വാർണർ-സാഹ കൂട്ടുകെട്ടിൽ മുംബൈ സ്വാഹ; ഹൈദരാബാദ് റൈസസ് റ്റു പ്ലേഓഫ്

By Sports Desk , Malabar News
MALABARNEWS-MI-SRH
Ajwa Travels

ഷാർജ: മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് സൺ റൈസേഴ്സ് ഹൈദരാബാദ് ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പ്ലേഓഫിൽ കടന്നു. കളിയുടെ സമസ്‌ത മേഖലകളിലും മുംബൈയെ പിന്നിലാക്കിയാണ് ഹൈദരാബാദ് ഡു ഓർ ഡൈ മൽസരത്തിൽ ആധികാരിക ജയം നേടിയത്. വിജയ ലക്ഷ്യമായ 150 റൺസ് ഹൈദരാബാദ് 17.1 ഓവറിൽ നേടി. ഓപ്പണർമാരായ ഡേവിഡ് വാർണർ (85), വൃദ്ധിമാൻ സാഹ (58) എന്നിവർ പുറത്താകാതെ നിന്നു. സന്ദീപ് ശർമയുടെ നേതൃത്വത്തിൽ മുംബൈയെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കിയ ഹൈദരാബാദ് ബൗളർമാരുടെ പ്രകടനവും കളിയിൽ നിർ‌ണായകമായി. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്‌ചിത 20 ഓവറിൽ 8 വിക്കറ്റിന് 149 റൺസാണ് എടുത്തത്.

ടോസ് നേടി ബൗളിം​ഗ് തിരഞ്ഞെടുത്ത സൺ റൈസേഴ്സിന് കഴിഞ്ഞ മത്സരത്തിലേതു പോലെ സന്ദീപ് ശർമ തുടക്കത്തിൽ തന്നെ ബ്രേക്ക് ത്രൂ നൽകി. കുറച്ച് മൽസരങ്ങളുടെ ഇടവേളക്ക് ശേഷം കളത്തിലിറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ ആയിരുന്നു ആദ്യ ഇര. 7 പന്ത് നേരി‌ട്ട് 4 റൺസ് മാത്രം എടുത്ത ഹിറ്റ്മാന്റെ ദുർബലമായ ഹിറ്റ് മിഡ് വിക്കറ്റിൽ എതിർ ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ കൈകളിൽ അവസാനിച്ചു.

രോഹിതിന് പകരം ഇറങ്ങിയ സൂര്യകുമാർ യാദവും ക്വിന്റൺ ഡി കോക്കും രണ്ടാം വിക്കറ്റിൽ 27 റൺസ് കൂട്ടിച്ചേർത്തപ്പോൾ മുംബൈക്ക് രണ്ടാം വിക്കറ്റ് നഷ്‌ടമായി. ശർമ എറിഞ്ഞ 5ആം ഓവറിൽ തുടർച്ചയായ രണ്ട് സിക്‌സറുകൾക്ക് ശേഷം അടുത്ത പന്തിൽ ഡീ കോക്ക് പുറത്ത്. ഫുൾ ടോസ് ബോളിൽ പ്ളേയ്ഡ് ഓൺ ആയി പുറത്താകുമ്പോൾ 13 പന്തിൽ നിന്ന് ഓരോ ജോടി സിക്‌സും ഫോറും അടക്കം ഡീ കോക്ക് 25 റൺസ് നേടിയിരുന്നു.

നാലാം വിക്കറ്റിൽ സൂര്യകുമാറും ഇഷാന്ത് കിഷനും നിലയുറപ്പിച്ച് വരുന്നതിനിടെ മുംബൈ ബാറ്റിം​ഗിന് മുകളിൽ ഇടിത്തീ പോലെയാണ് 12ഉം 13ഉം ഓവറുകൾ എത്തിയത്. ഷഹ്ബാസ് നദീം എറിഞ്ഞ 12ആം ഓവറിലെ ആദ്യ പന്തിൽ പന്തിൽ ക്രീസിൽ നിന്ന് സൂര്യകുമാറിന്റെ കാൽപാദം ഒരൽപം ഉയർന്നതിനൊപ്പം വൃദ്ധിമാൻ സാഹ സ്‌റ്റംപ് ഇളക്കി. 29 പന്തിൽ നിന്ന് 5 ബൗണ്ടറി ഉൾപ്പെടെ 36 റൺസ് ആയിരുന്നു മുംബൈ സ്‌റ്റാർ ബാറ്റ്സ്‍മാന്റെ സമ്പാദ്യം. നാലാം പന്തിൽ ബാറ്റ് വെച്ച ക്രുണാൽ പാണ്ഡ്യ (0) കെയ്ൻ വില്യംസന്റെ കൈയിൽ ഒതുങ്ങി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ റഷീദ് ഖാൻ സൗരഭ് തിവാരിയെ (1) വൃദ്ധിമാൻ സാഹയുടെ ​ഗ്‌ളൗസിൽ എത്തിച്ച് മുംബൈയെ ഞെട്ടിച്ചു. ഇഷാന്ത് കിഷനെ (33) സന്ദീപ് ശർമ ക്ളീൻ ബൗൾഡ് ചെയ്‌തു. നദാൻ കൗൾട്ടർ നൈൽ (1) വേഗം മടങ്ങി. ജേസൺ ഹോൾഡറിന് ആയിരുന്നു വിക്കറ്റ്. കീരൺ പൊള്ളാർഡ് (25 പന്തിൽ 41) അവസാന ഓവറുകളിൽ നടത്തിയ വെ‌ടിക്കെട്ടാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോർ നേടിക്കൊടുത്തത്. ഹൈദരാബാദിന് വേണ്ടി സന്ദീപ് ശർമ മൂന്നും ജേസൺ ഹോൾഡർ, ഷഹ്ബാസ് നദീം എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി.

ക്യാപ്റ്റൻ ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയും ചേർന്ന് ഹൈദരാബാ​ദിന് സ്വപ്‌ന തുല്യമായ തുടക്കമാണ് നൽകിയത്. ബഹുമാനിക്കേണ്ട പന്തുകളെ ബഹുമാനിച്ചും മോശം പന്തുകൾക്ക് അർഹിക്കുന്ന ശിക്ഷ നൽകിയുമാണ് ഓപ്പണിം​ഗ് കൂട്ടുകെട്ട് മുന്നേറിയത്. ബുംറയുടെ അഭാവത്തിൽ മുംബൈ ബൗളർമാരിൽ ആർക്കും ഇരുവർക്കും വെല്ലുവിളി ഉയർത്താനായില്ല. 35 പന്തിൽ നിന്ന് വാർണർ തന്റെ 48ആം ഐ പി എൽ അർധ ശതകം തികച്ചു. തൊട്ടുപുറകെ 34 പന്തിൽ സാഹയുടെ അർധ ശതകമെത്തി.

Read Also: ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE