തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‌ടിച്ച സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ പ്രത്യേക സിബിഐ കോടതി ചൊവ്വാഴ്‌ച വിധിപറയും. കൊലപാതകം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. ഒരു വര്‍ഷം മുന്‍പേ കോടതിയില്‍ വിചാരണ ആരംഭിച്ച കേസില്‍ ഇതുവരെ 49 സാക്ഷികളെയാണ് വിസ്‌തരിച്ചത്. എന്നാല്‍ ഇതില്‍ എട്ടു നിര്‍ണായക സാക്ഷികള്‍ പിന്നീട് കൂറുമാറിയിരുന്നു.
കേസില്‍ വിചാരണ നേരിട്ട പ്രതികള്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരാണ്. മാത്രവുമല്ല കേസില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സാഹചര്യത്തെളിവുകളും ശാസ്‍ത്രീയ തെളിവുകളുമാണ് സിബിഐ കേസന്വേഷണത്തില്‍ പ്രധാനമായും ആശ്രയിച്ചത്.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്‌റ്റര്‍ അഭയയുടെ മൃതദേഹം 1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് ആദ്യം കേസന്വേഷിച്ചത്. ഇവരുടെ അന്വേഷണത്തില്‍ സിസ്‌റ്ററുടേത് ആത്‌മഹത്യയാണെന്ന് ആയിരുന്നു കണ്ടെത്തല്‍. ആത്‌മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും 2007ല്‍ പുതിയ അന്വേഷണ സംഘം തുടരന്വേഷണം ആരംഭിക്കുകയും സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും ആയിരുന്നു.
കേസില്‍ മോഷ്ടാഷ്‌ടാവായിരുന്ന അടക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സിബിഐ പ്രോസിക്യൂട്ടര്‍ എം നവാസാണ് ഹാജരായിരുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയുന്നത്.
Read Also: കർഷക സമരം ശക്‌തമാക്കി സംസ്‌ഥാനവും; ഇന്ന് മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം