സ്‌റ്റാൻ സ്വാമിക്ക് ആശുപത്രിയിൽ തുടരാം; മഹാരാഷ്‌ട്ര ഹൈക്കോടതി

By Desk Reporter, Malabar News
Stan Swamy's death-Center with justification amid criticism
Ajwa Travels

മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് ആശുപത്രിയിൽ തുടരാൻ മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ അനുമതി. ആരോഗ്യനില പരിഗണിച്ചാണ് ജൂലൈ അഞ്ച് വരെ ആശുപത്രിയിൽ തുടരാൻ കോടതി അനുവദിച്ചത്.

മുംബൈ തലോജ ജയിലിൽ നിന്ന് സ്‌റ്റാൻ സ്വാമിയെ മെയ് 28നാണ് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയത്. തലോജ ജയിലിൽ തനിക്ക് നരകജീവിതമാണെന്നും ജയിലിലെ ചികിൽസയേക്കാൾ ഭേദം മരണമാണെന്നും സ്‌റ്റാൻ സ്വാമി നേരത്തെ ഇടക്കാല ജാമ്യഹരജി പരിഗണിക്കവെ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ജൂൺ 18 വരെ ആശുപത്രിയിൽ കഴിയാനായിരുന്നു കോടതിയുടെ അനുമതി.

എന്നാൽ, ആശുപത്രിയിൽവെച്ച് സ്‌റ്റാൻ സ്വാമിക്ക് കോവിഡ് സ്‌ഥിരീകരിച്ചെന്നും ചികിൽസ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ മിഹിർ ദേശായ് വീണ്ടും കോടതിയെ സമീപിച്ചു.

തുടർന്ന് സ്വാമിയുടെ ആരോഗ്യനിലയെപ്പറ്റി മുദ്രവെച്ച കവറിൽ റിപ്പോർട് നൽകാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയ ജസ്‌റ്റിസ്‌ എസ്എസ് ഷിന്ദേ, എൻജെ ജമാദാർ എന്നിവരടങ്ങിയ ബെഞ്ച് കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇന്ന് കേസ് പരിഗണിക്കവെ ആശുപത്രി അധികൃതർ സ്‌റ്റാൻ സ്വാമിയുടെ മെഡിക്കൽ റിപ്പോർട് ഹാജരാക്കി. കോവിഡിൽ നിന്ന് മുക്‌തി നേടിയതിന് ശേഷവും സ്‌റ്റാൻ സ്വാമിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹത്തിന് തുടർച്ചയായ തീവ്രപരിചരണം ആവശ്യമാണെന്നും സ്വകാര്യ ആശുപത്രി സമർപ്പിച്ച സ്വാമിയുടെ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട് വ്യക്‌തമാക്കുന്നതായി കോടതി പറഞ്ഞു. ഈ റിപ്പോർട് കണക്കിലെടുത്ത് സ്‌റ്റാൻ സ്വാമിയുടെ ആശുപത്രിയിലെ ചികിൽസ നീട്ടുന്നതാണ് ഉചിതമെന്നും കോടതി വ്യക്‌തമാക്കി.

മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണ ഏജൻസിയായ എൻഐഎക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. റിപ്പോർട് പരിശോധിച്ചതിന് ശേഷം എതിർവാദം ഉണ്ടെങ്കിൽ കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 3ന് അറിയിക്കാൻ എൻ‌ഐ‌എയോട് കോടതി ആവശ്യപ്പെട്ടു.

Most Read:  രാജീവ് ഗാന്ധി വധക്കേസ്; പ്രതികൾക്ക് ദീർഘകാല പരോൾ നൽകാൻ നീക്കവുമായി തമിഴ്‌നാട് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE