അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച; ഇന്ത്യ പഠിക്കേണ്ടതെന്ത്‌?

By Desk Reporter, Malabar News
India US flags Malabar News
Representational Image
Ajwa Travels

ആധുനികതയുടെ പറുദീസ. ഇന്നത്തെ ശരാശരി ഇന്ത്യാക്കാരന്റെ സ്വപ്‌നഭൂമി. സ്വയം ലോകപൊലീസായി മാറുന്ന അമേരിക്ക എന്ന കമ്പോളാധിഷ്‌ഠിത മുതലാളിത്ത രാജ്യത്തിന്റെ അടിക്കല്ലിളകുന്ന അവസ്ഥയാണ്‌ നാമിന്ന്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. എന്തും ഏതും സ്വന്തം ലാഭത്തിന്റെ കണ്‍കോണില്‍ മാത്രം കണ്ട്‌ രാജ്യഭരണവും ലോകഭരണവും കുറേ കോര്‍പറേറ്റ്‌ കുത്തകകളുടെ കാല്‍ച്ചുവട്ടിലാക്കി സാമ്പത്തിക-സൈനിക ഹുങ്കില്‍ സ്വയം മറന്ന്‌ നടന്ന രാജ്യം; ഇന്നതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കുള്ള തുടക്കത്തെ നേരിടുകയാണ്‌.

ഇത്‌ ഒറ്റയടിക്ക്‌, ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടുണ്ടായതല്ല. മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലേയ്‌ക്കെത്തുമ്പോള്‍ അതിന്റെ ഉളളിലെ വൈരുദ്ധ്യങ്ങളും സ്വാഭാവികമായി വളര്‍ന്ന്‌ വലുതാകും. ആ വൈരുദ്ധ്യങ്ങള്‍ തന്നെയാണ്‌ ഇന്ന്‌ മുതലാളിത്ത വ്യവസ്ഥിതിയില്‍ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നതും. ഇത്‌, അവസാനം ഈ വ്യവസ്ഥിതിയുടെ തകര്‍ച്ചയില്‍ തന്നെയാണ്‌ എത്തിച്ചേരേണ്ടതും. അതാണ്‌ പ്രപഞ്ചനിയമം.

സബ്‌ പ്രൈം പ്രതിസന്ധി

നിലവിലെ പ്രതിസന്ധിയുടെ കാരണമായി പറയപ്പെടുന്നത്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്‌ക്ക്‌ അമേരിക്കന്‍ ബാങ്കിങ്‌ രംഗത്തുണ്ടായ തകര്‍ച്ചയാണ്‌. ഇതിനെ `സബ്‌ പ്രൈം’ പ്രതിസന്ധി എന്നു വിളിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ലോകം അനുഭവിച്ച സാമ്പത്തിക മാന്ദ്യത്തിനുശേഷം, മരുന്നു നിര്‍മ്മാണ-വിതരണ വ്യവസായ രംഗത്തും റിയല്‍ എസ്റ്റേറ്റ്‌ രംഗത്തും ആയുധ നിര്‍മ്മാണ-വിതരണ രംഗത്തുമെല്ലാം വന്‍കുതിപ്പാണ്‌ അമേരിക്കയില്‍ അനുഭവപ്പെട്ടുകൊണ്ടിരുന്നത്‌. അമേരിക്കയെ ആകമാനം മാറ്റിമറിച്ച കാലമായിരുന്നു ഇത്‌. പ്രത്യേകിച്ച്‌ റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്‌ യു.എസില്‍ ഈ കാലയളവില്‍ അനുഭവപ്പെട്ടത്‌.

കോര്‍പ്പറേറ്റുകളുടെയും ഉയര്‍ന്ന വരുമാനക്കാരുടെയും അമിത സാമ്പത്തിക വളര്‍ച്ച റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ നിക്ഷേപത്തിന്‌ ആക്കം കൂട്ടി. ഇതിന്റെ പ്രധാനകാരണം ബാങ്കുകള്‍ നല്‍കുന്ന കുറഞ്ഞ പലിശയും സുരക്ഷിതമായ മറ്റ്‌ നിക്ഷേപസാധ്യതകളില്ലാത്തതുമായിരുന്നു. ഈ സാഹചര്യം അമേരിക്കയിലെ വാസയോഗ്യമായ ഭൂമിയുടെ ഭൂരിപക്ഷവും വന്‍കിട കോര്‍പ്പറേറ്റുകളുടെയും റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളുടെയും ഉയര്‍ന്ന വരുമാനക്കാരുടെയും കൈകളില്‍ എത്തിച്ചു. വേഗത്തിലുള്ള ഈ വാങ്ങിക്കൂട്ടല്‍ ഭൂമിയുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഓരോ വര്‍ഷവും ഏകദേശം 200 ശതമാനത്തിന്‌ മുകളിലേക്കുള്ള വര്‍ദ്ധനയാണ്‌ ഇക്കാലയളവില്‍ ഭൂവിലയില്‍ രേഖപ്പെടുത്തിയിരുന്നത്‌. രണ്ടിലധികം ദശാബ്‌ദക്കാലം വളരെ വേഗത്തില്‍ ഓടിയ ഈ പ്രവണത 1980 കളിലെത്തിയപ്പോള്‍ അല്‍പം കുറഞ്ഞു.

എണ്‍പതുകളുടെ തുടക്കത്തില്‍ അമേരിക്കയിലെ ഐ.ടി.മേഖല വന്‍ കുതിപ്പിലേക്ക്‌ പ്രവേശിച്ചു. ഇത്‌ അമേരിക്കയിലെ സാധാരണക്കാര്‍ക്കിടയില്‍ ഐ.ടി. ജോലിക്കാരെ സൃഷ്ടിക്കുകയും ഇത്തരം ജോലിക്കാര്‍ ഉയര്‍ന്ന ശമ്പളത്തിനും വരുമാനത്തിനും ഉടമകളായിത്തീരുകയും ചെയ്‌തു. ഇത്‌ താഴ്‌ന്ന വരുമാനത്തിലുണ്ടായിരുന്നവരെ ഇടത്തരക്കാരാക്കി മാറ്റാന്‍ ഏറെ സഹായിച്ചു. ഇടത്തരക്കാര്‍ ഉയര്‍ന്ന വരുമാനത്തിന്റെ ഉടമകളായും മാറി. ഇത്‌ അമേരിക്കയിലെ ഭവനങ്ങളുടെയും ഭൂമിയുടെയും ഇതര നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെയും ആവശ്യം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചപ്പോള്‍, കോര്‍പ്പറേറ്റുകളുടെയും ഉന്നതരുടെയും കൈകളിലെത്തിയിരുന്ന ഭൂമിയുടെ വില വീണ്ടും വര്‍ദ്ധിച്ചു. ഭൂമിയുടെ വില വര്‍ദ്ധിക്കുന്നതനുസരിച്ച്‌ ഇതരമേഖലകളിലും വില വര്‍ദ്ധന കുത്തനെ മുകളിലേക്ക്‌ പോയി. ഇത്‌ ഇടത്തരക്കാരെയും പെട്ടെന്ന്‌ ഉയര്‍ന്ന വരുമാനത്തിലേക്കെത്തിച്ചേര്‍ന്നവരെയും ബാങ്ക്‌ വായ്‌പകളിലേക്ക്‌ തിരിയാന്‍ പ്രേരിപ്പിച്ചു.

ഈ സാഹചര്യം മുതലെടുക്കാനായി ബാങ്കുകളും പണ-വായ്‌പ ഏജന്‍സികളും (Mortgage institution) കച്ചകെട്ടിയിറങ്ങി. വായ്‌പകൊടുക്കുന്നതിനുളള നിലനിന്നിരുന്ന ചട്ടങ്ങള്‍ക്കനുസൃതമായ യോഗ്യതാമാനദണ്‌ഡങ്ങള്‍ പോലും കണക്കിലെടുക്കാതെ ഭൂമി വാങ്ങിക്കുന്നതിനും, ഭൂമിയുടെ ഈടിന്‍മേലും, ഭവനങ്ങളുടെ ഈടിന്‍മേലും, ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനും, വാഹനങ്ങള്‍ വാങ്ങിക്കുന്നതിനും വായ്‌പകള്‍ നല്‍കപ്പെട്ടു. ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന അതേ അവസ്ഥ അഥവാ വഴിയേ പോകുന്നവരേയും വീട്ടിലിരിക്കുന്നവരേയും വിളിച്ചു വരുത്തി വായ്‌പ കൊടുക്കുന്ന അവസ്ഥ. തുടക്കത്തിലെ ഭീമമായ ഡിമാന്റ്‌ ഇതിനെ സാധൂകരിക്കുന്നുണ്ടായിരുന്നു. ഇത്തരം വായ്‌പകള്‍ വന്‍ വരുമാനവും കൊളളലാഭവും നേടിത്തരുന്ന ഒന്നായി ധനകാര്യമേഖലയില്‍ വിലയിരുത്തപ്പെട്ടു.

മൂലധന ക്രയവിക്രയ രീതി

മുതലാളിത്ത രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ ഘടകങ്ങളിലൊന്നാണ്‌ മൂലധന വിപണി. മൂലധനം ആണ്‌ അവിടുത്തെ വില്‌പന ചരക്ക്‌. നമുക്ക്‌ പരിചയമുളള ഓഹരി വിപണി അഥവാ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ അതിന്റെ ഒരു ഭാഗം മാത്രമാണ്‌. കമ്പനികളുടെ ഷെയറുകളും കടപ്പത്രങ്ങളും മ്യൂച്വെല്‍ ഫണ്ടുകളും കൈമാറ്റം ചെയ്യുക എന്ന പരമ്പരാഗത രീതികളില്‍ നിന്ന്‌ ആധുനിക മൂലധനവിപണി ഏറെ വികസിച്ചിരിക്കുന്നു. മൂലധനവിപണിയെന്നാല്‍, മൂലധനം കൈമാറ്റം ചെയ്യുന്നയിടം. മൂലധനം ആവശ്യമുളളവര്‍ തങ്ങളുടെ പക്കലുളള ആസ്‌തികള്‍ സെക്യൂരിറ്റിയായി വച്ചുകൊണ്ട്‌ വിപണിയില്‍ നിന്ന്‌ പണം തേടുന്നു. പണം നിക്ഷേപിക്കാനുളളവര്‍-അത്‌ സാധാരണ നിക്ഷേപകരാവാം, ബാങ്കുകള്‍ പോലെയുളള ധനകാര്യസ്ഥാപനങ്ങളാവാം-ഈ സെക്യൂരിറ്റികള്‍ക്കുമേല്‍ പണം നിക്ഷേപിക്കുന്നു.

വിനിമയമൂല്യമുളള ഒരു ആസ്‌തിയെയാണ്‌ ഇങ്ങനെ സെക്യൂരിറ്റി ആക്കി മാറ്റുന്നത്‌. ഇതിനെ സെക്യൂരിറ്റൈസേഷന്‍ എന്നു വിളിക്കുന്നു. പരമ്പരാഗത ഓഹരി വിപണികളിലെ സെക്യൂരിറ്റി അഥവാ ഈട്‌ എന്നു പറയുന്നത്‌ കമ്പനികളുടെ ഓഹരികള്‍ (ഇക്വിറ്റി ഷെയേഴ്‌സ്‌) ആയിരുന്നു. അതായത്‌ ഒരു കമ്പനിയുടെ മൊത്തം മൂല്യം തുല്യമായി വിഭജിച്ച്‌ ഓരോ യൂണിറ്റാക്കുന്നു. ഒരാള്‍ ഈ യൂണിറ്റ്‌ ഓഹരി വാങ്ങുമ്പോള്‍ അയാള്‍ക്ക്‌ ആ കമ്പനിക്ക്‌ മേല്‍ ആ യൂണിറ്റിന്‌ തക്ക ഉടമസ്ഥാവകാശമാണ്‌ ലഭിക്കുന്നത്‌. കമ്പനിക്കോ? ആ യൂണിറ്റിന്റെ മൂല്യം മൂലധനമായി ലഭിക്കുന്നു. അങ്ങനെ ഒരു കമ്പനിയുടെ ഉടമസ്ഥാവകാശം ഷെയറുകളായി പൊതുവിപണിയായ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്യുമ്പോള്‍, അത്‌ അവിടെ ആര്‍ക്കും വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്ന ആസ്‌തി ആവുന്നു. ആ ഓഹരിയിലെ നിക്ഷേപകന്‍ കമ്പനിയില്‍ അത്രകണ്ട്‌ ഉടമസ്ഥതയും ലാഭ വിഹിതവും കിട്ടാന്‍ അര്‍ഹനാകുന്നു. ഓഹരിവിപണിയിലെ ഷെയറിന്റെ മൂല്യത്തിനനുസരിച്ച്‌ കമ്പനികളുടെ കമ്പോളമൂല്യം കൂടുകയും കുറയുകയും ചെയ്യുന്നു.

ഇതിന്‌ സമാനമായ ഒന്നാണ്‌ ഡിബെഞ്ചേഴ്‌സ്‌ അഥവാ കടപ്പത്രങ്ങളും ബോണ്ടുകളും. ഇവിടെ ഗവണ്‍മെന്റിനോ സ്ഥാപനങ്ങള്‍ക്കോ, മൂലധന വിഹിതം കടമായാണ്‌ നല്‍കപ്പെടുന്നത്‌. ഇവിടെ നിക്ഷേപകന്‌ ഉടമസ്ഥാവകാശം ലഭിക്കുന്നില്ല. എന്നാല്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നു. പരമ്പരാഗതമൂലധന വിപണിയിലെ മറ്റൊരു നിക്ഷേപമാര്‍ഗ്ഗം മ്യൂച്വെല്‍ ഫണ്ടുകളാണ്‌. ഷെയറുകളില്‍ നേരിട്ട്‌ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടാത്ത ഇടത്തരം നിക്ഷേപകന്‌ മ്യൂച്വെല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കാം. യൂണിറ്റ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ പോലുളള സ്ഥാപനങ്ങളാണ്‌ ഇന്ത്യയില്‍ മ്യൂച്വെല്‍ ഫണ്ട്‌ ബിസിനസ്സ്‌ ആരംഭിച്ചത്‌. ഇവര്‍ക്ക്‌ ഇത്തരം അനവധി ഫണ്ടുകളും അവയ്‌ക്കെല്ലാം ഫണ്ട്‌ മാനേജര്‍മാരും ഉണ്ടാകും. ഇവിടെയും `മ്യൂച്വെല്‍ ഫണ്ട്‌ യൂണിറ്റുകള്‍’ലാണ്‌ നിക്ഷേപകര്‍ പണം നിക്ഷേപിക്കുന്നത്‌. ഇങ്ങനെ പലരുടെ കൈയില്‍ നിന്നായി സമാഹരിച്ചെടുക്കുന്ന വന്‍ തുകകള്‍, അതാത്‌ ഫണ്ട്‌ മാനേജര്‍മാര്‍ ഓഹരികളില്‍ നിക്ഷേപിക്കുകയോ കമ്പനികള്‍ക്ക്‌ കടമായി നല്‍കുകയോ ചെയ്യും. ഇതില്‍ നിന്നുണ്ടാകുന്ന ലാഭനഷ്‌ടങ്ങള്‍ മ്യൂച്വെല്‍ ഫണ്ട്‌ യൂണിറ്റുകളില്‍ പ്രതിഫലിക്കും.

എന്നാല്‍, ഇന്ന്‌ ഇത്തരം സെക്യൂരിറ്റികളില്‍ നിന്നൊക്കെ വിപണി വളരെയധികം വികസിച്ചിരിക്കുന്നു. വിനിമയ മൂല്യമുളള എന്തും സെക്യൂരിറ്റിയാക്കി പണം സ്വരുക്കൂട്ടാനും അതിന്‍ മേല്‍ ഊഹക്കച്ചവടം നടത്തുവാനും കഴിയുന്ന രീതിയില്‍ മൂലധനവിപണികള്‍ മാറിയിരിക്കുന്നു. അതിന്റെ ഒരു രൂപമാണ്‌ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌. ധാന്യങ്ങള്‍, നാണ്യ വിളകള്‍, സ്വര്‍ണ്ണം, വെളളി, ധാതുക്കള്‍ തുടങ്ങി എല്ലാ കാര്‍ഷിക വ്യവസായിക ഉല്‍പന്നങ്ങളും സെക്യൂരിറ്റികള്‍ എന്നതു പോലെ ക്രയവിക്രയം ചെയ്യാന്‍ പറ്റുന്ന സംവിധാനമാണ്‌ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌. National Commodities and Derivatives Exchange(NCDE), മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌ തുടങ്ങിയ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍ ഇന്ത്യയിലും ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. നമ്മുടെ രാജ്യത്തേക്കാളും വികസിത മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ മൂലധനവിപണിയും അത്രയും തന്നെ വികസിതമാണ്‌. ഓരോ തരത്തിലുളള സെക്യൂരിറ്റിയും മൂലധനം കൈമാറ്റം ചെയ്യാനും നിക്ഷേപിക്കാനും, പിന്നീട്‌ ആ നിക്ഷേപങ്ങള്‍ക്ക്‌ മേല്‍ ഊഹക്കച്ചവടം നടത്തി ലാഭം പെരുപ്പിക്കാനുമുളള ഉപകരണങ്ങള്‍ മാത്രമാണ്‌.

പ്രതിസന്ധി വന്ന വഴിയും ബുഷിന്റെ താല്‍പര്യവും

ഇത്തരത്തില്‍ ലാഭത്തെ മാത്രം മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ സാമ്പത്തിക പ്രത്യയശാസ്‌ത്രത്തില്‍ നിന്ന്‌ ഉടലെടുത്തതാണ്‌ ഇന്നത്തെ പ്രതിസന്ധി. യാതൊരു നിയന്ത്രണവുമില്ലാതെ ബാങ്കുകള്‍ വായ്‌പകള്‍ നല്‍കുന്നതും അത്‌ ഭീമമായ ലാഭമുണ്ടാക്കുമെന്ന്‌ വിലയിരുത്തപ്പെട്ടതും നേരത്തെ പറഞ്ഞുവല്ലോ! കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌ പോലെ അമേരിക്കയില്‍ ഈട്‌ വെയ്‌പുകളും (Mortgage Exchanges) സെക്യൂരിറ്റികളായി മാറ്റി ക്രയവിക്രയം നടത്താം. അതായത്‌ നാം ബാങ്കില്‍ പണയം വയ്‌ക്കുന്ന ഭൂമിയോ ഇതര പണയവസ്‌തുക്കളോ, സെക്യൂരിറ്റിയായി കാണിച്ച്‌ ബാങ്ക്‌ മറ്റു പലരില്‍ നിന്നും വികസനത്തിന്‌ മൂലധനം സമാഹരിക്കുന്ന രീതി.

പ്രസ്‌തുത വായ്‌പകളും അതിന്റെ പണയവസ്‌തുവുമാണ്‌ (ഈട്‌) അതിന്റെ ആസ്‌തി. ഉപഭോക്താവ്‌ തന്റെ ഭവനമോ വസ്‌തുവോ ഈട്‌ വെച്ച്‌ ഒരു ബാങ്കില്‍ നിന്ന്‌ ലോണ്‍ എടുക്കുന്നു. ആ ലോണ്‍ കാലാവധിയില്‍ ലഭിക്കുന്ന പലിശ തന്നെ ബാങ്കിന്‌ ഒരു സ്ഥിര വരുമാനമാണല്ലോ. അഥവാ തിരിച്ചടവ്‌ മുടങ്ങിയാല്‍ തന്നെ ബാങ്കിന്‌ ഈ വസ്‌തു അല്ലെങ്കില്‍ ഈട്‌ ജപ്‌തി ചെയ്‌ത്‌ ഏറ്റെടുക്കാം. ലേലത്തിലോ അല്ലാതെയോ മറിച്ച്‌ വില്‍ക്കാം. ഭൂരിപക്ഷ കേസുകളിലും ഈടിന്റെ മൊത്തം കടവും പലിശയും ചേര്‍ന്ന തുകയുടെ ഒരുപാട്‌ ഇരട്ടിതന്നെ ഇങ്ങനെ ഒറ്റയടിക്ക്‌ തിരിച്ചു കിട്ടും. അതിവളര്‍ച്ച കാണിക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ വമ്പിച്ച ആവശ്യകത ഈ ഈടിന്റെ വിലകളെ പതിന്മടങ്ങ്‌ ഉയര്‍ത്തുകയും ചെയ്‌തു. അപ്പോള്‍ കൂടുതല്‍ പണയങ്ങള്‍ കൈവശമുളളവര്‍ കൂടുതല്‍ ലാഭമുണ്ടാക്കി തുടങ്ങി. ഇത്‌ കൂടുതല്‍ പണയവായ്‌പകള്‍ സ്വന്തമാക്കുന്നതിന്‌ ബാങ്കുകള്‍ തമ്മില്‍ മത്സരിക്കുന്ന ഘട്ടം വരെ എത്തിച്ചു.

അമേരിക്കയിലെ സംവിധാനം അനുസരിച്ച്‌ ഈ പണയങ്ങള്‍ മോര്‍ട്‌ഗേജ്‌ ബാങ്കേഴ്‌സ്‌ അസോസിയേഷന്‍ വഴി സെക്യൂരിറ്റികളായി കൈമാറ്റം ചെയ്യപ്പെടാമല്ലോ. അതായത്‌ ഒരു ബാങ്കിന്റെ പണയങ്ങള്‍ ഒരു നിക്ഷേപകനോ, മറ്റൊരു ബാങ്കിനോ വാങ്ങിച്ചെടുക്കാം. അതിന്‌ മേല്‍ ഊഹക്കച്ചവടം നടത്താം, വന്‍ലാഭം കൊയ്യാം. പിന്നെ പറയണോ പൂരം. ഏറ്റവും കുറഞ്ഞ സമയം കൊണ്ട്‌ ഏറ്റവും കുറഞ്ഞ നിക്ഷേപത്തിലൂടെ ഏറ്റവും കൂടിയ ലാഭം എന്നതാണല്ലോ മുതലാളിത്തത്തിന്റെ വിശുദ്ധമായ ലക്ഷ്യം. വന്‍ തോതില്‍ നല്‍കപ്പെട്ട മോര്‍ട്‌ഗേജ്‌്‌ ലോണുകളെല്ലാം സെക്യൂരിറ്റികളായി വിപണിയിലേക്ക്‌ നീങ്ങി. അതിന്‌ മേല്‍ നിക്ഷേപിക്കാന്‍ ബാങ്കുകളും സ്വകാര്യനിക്ഷേപകരും ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കുകളുമൊക്കെ മത്സരമായി. തുടക്കത്തില്‍ എല്ലാവര്‍ക്കും പെരുത്തലാഭം കിട്ടുകയും ചെയ്‌തു. യഥാര്‍ത്ഥ വായ്‌പയുടേയും ഈടിന്റേയുമൊക്കെ പതിന്മടങ്ങ്‌ മൂല്യം അതിനുമേലുളള സെക്യൂരിറ്റികളില്‍ നിക്ഷേപിക്കപ്പെട്ടു.

പെരുപ്പിക്കപ്പെട്ട വളര്‍ച്ച ഒരു വിധം സുഗമമായി മുന്നോട്ട്‌ പോകുമ്പോള്‍ ഒരു അത്യാഹിതം ഉണ്ടായി. ഊതിവീര്‍പ്പിച്ച റിയല്‍ എസ്റ്റേറ്റ്‌ കുമിള പൊട്ടി! ഇതിന്റെ പ്രധാന കാരണമെന്ന്‌ പറയാവുന്നത്‌ പല ആവശ്യങ്ങള്‍ക്കും അമേരിക്കയെ ആശ്രയിച്ചിരുന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വയം പര്യാപ്‌തത നേടാന്‍ തുടങ്ങിയതാണ്‌. ഇന്ത്യയെപ്പോലുള്ള നിരവധി രാഷ്ട്രങ്ങളിലേക്ക്‌ ആയുധങ്ങളും, മരുന്നുകളും, ഐ.ടി. ഉല്‍പന്നങ്ങളും, സര്‍വ്വീസുകളും, ഇതര അസംസ്‌കൃത വസ്‌തുക്കളും തുടങ്ങി പലതും കയറ്റി അയച്ചിരുന്ന അമേരിക്കന്‍ കമ്പനികളുടെ ബിസിനസ്സ്‌ ഗണ്യമായി കുറഞ്ഞു. അമേരിക്കയില്‍ നിന്ന്‌ നേരിട്ട്‌ മാത്രമല്ല, നിരവധി രാജ്യങ്ങളില്‍ അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി കുറയുമ്പോള്‍ അതും ആത്യന്തികമായി ബാധിക്കുന്നത്‌ അമേരിക്കന്‍ കമ്പനികളെയാണ്‌.

ഇങ്ങനെ അമേരിക്കയിലെ അതിസമ്പന്നരെയും കോര്‍പ്പറേറ്റുകളെയും സാമ്പത്തിക പ്രശ്‌നങ്ങള്‍ പിടികൂടിത്തുടങ്ങി. ഇതിനെ മറികടക്കാന്‍ ദശാബ്‌ദങ്ങളായി വാങ്ങിക്കൂട്ടിയ നിക്ഷേപങ്ങള്‍ വില്‍ക്കാനാരംഭിച്ചു. അപ്പോള്‍ വില്‍ക്കപ്പെടാനുള്ള ഭവനങ്ങളും വസ്‌തുക്കളും അമേരിക്കയില്‍ സുലഭമായി. എന്നാല്‍ അതിന്‌ വിപണി നിശ്ചയിച്ച വില ബഹുഭൂരിപക്ഷത്തിനും താങ്ങാവുന്നതായിരുന്നില്ല. വായ്‌പകള്‍ നല്‍കിയാല്‍ തന്നെ വാങ്ങുവാന്‍ ആളെ കിട്ടാതായി. വിപണി സമ്മര്‍ദ്ദവും വായ്‌പകളുടെ പലിശ നിരക്കും ഉയര്‍ത്തിയെന്നത്‌ എടുത്ത വായ്‌പകളുടെ തന്നെ തിരിച്ചടവിനെ ബാധിച്ചു. വമ്പിച്ച ലഭ്യതയുണ്ടായിട്ടും വാങ്ങാന്‍ ജനത്തിന്‌ പണമില്ലാത്ത അവസ്ഥ. റിയല്‍ എസ്റ്റേറ്റ്‌ വിലകള്‍ താഴ്‌ന്നു. മുന്‍-പിന്‍ നോട്ടമില്ലാതെ വായ്‌പകള്‍ വാരിക്കോരി നല്‌കിയ ബാങ്കുകള്‍ വെട്ടിലായി. വായ്‌പയെടുത്ത പലര്‍ക്കും അതിന്റെ മുതല്‌ പോലും തിരിച്ചടയ്‌ക്കാനുളള വരുമാനമില്ലായിരുന്നു. റിയല്‍ എസ്റ്റേറ്റ്‌ വിലകള്‍ ഇടിഞ്ഞതോടെ വസ്‌തു വിറ്റെങ്കിലും വായ്‌പതിരിച്ചടയ്‌ക്കുക എന്നതും അസാധ്യമായി. തിരിച്ചടവ്‌ മുടങ്ങിയവരുടെ വസ്‌തുക്കള്‍ ഏറ്റെടുത്ത ബാങ്കുകളും കുഴങ്ങി. പണയവസ്‌തു ലേലം ചെയ്യാനോ വില്‍ക്കാനോ ശ്രമിച്ചാല്‍ വായ്‌പയുടെ മൂല്യംപോലും തിരികെ ലഭിക്കാതായി. ഇത്‌ ബാങ്കുകള്‍ക്ക്‌ വന്‍ നഷ്‌ടം തന്നെ വരുത്തിവെച്ചു. ഊഹക്കച്ചവടം നടത്തി പെരുപ്പിച്ച മോര്‍ട്‌ഗേജ്‌ സെക്യൂരിറ്റികളുടെ വില ഇടിഞ്ഞു. അവയില്‍ വന്‍ തുകകള്‍ നിക്ഷേപിച്ചവര്‍ക്ക്‌ പണം നഷ്‌ടപ്പെട്ടു.

മറുവശത്ത്‌ വായ്‌പകളുടെ തിരിച്ചടവ്‌ മുടങ്ങിയവരുടെ വസ്‌തുവകകള്‍ ബാങ്കുകള്‍ ജപ്‌തി ചെയ്‌ത്‌ ആയിരക്കണക്കിന്‌ പേരെ ഭവനരഹിതരാക്കി. ആളൊന്നിന്‌ ശരാശരി ഒരു വാഹനം വീതമുളള രാജ്യത്ത്‌, ഇന്ന്‌ പലര്‍ക്കും ആ വാഹനങ്ങള്‍ തന്നെ വീടായി മാറുകയാണ്‌. വിപണിയിലെ തകര്‍ച്ച പല കമ്പനികളെ നഷ്‌ടത്തിലാക്കിയതു മൂലവും ഔട്ട്‌ സോഴ്‌സിങ്ങ്‌ മൂലവും വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്‌മയും, പണപ്പെരുപ്പവും അമേരിക്കയിലെ പാവപ്പെട്ടവന്റേയും സാധാരണക്കാരന്റേയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്നു. സ്വന്തം കഴിവിന്റെ അപ്പുറത്തുളള തുകകള്‍ കണ്ണഞ്ചിപ്പിക്കുന്ന വാഗ്‌ദാനങ്ങള്‍ നല്‍കി വായ്‌പയെടുപ്പിച്ച ബാങ്കുകളും `ഇല നക്കി നായയുടെ ചിറി നക്കി നായ’ എന്ന പോലെ ആ വായ്‌പ സെക്യൂരിറ്റികളില്‍ ഊഹക്കച്ചവടം നടത്തി കൊളളലാഭം ഉണ്ടാക്കാന്‍ നോക്കിയ ഇന്‍വെസ്റ്റ്‌മെന്റ്‌ബാങ്കുകളും എല്ലാം കണ്ട്‌ കണ്ണടച്ച്‌ മൗനാനുവാദം നല്‍കിയ ഗവണ്‍മെന്റും ഇന്ന്‌ ഈ പ്രതിസന്ധിക്ക്‌ കുറ്റപ്പെടുത്തുന്നത്‌ വായ്‌പയെടുത്ത്‌ തിരിച്ചടവ്‌ മുടക്കിയവരെയാണ്‌.

എല്ലാവര്‍ക്കും സ്വന്തം ഭവനം എന്ന സമത്വസുന്ദര സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനൊന്നുമല്ല ഒരു ബാങ്കും ഒരാള്‍ക്കും വായ്‌പകൊടുത്തത്‌. ബാങ്കിന്റെ ലാഭത്തിന്‌ വേണ്ടി തന്നെയാണത്‌. ഈ വായ്‌പ വാങ്ങികൊണ്ട്‌ പോകുന്ന പലര്‍ക്കും അത്‌ കൃത്യമായി തിരിച്ചടയ്‌ക്കാനാവില്ലെന്നും അതുകൊണ്ട്‌ തന്നെ, നാളെ, ഇവരുടെ വസ്‌തുവകകള്‍ തങ്ങളുടെ അധീനതയില്‍ എത്തുമെന്നും ബാങ്കുകള്‍ക്ക്‌ കൃത്യമായി അറിയാമായിരുന്നു. വായ്‌പയുടെ തിരിച്ചടവിന്റെ ഇരട്ടി മൂല്യം, വര്‍ദ്ധിക്കുന്ന ഭൂമിവിലയിലൂടെ ആ വസ്‌തുക്കള്‍ക്ക്‌ ഉണ്ടാകുമെന്ന്‌ അവര്‍ക്ക്‌ വ്യക്തമായ കണക്കുകൂട്ടലുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ ഒരു സാധാരണ ബ്ലേഡ്‌കാരന്റെ അതേ തന്ത്രം. കൈവശം വരുന്ന ഈ വസ്‌തുക്കള്‍ മറിച്ചു വില്‍ക്കുമ്പോള്‍ കിട്ടുന്ന കൊളളലാഭം തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം. അതുണ്ടായില്ലെങ്കില്‍ തന്നെ വായ്‌പകളുടെ തിരിച്ചടവ്‌ എന്നകൊഴുത്ത വരുമാനം. പിന്നില്‍ നിന്ന്‌ പ്രോത്സാഹനവുമായി കഴുകന്‍ കണ്ണുകളോടെ ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കുകളും അവര്‍ നിയന്ത്രിക്കുന്ന ഗവണ്‍മെന്റും! തകര്‍ച്ചയ്‌ക്ക്‌ മുമ്പുളള റിയല്‍ എസ്റ്റേറ്റ്‌ കുതിപ്പുതന്നെ ഇവരെല്ലാം ചേര്‍ന്ന്‌ കൃത്രിമമായി സൃഷ്‌ടിച്ചതാണോയെന്നും സംശയിക്കാവുന്നതാണ്‌. അപ്പോള്‍ ഈ പ്രതിസന്ധിക്ക്‌ ആരാണ്‌ ഉത്തരവാദി? ഒരു സംശയവും വേണ്ട അത്യാര്‍ത്തിയും ലാഭക്കൊതിയും മൂത്ത ഈ കമ്പനികളും അതിന്‌ കൂട്ട്‌ നിന്ന ഭരണകൂടവും തന്നെയാണ്‌.

ഓര്‍ക്കാപ്പുറത്തുണ്ടായ അത്യാഹിതമാണെന്ന്‌ പറഞ്ഞ്‌ ഈ പ്രതിസന്ധിയുടെ കാരണക്കാര്‍ക്ക്‌ മാപ്പ്‌ കൊടുക്കാനാവില്ല. ലോകത്തെ ഒന്നാംകിട ബിസിനസ്സ്‌ സ്‌കൂളുകളില്‍ നിന്ന്‌ പഠിച്ചിറങ്ങി, പ്രതിമാസം ലക്ഷങ്ങളും കോടികളും ശമ്പളമായി വാങ്ങുന്നവരാണ്‌ ഈ ധനകാര്യ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നത്‌. ഇവര്‍ തന്നെയാണ്‌ അദൃശ്യകരങ്ങളാല്‍ മുതലാളിത്ത ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്നതും. ലോക സമ്പദ്‌ വ്യവസ്ഥയെത്തന്നെ നിയന്ത്രിക്കുന്ന വേള്‍ഡ്‌ ബാങ്ക്‌, ഐ. എം. എഫ്‌. തുടങ്ങിയവയുടെ ചരടുകള്‍ വലിക്കുന്നത്‌ മറ്റാരുമല്ല. ലോകത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കായ `ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ’ ഡയറക്‌ടര്‍ സ്ഥാനത്ത്‌ നിന്നാണ്‌ ഇപ്പോഴത്തെ വേള്‍ഡ്‌ ബാങ്ക്‌ ചെയര്‍മാന്‍ റോബര്‍ട്ട്‌ ബി സോഡാലിക്‌ ആ സ്ഥാനത്തേക്ക്‌ നിയമിതനായത്‌.

അമേരിക്കന്‍ ഗവണ്‍മെന്റ്‌ ഏറ്റെടുത്ത ലോകത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ്‌ കമ്പനി എ.ഐ.ജി യുടെ തലവനായി ഭരണകൂടം നിയമിച്ചതും ഇതേ ബാങ്കിന്റെ ഇപ്പോഴത്തെ ഡയറക്‌ടര്‍മാരില്‍ ഒരാളെയാണ്‌. ബുഷ്‌ ഭരണകൂടത്തിലെ ട്രഷറി സെക്രട്ടറിയും ഇതേ ബാങ്കിന്റെ നോമിനിയായിരുന്നു. ഇതു പോലുളള സ്വകാര്യകുത്തകകള്‍ക്ക്‌ ഭരണകൂടത്തിലുളള സ്വാധീനത്തിനും നിയന്ത്രണത്തിനും ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണിവ. ഇവരുടെ എല്ലാ അതിക്രമങ്ങള്‍ക്കും ഗവണ്‍മെന്റിന്റെ മൗനാനുവാദം ലഭിക്കുന്നതിനും ഇപ്പോള്‍ സ്വന്തം ആര്‍ത്തികൊണ്ട്‌ തകരുന്ന സ്ഥാപനങ്ങളെ നികുതിദായകന്റെ പണം എടുത്ത്‌ നല്‍കി രക്ഷപെടുത്താനും ബുഷ്‌ ഭരണകൂടം കച്ചകെട്ടിയിറങ്ങിയിരിക്കുന്നതിന്റെ പിന്നിലെ കാരണം മറ്റൊന്നുമല്ല.

അമേരിക്കന്‍ പ്രതിസന്ധികളും ലോകവും

അമേരിക്കയില്‍ ഇപ്പോള്‍ മൂര്‍ച്ഛിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ 1930 ലെ മഹാമാന്ദ്യത്തോടാണ്‌ ഉപമിച്ചിരിക്കുന്നത്‌. ലോക മുതലാളിത്തത്തിന്റെ സിരാകേന്ദ്രമായ അമേരിക്കയിലെ ഈ പ്രതിസന്ധി ലോകത്തെ എല്ലാ മുതലാളിത്ത രാജ്യങ്ങളേയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചിട്ടുണ്ട്‌. എല്ലായിടത്തേയും ഓഹരി വിപണികളില്‍ റെക്കോര്‍ഡ്‌ ഇടിവാണ്‌ രേഖപ്പെടുത്തുന്നത്‌. ഐ.ടി. രംഗത്തെ മാന്ദ്യം, ഇന്ത്യയെപോലുളള രാജ്യങ്ങളില്‍ വ്യക്തമായിക്കഴിഞ്ഞു. ലോകമൊട്ടാകെ ബാങ്കിങ്ങ്‌ സ്ഥാപനങ്ങള്‍ പലതും നഷ്‌ടത്തിലാണ്‌. ഇവിടങ്ങളിലെ ജീവനക്കാരില്‍ നല്ലൊരു പങ്കും പിരിച്ചുവിടപ്പെട്ടു കഴിഞ്ഞു. പണപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിച്ചു. ലോകമൊട്ടാകെയുളള മുതലാളിത്ത സമൂഹങ്ങളില്‍ വമ്പിച്ച ആശങ്ക പടര്‍ന്നിരിക്കുന്നു.

ഇനി നമുക്ക്‌ സാധാരണക്കാരനിലേക്ക്‌ വരാം. അമേരിക്കയിലും മറ്റ്‌ മുതലാളിത്ത രാഷ്‌ട്രങ്ങളിലും ദാരിദ്ര്യം വര്‍ദ്ധിച്ചിരിക്കുന്നു. തൊഴില്‍ രഹിതരുടേയും ഭവനരഹിതരുടേയും എണ്ണം ഭയങ്കരമായി പെരുകിയിരിക്കുന്നു. ഒപ്പം അന്തം വിട്ട വിലക്കയറ്റവും! ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കേണ്ട മറ്റ്‌ ചിലതുണ്ട്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്‌ക്ക്‌ ലോകത്ത്‌ അത്ഭുകരമായി വില വര്‍ദ്ധിച്ച രണ്ട്‌ വസ്‌തുക്കളുണ്ട്‌-പെട്രോളിയവും സ്വര്‍ണ്ണവും! ഒരു വര്‍ഷം മുമ്പ്‌ വരെ ബാരലിന്‌ 60 ഡോളറില്‍ താഴെയായിരുന്ന പെട്രോളിയത്തിന്‌ 150 ഡോളര്‍ വരെ വില ഉയര്‍ന്നു. രണ്ടര ഇരട്ടിയോളം. സ്വര്‍ണ്ണ വിലയിലും വന്‍ വര്‍ദ്ധനവുണ്ടായി. ഏത്‌ സാധാരണക്കാരനുമറിയാം, ഒരു ഉല്‍പന്നത്തിന്റെ വില വര്‍ദ്ധിക്കണമെങ്കില്‍ ഒന്നുകില്‍ അതിന്റെ ലഭ്യതയേക്കാള്‍ കൂടിയ ഡിമാന്റ്‌ ഉണ്ടാകണം. അല്ലെങ്കില്‍ ഡിമാന്റ്‌ അനുസരിച്ച്‌ സപ്ലെ ഉണ്ടാവാതിരിക്കണം. അതുമല്ലെങ്കില്‍ ഇതിലേതെങ്കിലും അവസ്ഥ കൃത്രിമമായി സൃഷ്‌ടിക്കണം. ഇവിടെ ഈ രണ്ട്‌ വസ്‌തുക്കളുടേയും യഥാര്‍ത്ഥ ഉല്‍പന്നത്തിലോ ഉപഭോഗത്തിലോ കാര്യമായ വ്യതിയാനം ഉണ്ടാകാഞ്ഞിട്ടും ഈ വസ്‌തുക്കളുടെ വില ഇത്രയധികം എങ്ങനെ വര്‍ദ്ധിച്ചു? തീര്‍ച്ചയായും കമ്മോഡിറ്റി ട്രേഡിങ്ങ്‌ ഇതില്‍ മുഖ്യമായ പങ്ക്‌ വഹിച്ചു. ഈ സംശയത്തിന്‌ ആക്കം കൂട്ടുന്നതാണ്‌ ഇവയുടെ ഇപ്പോഴത്തെ വിലയിടിവ്‌.

സബ്‌ പ്രൈം പ്രതിസന്ധിയുടെ ആരംഭ ദശകങ്ങളില്‍ അപകടം മണത്ത നിക്ഷേപക ബാങ്കുകളും ഫണ്ടിംഗ്‌ സ്ഥാപനങ്ങളും മോര്‍ട്‌ഗേജ്‌ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചിരുന്ന പണം വ്യാപകമായി പിന്‍വലിച്ചിരിക്കണം. ഇത്‌ വേഗത്തിലുളള തകര്‍ച്ചക്ക്‌ ആക്കം കൂട്ടിയിരിക്കാം. കൈവശം മൂലധനം ഒരിക്കലും ഇവര്‍ക്ക്‌ വെറുതേ വെച്ചിരിക്കാനാവില്ല. അതിന്റെ ഒരു ഭാഗം ഇന്ത്യയെ പോലുളള രാജ്യങ്ങളിലെ `വികസിച്ചു’ കൊണ്ടിരിക്കുന്ന വിപണിയിലേക്കൊഴുക്കി. (കഴിഞ്ഞ ഒന്നു രണ്ട്‌ വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ഓഹരി വിപണികളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഇതിനെ സാധൂകരിക്കുന്നു. ഒപ്പം ഡോളറിന്റെ വിനിമയമൂല്യത്തിനുണ്ടായ വിലക്കുറവും. പ്രതിസന്ധിയുണ്ടായപ്പോള്‍ നിക്ഷേപിച്ചത്‌ വിറ്റ്‌ പണം തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിത്തകര്‍ച്ചയും ഡോളറിന്റെ വിനിമയ മൂല്യത്തിലെ വന്‍ വര്‍ദ്ധനയും). ശേഷിച്ച ഭാഗം കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണ്ണത്തിലും പെട്രോളിയത്തിലും അവര്‍ നിക്ഷേപിച്ചു. വെറുതേ നിക്ഷേപിച്ചാല്‍ പോരല്ലോ, ലാഭമുണ്ടാക്കണ്ടേ? അതിനായി ഊഹക്കച്ചവടവും നടത്തിയിട്ടുണ്ടാകണം. അതിന്റെ ഫലമാവാം ഈ രണ്ട്‌ വസ്‌തുക്കള്‍ക്കുമുണ്ടായ അഭൂതപൂര്‍വ്വമായ വിലക്കയറ്റം.

പെട്രോളിയത്തിന്‌ വില ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ യു.എസ്‌. ഗവണ്‍മെന്റിന്റെ വാണിജ്യവകുപ്പ്‌ ഇതു സംബന്ധിച്ച്‌ അന്വേഷണത്തിന്‌ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കുത്തകകള്‍ക്ക്‌ വിധേയമായ അമേരിക്കന്‍ ഭരണകൂടം അത്‌ തേയ്‌ച്ചുമായ്‌ച്ചു കളഞ്ഞു. അതുപോലെ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു പിടിച്ച്‌ എല്ലാം ന്യായീകരിക്കപ്പെടാനെന്നവണ്ണം, അമേരിക്കയുടെ സമ്മര്‍ദ്ദം മൂലം വിളിച്ചു ചേര്‍ത്ത ഒപെക്‌ (എണ്ണ ഉല്‍പ്പാദക-കയറ്റുമതി രാജ്യങ്ങളുടെ സംഘടന) സമ്മേളനത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ഉല്‍പാദനം കൂട്ടാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഭൂരിപക്ഷം രാജ്യങ്ങളും ഇതിനെ എതിര്‍ത്തു. അവര്‍ വ്യക്തമായി പറഞ്ഞ കാരണം ഇതാണ്‌. പെട്രോളിയം വില വര്‍ദ്ധിച്ചത്‌ ഉല്‍പാദനത്തിലെ കുറവ്‌ കൊണ്ടല്ല, കമ്മോഡിറ്റി ട്രേഡിങ്ങും, ഊഹക്കച്ചവടവും കൊണ്ടാണ്‌. വിലവര്‍ദ്ധനവ്‌ നിയന്ത്രിക്കണമെങ്കില്‍ പെട്രോളിയത്തിന്‌ മേലുളള കമ്മോഡിറ്റി ട്രേഡിങ്ങ്‌ നിയന്ത്രിക്കുകയോ നിര്‍ത്തുകയോ ആണ്‌ വേണ്ടത്‌. എന്നാല്‍ അവസാനം അമേരിക്കന്‍ സമ്മര്‍ദ്ദം തന്നെ വിജയിച്ചു.

പെട്രോളിയം വിലവര്‍ദ്ധനവ്‌ ലോകത്തെ എങ്ങനെ ബാധിക്കുന്നു എന്ന്‌ പറയേണ്ടതില്ലല്ലോ! ക്രമാതീതമായ പണപ്പെരുപ്പം, അതുണ്ടാക്കുന്ന വിലക്കയറ്റം ഇതെല്ലാം ലോകത്തങ്ങോളമിങ്ങോളമുളള സാധാരണക്കാരന്റെ ജീവിതം അതിദുസ്സഹമാക്കിയിരിക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുത്തനെ ഇടിഞ്ഞിട്ടും അല്‍പ്പദിവസത്തേക്ക്‌ ദരിദ്രനെ സഹായിക്കാനായിട്ടെങ്കിലും ഇന്ത്യയിലെ സര്‍ക്കാര്‍ വില കുറച്ചോ? ഇല്ലേയില്ല. ഇതെല്ലാം കുത്തകകളെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്‌. അതെ, ലോകത്തെമ്പാടും കുറച്ച്‌ കുത്തകകളുടേയും വ്യക്തികളുടേയും കയ്യില്‍ പണം കുമിഞ്ഞു കൂടുന്നു. ഇന്ത്യയുടെ തന്നെ കാര്യമെടുക്കാം. സ്വിറ്റ്‌സര്‍ലണ്ട്‌ ആസ്ഥാനമായുള്ള സ്വിസ്‌ബാങ്ക്‌ അക്കൗണ്ടുകളില്‍ 2006 മാര്‍ച്ച്‌ വരെ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം ഏകദേശം എഴുപത്തെട്ട്‌ ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയാണ്‌.

സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ ഉയര്‍ന്ന നിക്ഷേപത്തിനുള്ള ഒന്നാം സ്ഥാനം നമ്മുടെ (?) ഇന്ത്യക്കാണ്‌. രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന റഷ്യയുടെ നിക്ഷേപം 24 ലക്ഷം കോടിയാണ്‌. യു.കെ.യുടേത്‌ 20 ലക്ഷം കോടിയും ഉക്രയിന്റേത്‌ 5 ലക്ഷം കോടിയും ചൈനയുടേത്‌ 4 ലക്ഷത്തി എണ്‍പതിനായിരം കോടിയുമാണ്‌. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സ്വിസ്‌ നിക്ഷേപത്തില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യക്ക്‌ ഇന്ത്യയോടൊപ്പമെത്താന്‍ അന്‍പത്തിനാല്‌ ലക്ഷത്തി എണ്‍പതിനായിരം കോടിയുടെ നിക്ഷേപം വേണം. നമ്മുടെ രാജ്യത്തിന്റെ ആകെ വിദേശകടത്തിന്റെ 13 ഇരട്ടിയാണ്‌ ഇന്ത്യയില്‍ നിന്നുള്ള സ്വിസ്‌ നിക്ഷേപം!!? ആരുടേതാണ്‌ ഈ നിക്ഷേപങ്ങളത്രയും? കണ്ടെത്താന്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകനോ, രാഷ്ട്രീയപ്രവര്‍ത്തകനോ, നീതിനിയമ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കോ സാധിക്കില്ല. സ്വിറ്റ്‌സര്‍ലണ്ടിലെ നിയമമനുസരിച്ച്‌ നിക്ഷേപകരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്‌ക്കുന്നതാണ്‌ ഇതിന്റെ കാരണം.

എന്നാല്‍ ഭാരതസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ സ്വിസ്‌ ബാങ്കുകള്‍ തയ്യാറാണ്‌. പക്ഷേ ഒരു ഭരണകൂടവും അതാവശ്യപ്പെടില്ല. കാരണം വളരെ ലളിതമാണ്‌. ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ഇടതിനും വലതിനും നടുവിനുമെല്ലാം ഈ നിക്ഷേപത്തില്‍ പങ്കാളിത്തമുണ്ടാവും. എഴുപത്തിയെട്ട്‌ ലക്ഷത്തി എണ്‍പതിനായിരം കോടിയുടെ പകുതി പണമുണ്ടെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ ദാരിദ്ര്യവും തുടച്ചുനീക്കാന്‍ കഴിയുമെന്ന സത്യം കൂടി നാമിതോടൊപ്പം ചേര്‍ത്തു വായിക്കണം. ഇത്‌ സ്വിസ്‌ ബാങ്കുകളിലെ നിക്ഷേപം മാത്രമാണ്‌. യു.എ.ഇ., യു.എസ്‌.എ., ജപ്പാന്‍, ജര്‍മ്മനി, കാനഡ, റഷ്യ, ഇംഗ്ലണ്ട്‌, ഹോങ്കോങ്‌, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ നിക്ഷേപം ഇതിനു പുറമേയാണ്‌. ഈ നിക്ഷേപങ്ങളുടെ നികുതി മാത്രം മതിയാകും ഇന്ത്യാ ഗവണ്‍മെന്റിന്‌ വികസനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍. ഇതിനൊന്നും ശ്രമിക്കാതെ വികസനം എന്നൊരു വാക്കിന്റെ മറവില്‍ ഇന്ത്യപോലെയുളള രാജ്യങ്ങളില്‍ സര്‍വ്വതും കച്ചവടമാക്കുന്നു.

പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കുന്നതിലല്ല ഓഹരിവിപണിയുടെ കുതിച്ചുകയറ്റത്തിലാണ്‌ നാടിന്റെ വളര്‍ച്ച എന്ന്‌ വിശ്വസിക്കുന്ന ഭരണകൂടങ്ങളുളള ഇന്ത്യയെ പോലുളള രാജ്യങ്ങള്‍, മുതലാളിത്ത ഭീമന്മാരുടെ പുതിയ മേച്ചില്‍ പുറങ്ങളായി. മൂലധനം അങ്ങോട്ടുമിങ്ങോട്ടും ഒഴുക്കിയും സാമ്പത്തിക ചൂതാട്ടങ്ങള്‍ നടത്തിയും ഈ ഭീമന്മാര്‍ വന്‍ ലാഭമുണ്ടാക്കിയപ്പോള്‍ കോടിക്കണക്കിന്‌ സാധാരണക്കാര്‍ നിത്യദാരിദ്ര്യത്തിലേക്കും ആത്മഹത്യയിലേയ്‌ക്കും നീങ്ങുകയായിരുന്നു. ആയിരക്കണക്കിന്‌ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ വീമ്പിളക്കിയിരുന്ന ഐ.ടി. മേഖലയിലെയും ബാങ്കിങ്ങ്‌ മേഖലയിലേയും അവസ്ഥയെന്താണ്‌? കഴിഞ്ഞ ഒരു വര്‍ഷമായി തൊഴില്‍ നഷ്‌ടങ്ങളുടെ കഥകളാണ്‌ എങ്ങും. ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെട്ടു. ഇപ്പോള്‍ രൂക്ഷമായിരിക്കുന്ന ഈ പ്രതിസന്ധി ഇന്ത്യയിലും നിരവധി തൊഴില്‍ നഷ്‌ടങ്ങള്‍ക്ക്‌ തുടക്കമിട്ടുകഴിഞ്ഞു. ഐ.ടി മേഖലയ്‌ക്കുണ്ടായിരിക്കുന്ന ആഘാതം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വ്യക്തമാകും. അത്‌ തീര്‍ച്ചയായും ഇപ്പോഴത്തേതുപോലെ ലളിതമായിരിക്കില്ല. കാരണം, ഇന്ത്യന്‍ ഐ.ടി. മേഖലയിലെ 40% പ്രൊജക്‌ടുകളും വരുമാനവും ബാങ്കിങ്ങ്‌ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ മേഖലയില്‍ നിന്നാണ്‌. ഇത്‌ തല്‍ക്കാലത്തേക്ക,്‌ അഥവാ തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ സര്‍ക്കാര്‍ വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെ പിടിച്ച്‌ നിര്‍ത്തും. തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ അതിഭീകരമായിത്തന്നെ ഇതെല്ലാം തകര്‍ന്നടിയും.

ഇനിയെന്ത്‌?

പ്രതിസന്ധിയിലകപ്പെട്ട അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയെ രക്ഷിക്കാന്‍ 70,000 കോടി ഡോളറിന്റെ വമ്പന്‍ പദ്ധതിയാണ്‌ ബുഷ്‌ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതുകൂടാതെ നിയുക്ത പ്രസിഡന്റ്‌ ബരാക്‌ ഒബാമ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്‌. രണ്ടും ചേരുമ്പോള്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ പദ്ധതിയാണിത്‌. രാജ്യങ്ങളെ തന്നെ വിലയ്‌ക്കെടുക്കാന്‍ പോന്ന ഈ തുകയെല്ലാം പ്രതിസന്ധിയില്‍പ്പെട്ട ധനകാര്യസ്ഥാപനങ്ങളെ രക്ഷിക്കാനായി പൊതുഖജനാവില്‍ നിന്ന്‌ ചെലവഴിക്കാനാണ്‌ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്‌. നിയുക്തനും ഒട്ടും പിന്നിലല്ല. യാതൊരുവിധ സാമൂഹിക – തൊഴില്‍ ധര്‍മ്മങ്ങളുമില്ലാത്ത, യഥാര്‍ത്ഥത്തില്‍ ലോകസമൂഹത്തിന്‌ ദ്രോഹം മാത്രം ചെയ്യുന്ന, ഒരു കൂട്ടം സ്ഥാപനങ്ങളെ രക്ഷിക്കാനാണ്‌ ഇപ്രകാരം പൊതുജനത്തിന്റെ പണമെടുത്ത്‌ ചെലവഴിക്കുന്നത്‌.

പതിനായിരക്കണക്കിന്‌ അമേരിക്കക്കാര്‍ തൊഴില്‍ രഹിതരായപ്പോഴോ, ഭവനരഹിതരായപ്പോഴോ, ദാരിദ്ര്യത്തിലമര്‍ന്നപ്പോഴോ ചെറുവിരലനക്കാത്ത ഒരു ഭരണകൂടമാണ്‌ സ്വന്തം ആര്‍ത്തിമൂലം തകരുന്ന വിഷപ്പുഴുക്കളായ കുറേ കുത്തകകളെ രക്ഷപെടുത്താനായി ഇപ്പോള്‍ പണമിറക്കുന്നത്‌. ഇത്രയും തുകയുണ്ടായിരുന്നുവെങ്കില്‍ ഈ ഭൂഗോളത്തില്‍ നിന്ന്‌ ദാരിദ്ര്യവും പട്ടിണിയും എന്നന്നേക്കുമായി തുടച്ചുനീക്കാമായിരുന്നു. എല്ലാവര്‍ക്കും ഭവനങ്ങള്‍ നല്‍കാമായിരുന്നു. അതിനൊന്നും മുടക്കാന്‍ തയ്യാറാകാത്ത പണം, സാധാരണക്കാരന്റെ പണം – അതെടുത്ത്‌ മുടക്കി അടിയന്തിര ശസ്‌ത്രക്രിയ നടത്തി ഒരുപക്ഷേ കമ്പനികളെ രക്ഷിച്ചെടുത്തു എന്നു വരാം. പക്ഷേ, അത്‌ താല്‌കാലികം മാത്രമാണ്‌. ഇത്രയും പണം ഒരുമിച്ച്‌ വിപണിയിലേക്കെത്തുമ്പോള്‍ ഉണ്ടാവുന്ന പണപ്പെരുപ്പം വരും നാളുകളില്‍ വ്യാപകമായ തൊഴില്‍ നഷ്‌ടങ്ങളുള്‍പ്പെടെ, ഭീകരമായ പ്രത്യാഘാതങ്ങളാണ്‌ സൃഷ്‌ടിക്കുക. അതില്‍ പ്രധാനം, രാജ്യത്തിന്റെ കരുതല്‍ നിക്ഷേപത്തിലെ വലിയ പങ്കാണ്‌ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്‌. ഇത്‌ നികത്താനായി ജനങ്ങളുടെ മേല്‍ കൂടുതല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കേണ്ടിവരും. കൂടുതല്‍ പേര്‍ ദരിദ്രരാക്കപ്പെടുക എന്നതായിരിക്കും ഇതിന്റെയെല്ലാം ആത്യന്തിക ഫലം. അതെ, ഇപ്പോള്‍ രക്ഷപെട്ടാലും കൂടുതല്‍ ഭീകരമായ തകര്‍ച്ച ലോകമുതലാളിത്തത്തെ കാത്തിരിക്കുന്നുണ്ട്‌.

ധനത്തെ എങ്ങനെ ഓരോ സെക്കന്റുകളിലും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കാം എന്നതിന്റെ എല്ലാ തലങ്ങളും പഠിച്ച്‌ പുറത്തിറങ്ങുന്ന, മാനുഷിക മൂല്യങ്ങളേയോ, പ്രപഞ്ചാവസാനം വരെ നിലനില്‍ക്കേണ്ട അടിസ്ഥാന ആവശ്യങ്ങളേയോ തിരിച്ചറിയാന്‍ കഴിയാത്ത, പ്രകൃതിയും വിഭവങ്ങളും മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യമുണ്ടെന്ന സാമാന്യബോധം പോലും നഷ്ടപ്പെട്ട സ്വാര്‍ത്ഥരും സുഖലോലുപരും മാത്രമായ ഒരു വിഭാഗം സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ (?) നിര്‍മ്മിച്ചെടുത്ത്‌, അടിച്ചേല്‍പിക്കപ്പെടുന്ന സമ്പദ്‌ വ്യവസ്ഥയുടെ ഭാഗമാണ്‌ ഈ പ്രതിസന്ധി. എല്ലാ മുന്നറിയിപ്പുകളേയും അവഗണിച്ച്‌ കൂടുതല്‍ പാശ്ചാത്യ വിധേയത്വവും ഉദാരവല്‍ക്കരണവുമായി മുന്നോട്ടു പോകുന്ന ഇന്ത്യയാകാം നാളെ ഇതിന്റെ ദയനീയ ഇര. ലാഭക്കൊതിമൂത്ത്‌ സ്വയം പ്രതിസന്ധിയിലാവുകയും ആ പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ സാധാരണക്കാരന്റെ തലയില്‍ കെട്ടിവെയ്‌ക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ്‌ വിപണന സംസ്‌കാരത്തില്‍ നിന്നുളള മോചനം ലോകത്തിന്‌ കൂടുതല്‍ അനിവാര്യമായിരിക്കുന്നു.

Note: This is a demo news content for trail run purpose

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE