‘മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹമില്ല, വിശ്വാസമുള്ളവരെ കാണും’; സിദ്ധാർഥന്റെ പിതാവ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയപ്രകാശ്.

By Trainee Reporter, Malabar News
sidharth-father
മരിച്ച സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ്
Ajwa Travels

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പാതിവഴിയിൽ നിർത്തിയതിൽ പരാതിയുമായി പിതാവ് ജയപ്രകാശ് രംഗത്ത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പോലീസ് അന്വേഷണം നിർത്തി. എന്നാൽ, സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്നും പിതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയപ്രകാശ്.

അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. സഹായിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കാണാൻ പോയത്. നീതി തേടി പോകേണ്ടത് ഭരണപക്ഷത്ത് ഉള്ളവരുടെ അടുത്താണെങ്കിലും, അവരുടെ അടുത്ത് പോയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോയെന്നും ജയപ്രകാശ് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ ഉൾപ്പടെയുള്ളവരെ അറസ്‌റ്റ് ചെയ്യാനുണ്ട്. ഡീനിനെതിരെയും നടപടി വേണം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും, അന്വേഷണം ഇനിയും നീണ്ടുപോയാൽ ക്ളിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്നും ജയപ്രകാശ് പറഞ്ഞു.

‘ഇതുവരെ കേസിന്റെ ഭാഗമായി പലരെയും കണ്ടിട്ടുണ്ട്. എനിക്ക് വിശ്വാസമുള്ളവരുടെ അടുത്താണ് ഇപ്പോൾ പോകുന്നത്. വിശ്വാസമുള്ളത് കൊണ്ടാണ് ഇപ്പോൾ ഇവിടെ വന്നതും. ഒരു ലാഭവും നോക്കാതെ എന്നെ സഹായിക്കാൻ വന്ന കുറച്ചുപേരുണ്ടായിരുന്നു. അതിൽ ഉൾപ്പെട്ടയാളാണ് വിഡി സതീശൻ സാറും അദ്ദേഹത്തിന്റെ കൂടെയുള്ളവരും. ഇനി മുഖ്യമന്ത്രിയെ കാണുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ല. അദ്ദേഹം നൽകിയ ഉറപ്പുകൾ വിശ്വസിച്ചാണ് അന്ന് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്. അതിന് ശേഷം ഇതുവരെയും ഒന്നും ഉണ്ടായിട്ടില്ല’- ജയപ്രകാശ് പറഞ്ഞു.

എസ്എഫ്ഐയുടെ സംസ്‌ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് എല്ലാ നടന്നതെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സംഭവിച്ച ഒന്നല്ല. എട്ടുമാസമായി അവനെ അവർ പീഡിപ്പിക്കുകയായിരുന്നുവെന്ന റിപ്പോർട് കണ്ടു. ഈ എട്ടു മാസത്തിനിടെ എസ്എഫ്ഐയുടെ പല നേതാക്കളും ആ കോളേജിൽ ചെന്നിട്ടുണ്ട്. ഇക്കാര്യം എന്നോട് മകൻ തന്നെയാണ് പറഞ്ഞത്. ആ ചേട്ടൻ വന്നു, ആ മുതിർന്ന ചേട്ടൻ വന്നു, യൂണിയൻ റൂമിൽ ക്യാമ്പ് ചെയ്യുന്നുണ്ട് എന്നൊക്കെ അവൻ പറഞ്ഞു.

മോൻ പോയതുകൊണ്ട് ഞാൻ കള്ളം പറയുകയാണെന്ന് കരുതുന്നുണ്ടെങ്കിൽ അന്വേഷിച്ചു നോക്കൂ. ഈ എട്ടുമാസം വെറുതെ പോയി ഒപ്പിടുകയായിരുന്നില്ല. ഒന്നുകിൽ വിവസ്ത്രനായോ അല്ലെങ്കിൽ മുട്ടിലിഴഞ്ഞു ചെന്നോ വേണം ഒപ്പിടാൻ. അതാണ് അവരുടെ രീതി. അതാണ് അവരുടെ കോടതി. ഇക്കാലത്തിനിടെ എസ്എഫ്ഐ സംസ്‌ഥാന നേതൃത്വത്തിന്റെ ഒരാൾ പോലും അവിടെ ചെന്നിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ? അവനെ തീർക്കാൻ പ്ളാനിട്ടതും അവരെല്ലാമാണ്. അല്ലെങ്കിൽ അവനെ വിട്ടേക്കാൻ അവർ പറയുമായിരുന്നില്ലേയെന്നും ജയപ്രകാശ് ചോദിച്ചു.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE