ഇടുക്കി: മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെഎസ്‌യുവിന് പങ്കില്ലെന്ന് സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. യൂണിറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യാപക-അനധ്യാപിക-വിദ്യാർഥി സംഘടനകളുടെ ഗൂഢാലോചനയുണ്ടെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. എന്നാൽ, അധ്യാപകൻ അപമാനിക്കപ്പെട്ടെന്ന കാര്യത്തിൽ സംശയമില്ലെന്നും അധ്യാപകനൊപ്പമാണ് കെഎസ്‌യുവെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.
മഹാരാജാസ് കോളേജിലെ കാഴ്‌ചാ പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിൽ മഹാരാജാസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാസിലും ഉൾപ്പെട്ടിരുന്നു. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർഥികൾ അപമാനിച്ചത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി അധ്യാപകൻ പ്രിയേഷ് രംഗത്തെത്തി.
പരാതി കൊടുത്തതിന് ശേഷമാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ആരൊക്കെയാണെന്ന് അറിയുന്നത്. സംഘടനാ പ്രവർത്തകൻ ആയതിനാൽ മുഹമ്മദ് ഫാസിൽ ക്‌ളാസിൽ വൈകിയാണ് വരാറുള്ളത്. എന്നാൽ, അനുവാദം ചോദിച്ചിട്ട് മാത്രമേ ഫാസിൽ ക്‌ളാസിൽ കയറാറുള്ളൂവെന്നും അധ്യാപകൻ വിശദീകരിച്ചു. ഫാസിൽ ഉൾപ്പടെ ഒരു വിദ്യാർഥിയുമായും തനിക്ക് പ്രശ്‌നമില്ലെന്നും അധ്യാപകൻ പറഞ്ഞു.
കാഴ്‌ചാ പരിമിതിയുള്ള അധ്യാപകൻ ക്‌ളാസെടുക്കവേ വിദ്യാർഥികൾ അലസമായിരിക്കുകയും മുറിയിൽ കൂടി നടക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യം ഇന്നലെയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് അധ്യാപകനെ അവഹേളിച്ചതിൽ മുഹമ്മദ് ഫാസിൽ ഉൾപ്പടെ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. അതേസമയം, പുറത്തുവന്ന വീഡിയോ സങ്കടകരവും പ്രതിഷേധാർഹമാണെന്നും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ പ്രതികരിച്ചിരുന്നു.
Most Read| സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമോ? അന്തിമ തീരുമാനം നാളെ