ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. കേസിൽ പ്രതിയായ ഇന്റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ആർബി ശ്രീകുമാർ അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പിഎസ് ജയപ്രകാശ് എന്നിവർക്കെതിരെയും സിബിഐ ഹരജി നൽകിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്‌തുതകൾ കണ്ടെത്താൻ പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചു.
ആർബി ശ്രീകുമാർ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കും. പല സാക്ഷികളും മൊഴി നൽകാൻ തയ്യാറാകില്ലെന്നും സിബിഐ വ്യക്‌തമാക്കി.
വിഎസ്‌എസ്‌സിയിൽ കമാൻഡന്റ് ആയിരുന്ന കാലഘട്ടം മുതൽ തന്നെ ആർബിഐ ശ്രീകുമാറിന് തന്നെ അറിയാമായിരുന്നു എന്ന് നമ്പി നാരായണൻ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. അക്കാലത്ത് അടുത്ത ഒരു ബന്ധുവിന് ജോലി നൽകണം എന്ന ശ്രീകുമാറിന്റെ ആവശ്യം നിരസിച്ചതിൽ തന്നോട് വ്യക്‌തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന നമ്പി നാരായണന്റെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും സിബിഐ ഡിവൈഎസ്‍പി സുനിൽ സിങ് റാവത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തോട് നമ്പി നാരായണൻ വ്യക്‌തമാക്കിയിരുന്നു.
ഈ ആരോപണം തെളിയിക്കാൻ ശ്രീകുമാറിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് സിബിഐ. ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് ശ്രീകുമാർ. എസ് വിജയനാണ് ഒന്നാം പ്രതി. തമ്പി എസ് ദുർഗാദത്ത് രണ്ടാം പ്രതിയും പിഎസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്.
Also Read: പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ല; ശുപാർശ പരിഗണിക്കില്ലെന്ന് എൽഡിഎഫ്