ന്യൂഡെൽഹി: ഇന്ത്യക്കെതിരെയുള്ള പാകിസ്‌ഥാന്റെ നീക്കങ്ങളെല്ലാം ഇനി തുടരെ പരാജയമാകും. നിലവിൽ പ്രധാനമന്ത്രിയുടെ വസതിയിലും വാഹനവ്യൂഹത്തിലും ഏർപ്പെടുത്തിയിട്ടുള്ള ‘ഡ്രോൺ വേധ’ സംവിധാനം ഉടൻ തന്നെ ഇന്ത്യൻ സൈന്യത്തിലും ലഭ്യമാകും.
ഡ്രോണുകളുടെ സഹായത്തോടെ ഭീകരരെ അതിർത്തി കടത്താനും അവർക്ക് വേണ്ട സഹായങ്ങൾ നൽകാനുമുള്ള ശ്രമങ്ങളാണ് പാകിസ്‌ഥാൻ ഇപ്പോൾ നടത്തുന്നത്. കഴിഞ്ഞ ദിവസം ജമ്മുവിലെ ഇന്ത്യൻ അതിർത്തിയിൽ നിരീക്ഷണം നടത്തിയിരുന്ന പാക് ഡ്രോൺ അതിർത്തി സുരക്ഷാ സൈന്യം തുരത്തിയിരുന്നു. ഇതിന് മുമ്പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം നീക്കങ്ങൾ മുളയിലേ നുള്ളാനുള്ള കരുത്ത് ഡ്രോൺ വേധ വരുന്നതോടെ ഇന്ത്യൻ സേന കൈവരിക്കും.
ഡ്രോൺ വേധ ഉപയോഗിച്ച് കിലോമീറ്ററുകൾ അകലെ നിന്ന് തന്നെ ശത്രുക്കളുടെ ഡ്രോണുകൾ പ്രവർത്തന രഹിതമാക്കാനും തകർക്കാനും സൈന്യത്തിന് കഴിയും. മൈക്രോ ഡ്രോണുകളെ പോലും മൂന്ന് കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി ഞൊടിയിടയിൽ തകർക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ലേസറിന്റെ സഹായത്തോടെയാണ് ഡ്രോൺ വേധ പ്രവർത്തിക്കുക. സൈന്യത്തിന് ആവശ്യമായ ഡ്രോൺ വേധ സംവിധാനങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവേഷണ സ്‌ഥാപനമായ ഡിആർഡിഒ മേധാവി സൈനിക അധികൃതർക്ക് കത്തെഴുതുമെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ പ്രതിരോധ ഗവേഷണ സ്‌ഥാപനമായ ഡിആർഡിഒ ആണ് ഡ്രോൺ വേ സംവിധാനം വികസിപ്പിച്ചെടുത്തത്. ഈ വർഷത്തെ സ്വാതന്ത്യ ദിനത്തിലാണ് തദ്ദേശീയമായി നിർമിച്ച ഡ്രോൺ വേധ രാജ്യത്ത് ഉപയോഗിച്ച് തുടങ്ങിയത്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാൻ എത്തിയപ്പോഴും ഡ്രോൺ വേധ സുരക്ഷ ഒരുക്കിയിരുന്നു.