ന്യൂഡെൽഹി: കോവിഡ് ബാധിതനായി മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഹാജരാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. സിദ്ദീഖിനെ മികച്ച ചികിൽസക്കായി ഡെൽഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്തും കേരളാ പത്രപ്രവര്‍ത്തക യൂണിയനും സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം. ഹരജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.
കഴിഞ്ഞ 20ആം തീയതി കോവിഡ് സ്‌ഥിരീകരിച്ച സിദ്ദീഖ് കാപ്പനെ മഥുരയിലെ കൃഷ്‌ണ മോഹന്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്. കാപ്പനെ ആശുപത്രി കിടക്കയിൽ ചങ്ങലക്ക് ഇട്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിച്ചു. തുടര്‍ന്നാണ് കാപ്പന്റെ മെഡിക്കല്‍ റിപ്പോർട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ചികിൽസക്കായി ഡെൽഹിയിലെ എയിംസിലേക്കോ സഫ്‌ദർ ജങ് ആശുപത്രിയിലേക്കോ സിദ്ദീഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. അപേക്ഷയില്‍ ഇന്ന് തന്നെ വിശദമായ വാദം കേള്‍ക്കാന്‍ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായിരുന്നെങ്കിലും ഓണ്‍ലൈന്‍ വാദത്തില്‍ ഉണ്ടായ ചില സാങ്കേതിക തടസങ്ങള്‍ കാരണം ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. കേരളാ പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ ഭാര്യക്കും വേണ്ടി അഭിഭാഷകന്‍ വില്‍സ് മാത്യു ഹാജരായി.
Also Read: ഇരയെ വിവാഹം കഴിച്ചു; 22കാരന് എതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി