മലപ്പുറം: മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ ഉയരുന്ന സാന്ത്വന സദനത്തിന്റെ നേർപകുതി ഭാഗം നിർമാണം നടത്താനുള്ള സാമ്പത്തിക സഹായം ചെയ്‌ത ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ സെൻട്രൽ കമ്മിറ്റി സാരഥികൾ പ്രവർത്തന പുരോഗതി വിലയിരുത്താൻ നേരിട്ടെത്തി.
ആലംബഹീനരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടർക്കും അഭയമേകാനായി എസ്‌വൈഎസ് നേതൃത്വത്തിൽ മൂന്നുകോടിയിലധികം രൂപമുടക്കി നിർമിക്കുന്ന ആശ്വാസ കേന്ദ്രമാണ് സാന്ത്വന സദനം. ഇതിന്റെ പ്രാഥമിക ഘട്ടത്തിൽ നടന്ന ‘സാന്ത്വന സദനം’ എന്ത്, എന്തിന് എന്ന വിശദീകരണ കൺവൻഷനിൽ വച്ചാണ് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ജിദ്ദ ഐസിഎഫ് നേതാക്കൾ സാന്ത്വന സദനത്തിന്റെ പകുതിഭാഗം നിർമാണ ചെലവ് ഏറ്റെടുത്തത്.
തുടർന്ന് അതിവേഗം നിർമാണം ആരംഭിക്കുകയും വിവിധ ഘട്ടങ്ങളിലായി വാഗ്‌ദാനം ചെയ്‌ത സഹായം ജിദ്ദ ഐസിഎഫ് ലഭ്യമാക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം സദനത്തിലെത്തിയ ഐസിഎഫ് സാരഥികൾ നിർമാണ പുരോഗമനം വിലയിരുത്തുകയും അവസാന ഘഡു സാമ്പത്തിക സഹായം ഭാരവാഹികളെ ഏൽപിക്കുകയും ചെയ്‌തതായി പത്രകുറിപ്പിൽ സാന്ത്വന സദനം ഭാരവാഹികൾ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ സാന്ത്വന സേവന പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന പ്രവാസി ഘടകമാണ് ജിദ്ദ ഐസിഎഫ് സെൻട്രൽ കമ്മിറ്റി. ആലംബഹീനർക്ക് അത്താണിയായി മാറുന്ന, എക്കാലവും നിലനിൽക്കുന്ന ഒരു സാമൂഹിക ദൗത്യത്തിൽ ‘തങ്ങളുടെ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും വിഹിതം കൊണ്ട് സുപ്രധാന പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിലും അത് മനോഹരമായി നിർമ്മിച്ച് കണ്ടതിലും‘ ഐസിഎഫ് ജിദ്ദ നേതൃത്വം സന്തോഷവും സംതൃപ്‌തിയും അറിയിച്ചതായും സാന്ത്വന സദനം ഭാരവാഹികൾ വ്യക്‌തമാക്കി.
സയ്യിദ് ഹബീബ് കോയ തങ്ങൾ കോട്ടക്കൽ, ശാഫി മുസ്‌ലിയാർ, മജീദ് സഖാഫി എടവണ്ണ, ബശീർ ഹാജി നിരോൽപാലം, മുഹ്‌യുദ്ധീൻ കുട്ടി സഖാഫി കൊട്ടുക്കര തുടങ്ങിയവരാണ് സന്ദർശന സംഘത്തിൽ ഉണ്ടായത്. എസ്‌വൈഎസ് ജില്ലാ സാരഥികളും സംസ്‌ഥാന സെക്രട്ടറി എം അബൂബക്കർ മാസ്‌റ്റർ പടിക്കലും സന്ദർശന ചടങ്ങിൽ സംബന്ധിച്ചു.
Most Read: കോവിഡ് വാക്‌സിൻ സംഭരണം; ഡെൽഹിയിലും ഹൈദരാബാദിലും ക്രമീകരണങ്ങൾ ആരംഭിച്ചു