അൽഷിഫക്ക് ഉള്ളിൽ കടന്നു ദൗത്യം തുടങ്ങി ഇസ്രയേൽ സൈന്യം; പിന്തുണക്കില്ലെന്ന് യുഎസ്

ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാ താവളം ഉണ്ടെന്നാണ് ഇസ്രയേൽ സേനയുടെ വാദം. സൈനിക ടാങ്കുകളും നൂറോളം സൈനികരും ആശുപത്രിക്കുള്ളിൽ കടന്നതായാണ് വിവരം.

By Trainee Reporter, Malabar News
israel-hamas attack
Rep. Image
Ajwa Travels

ജറുസലേം: ഇസ്രയേൽ സൈന്യം, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫക്ക് ഉള്ളിൽ കടന്നു ദൗത്യം ആരംഭിച്ചതായി റിപ്പോർട്. ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാ താവളം ഉണ്ടെന്നാണ് ഇസ്രയേൽ സേനയുടെ വാദം. സൈനിക ടാങ്കുകളും നൂറോളം സൈനികരും ആശുപത്രിക്കുള്ളിൽ കടന്നതായാണ് വിവരം.

പ്രധാന പ്രവേശന കവാടത്തിലൂടെയാണ് സൈന്യം ഉള്ളിൽ കടന്നതെന്നും, ‘ആരും അനങ്ങരുതെന്ന്’ അറബിയിൽ പറഞ്ഞുകൊണ്ടായിരുന്നു സൈനിക നീക്കമെന്നും സാക്ഷിമൊഴികളുണ്ട്. ആശുപത്രിക്കുള്ളിലെ സൈനിക പ്രവർത്തനങ്ങൾ 12 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണമെന്ന് ഗാസയിലെ അധികാരികളെ അറിയിച്ചതായി ഇസ്രയേൽ പ്രതിരോധ സേന വ്യക്‌തമാക്കി.

ആശുപത്രിക്കുള്ളിലെ ഹമാസ് സംഘത്തിനോട് കീഴടങ്ങാനും സേന ആവശ്യപ്പെട്ടിട്ടുണ്ട്. നീക്കം ഇസ്രയേലിനെതിരെ അന്താരാഷ്‌ട്ര വിമർശനങ്ങൾക്ക്‌ വഴിവെക്കുമെന്നാണ് കരുതുന്നത്. സൈന്യം ദിവസങ്ങളായി ആശുപത്രിയുടെ കവാടങ്ങളിൽ നിലയുറപ്പിച്ചിരിക്കുക ആയിരുന്നു. രോഗികളും ജീവനക്കാരും വീട് നഷ്‌ടപ്പെട്ടു അഭയം തേടിയവരുമായി പതിനായിരത്തോളം പേർ ഇപ്പോഴും അൽഷിഫയിൽ ഉണ്ടെന്ന് ഐക്യരാഷ്‌ട്രസഭ വ്യക്‌തമാക്കുന്നു.

അതിനിടെ, ആശുപത്രിയിൽ കയറി വലിയ അതിക്രമം കാണിക്കരുതെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രിക്ക് എതിരായ വ്യോമാക്രമണത്തെ തങ്ങൾ പിന്തുണക്കുന്നില്ലെന്ന് ബൈഡന്റെ പ്രസ്‌താവനക്ക് പിന്നാലെ വൈറ്റ് ഹൗസ് വക്‌താവും പ്രതികരിച്ചിട്ടുണ്ട്.

ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്‌സും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, പ്രവർത്തനം നിലച്ച അൽഷിഫ ആശുപത്രിയിൽ 179 പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ ആശുപത്രി വളപ്പിൽ വലിയ കുഴികുത്തി ഒന്നിച്ചു അടക്കുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്. ‘മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ ഞങ്ങൾ നിർബന്ധിതരായി’ എന്നാണ് ഡോ. മുഹമ്മദ് അബു സൽമിയ രാജ്യാന്തര മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ഇസ്രയേലിന്റെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്‌കരിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്‌ഥയിലാണ്‌ ഗാസയിലെ ആശുപത്രികളെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ആശുപത്രിക്കുള്ളിൽ കുമിഞ്ഞു കൂടുന്ന മെഡിക്കൽ വേസ്‌റ്റുകൾ കൈകാര്യം ചെയ്യാൻ മാർഗമില്ലെന്നും മൃതദേഹങ്ങൾ അഴുകി തുടങ്ങിയതോടെ ആശുപത്രിയിൽ രൂക്ഷ ഗന്ധമാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മെഡിക്കൽ ഉപകരണങ്ങളുടെ അഭാവം മൂലം നിരവധി പേരാണ് അനസ്‌തേഷ്യ നൽകാതെ ശസ്‌ത്രക്രിയക്ക്‌ വിധേയരാകേണ്ടി വരുന്നതെന്ന് ഓർത്തോപീഡിക് സർജൻ ഫദൽ നയീം പറഞ്ഞു. അനസ്‌തേഷ്യ നൽകാതെ ശസ്‌ത്രക്രിയക്ക്‌ വിധേയരാവേണ്ടി വരുന്നത് അത്യന്തം വേദനാജനകമാണെന്നും മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ ഇതുവരെ 11,240 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 4630 കുട്ടികളും 3130 സ്‌ത്രീകളുമാണ്.

Most Read| 63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ്’ സ്വന്തമാക്കി മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE