കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ പ്രതികളെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പ്രതികൾക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. കേസിലെ ഒന്നാം പ്രതി ഡോ. രമേശിനും നഴ്‌സുമാർക്കുമാണ് ഇന്ന് നോട്ടീസ് നൽകുക. ഐആർപിസി 41 എ പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയക്കുക.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു ഡോക്‌ടർമാരും രണ്ടു നഴ്‌സുമാരും ഉൾപ്പടെ നാല് പേരാണ് പുതുക്കിയ പ്രതിപട്ടികയിൽ ഉള്ളത്. ആശുപത്രി രേഖകളുടെ അടിസ്‌ഥാനത്തിലും മറ്റു ശസ്‌ത്രക്രിയ തെളിവുകൾ വിലയിരുത്തിയുമാണ് ഇവരെ പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത്.
ഹർഷിനയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐഎഎംസിഎച്ച് സൂപ്രണ്ട്, യൂണിറ്റ് മേധാവിമാർ ആയിരുന്ന രണ്ടു ഡോക്‌ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ടു പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശസ്‌ത്രക്രിയ നടന്ന സമയത്ത് ഉണ്ടായിരുന്ന സൂപ്രണ്ട് ഡോക്‌ടർ ശ്രീകുമാർ, 2017ലെ ഗൈനക് മേധാവി ഡോ. വിനയ ചന്ദ്രൻ, 2022ലെ ഗൈനക് മേധാവി ഡോ. സജല എന്നിവരെയാണ് ഒഴിവാക്കിയത്.
2023 മാർച്ച് ഒന്നിന് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ ഇവർ പ്രതികളായിരുന്നു. കേസിൽ 76 സാക്ഷി മൊഴികൾ രേഖപ്പെടുത്തിയെന്നും പോലീസ് അന്വേഷണ റിപ്പോർട്ടിലുണ്ട്. രണ്ടു ഡോക്‌ടർമാരും രണ്ടു നഴ്‌സുമാരും ഉൾപ്പടെ നാല് പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്‌ടർ സികെ രമേശനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ. ഷഹനയുമാണ് പ്രതികൾ.
Most Read| ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യം; ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്