തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലക്കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്‌റ്റർ സെഫിക്കുമുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ സനില്‍കുമാറാണ് വിധി പ്രസ്‌താവിക്കുക.
ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ആത്‌മഹത്യയെന്ന് എഴുതിത്തള്ളിയ സിസ്‌റ്റർ അഭയയുടെ മരണം കൊലപാതകമാണെന്ന് ഇന്നലെ സിബിഐ കോടതി കണ്ടെത്തിയിരുന്നു. കേസിലെ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷാ വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ വച്ച് നടത്തിയ കോവിഡ് പരിശോധനയിൽ ഇരുവരുടെയും ഫലം നെഗറ്റീവായതിന് ശേഷം ഇവരെ ഇന്നലെ തന്നെ ജയിലിലേക്ക് മാറ്റിയിരുന്നു. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്.
അഭയ കേസിൽ കുറ്റക്കാരനാണെന്ന വിധി വന്നതിന് പിന്നാലെ താന്‍ നിരപരാധിയാണെന്ന് തോമസ് കോട്ടൂര്‍ ആവര്‍ത്തിച്ചിരുന്നു. കുറ്റം ചെയ്‌തിട്ടില്ല, ദൈവത്തിന്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നായിരുന്നു ഫാദര്‍ കോട്ടൂരിന്റെ പ്രതികരണം. അതേസമയം കോടതി വിധിയോട് പ്രതികരിക്കാൻ സിസ്‌റ്റർ സെഫി തയ്യാറായിരുന്നില്ല.
National News: അന്റാർട്ടിക്കയിലും 36 പേർക്ക് കോവിഡ്; കൊറോണ കീഴടക്കാൻ 218ൽ ഇനി 12 രാജ്യങ്ങൾ മാത്രം