കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ കൂരാച്ചുണ്ട് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയായ ആഖിൽ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി പോലീസിനോട് പറഞ്ഞു. ആഖിൽ ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കാറുണ്ട്. തന്റെ പാസ്‌പോർട്ട് അഖിൽ നശിപ്പിച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു.
റഷ്യയിലേക്ക് മടങ്ങിപോകുന്നത് തടയാൻ തടങ്കലിൽ ആക്കിയെന്നും യുവതി പോലീസിന് മൊഴി നൽകി. ഇരുമ്പ് കമ്പി കൊണ്ടുള്ള നിരന്തര മർദ്ദനത്തെ തുടർന്ന് തന്റെ കൈമുട്ടിനും കാൽമുട്ടിനും പരിക്കേറ്റതായും യുവതി പോലീസിനെ അറിയിച്ചു. ആഖിൽ ലഹരിക്ക് അടിമയാണ്. പാസ്‌പോർട്ട് തന്റെ കൺമുന്നിൽ വെച്ചാണ് കീറിക്കളഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.
അതേസമയം, താൽക്കാലിക പാസ്‌പോർട്ട് അനുവദിച്ച് യുവതിയെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള നീക്കങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ആഖിലിനെ ഇന്നലെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അറസ്‌റ്റ് ചെയ്യുന്ന വേളയിൽ ഇയാളിൽ നിന്ന് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു. റഷ്യൻ യുവതിയും ആഖിലും കുറച്ചു കാലമായി കൂരാച്ചുണ്ടിലെ ആഖിലിന്റെ വീട്ടിൽ താമസിച്ചു വരികയാണ്.
ഇയാളുടെ ഉപദ്രവത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് യുവതി വീടിന്റെ ടെറസിൽ നിന്ന് ചാടി ആത്‌മഹത്യക്ക് ശ്രമിച്ചത്. പിന്നാലെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടുകയായിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ ഓഫീസറോട് കമ്മീഷൻ അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: പികെ ശശി ചെയർമാനായ കോളേജിലേ നിക്ഷേപം; തുക തിരിച്ചു പിടിക്കാൻ സിപിഎം നീക്കം