ്പണും വിതരണം ചെയ്യൂ; രാജസ്‌ഥാൻ മന്ത്രി