ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണം സംബന്ധിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിദ്യാർഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
കൂടാതെ വായു മലിനീകരണം തടയുന്നതിനായി കേന്ദ്ര സർക്കാരും, ഡെൽഹി, പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്‌ഥാന സർക്കാരുകളും ഇതുവരെ സ്വീകരിച്ച നടപടികൾ ഇന്ന് സുപ്രീം കോടതി വിലയിരുത്തും. ഒപ്പം തന്നെ കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ന് പരിഗണിക്കും.
മലിനീകരണം തടയുന്നതിന് വേണ്ടി രാജ്യ തലസ്‌ഥാനത്ത് നിലവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സെൻട്രൽ വിസ്‌ത പദ്ധതിക്ക് ദേശീയ പ്രാധാന്യമുള്ളതിനാൽ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണം.
Read also: തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ റാഗിങ്; ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്